Connect with us

Sports

മെയ്‌വെതര്‍ ഇടി നിര്‍ത്തി; അജയ്യനായി

Published

|

Last Updated

ലാസ്‌വെഗാസ്: ഇടിക്കൂട്ടിലെ സിംഹക്കുട്ടിയായ, അമേരിക്കയുടെ ഫ്‌ലോയ്ഡ് മെയ്‌വെതര്‍ വിരമിച്ചു. അജയ്യനായി. കരിയറിലെ അവസാന മത്സരത്തില്‍ നാട്ടുകാരന്‍കൂടിയായ ആന്ദ്രെ ബെര്‍ട്ടോയെ തോല്‍പ്പിച്ച് ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനായാണ് മെയ്‌വെതര്‍ വിരമിച്ചത്. തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായി മെയ്‌വെതര്‍ മത്സരശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരാജയമറിയാതെ 49 മത്സരങ്ങളെന്ന അമേരിക്കയുടെ ഇതിഹാസ താരം റോക്കി മാര്‍സിയാനോയുടെ റെക്കോര്‍ഡിനൊപ്പവും മെയ്‌വെതര്‍ എത്തി.
മത്സരത്തില്‍ മൂന്ന് ജഡ്ജസും മെയ്‌വെതറിന് അനുകൂലമായി വിധിയെഴുതി. ഈ കഴിഞ്ഞ മെയ് മൂന്നിന് ബോക്‌സിംഗ് റിംഗിലെ നൂറ്റാണ്ടിന്റെ പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പാക്വിയാവോയെ തോല്‍പ്പിച്ച് മെയ്‌വെതര്‍ ലോക വെല്‍ട്ടര്‍വെയ്റ്റ് കിരീടം ചൂടിയിരുന്നു. എന്നാല്‍ ബോക്‌സിംഗ് അസോസിയേഷന്റെ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ മെയ്‌വെതറില്‍നിന്ന് കിരീടം തിരിച്ചെടുക്കുകയുമുണ്ടായി.
അവസാന മത്സരത്തില്‍ ആന്ദ്രേ ബെര്‍ട്ടോയെ മെയ്‌വെതര്‍ തിരഞ്ഞെടുത്തത് ജയമുറപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എതായാലും 1996ലെ അത്‌ലാന്റ ഒളിമ്പിക്‌സ് മുതല്‍ ഇടിതുടങ്ങിയ മെയ്‌വെതറിനെ തോല്‍പ്പിക്കുകയെന്നത് എതിരാളികളുടെ സ്വപ്‌നം മാത്രമായി അവശേഷിച്ചു. അഞ്ച് വിഭാഗങ്ങളിലായി 12 ലോക കിരീടങ്ങള്‍ ഈ 38 കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബോക്‌സിംഗ് റിംഗില്‍ 19 വര്‍ഷം അപരാജിതനായി തുടര്‍ന്ന മെയ്‌വെതര്‍ എക്കാലത്തേയും മികച്ച ബോക്‌സര്‍ താന്‍ തന്നെയെന്ന അവകാശവാദം അടിവരയിട്ടുകൊണ്ടാണ് വിരമിക്കുന്നത്. താന്‍ തന്നെയാണു ലോകത്തിലെ മികച്ച താരമെന്നും വിരമിക്കല്‍ തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നും മത്സരശേഷം മെയ്‌വെതര്‍ പറഞ്ഞു.
എന്നും വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു മെയ്‌വെതറുടെ കരിയര്‍. പാക്വിയാവോക്കെതിരായ മത്സരത്തിന് മുമ്പ് നിരോധിത മരുന്നടിച്ചു എന്ന വിവാദങ്ങള്‍ക്കിടെയായിരുന്നു അവസാന മത്സരം. ധൂര്‍ത്തടിച്ച് ജീവിക്കുന്നതില്‍ ലഹരി കാണുന്ന മെയ്‌വെതറിന് റേസിംഗ് കാറിനോടും ബൈക്കിനോടും ആഢംബര നൗകകളോടും വിമാനങ്ങളോടുമെല്ലാമുള്ള കമ്പം പ്രസിദ്ധമാണ്.

---- facebook comment plugin here -----

Latest