കുഡ്‌ലു ബേങ്ക് കവര്‍ച്ച: അന്വേഷണം മുംബൈയിലേക്കും ബംഗളൂരുവിലേക്കും വ്യാപിപ്പിച്ചു

Posted on: September 14, 2015 12:10 am | Last updated: September 14, 2015 at 12:36 am

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബേങ്കില്‍ നിന്ന് അഞ്ചര കോടിയുടെ സ്വര്‍ണാഭരണങ്ങളും 12 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ പോലീസ് അന്വേഷണം മുംബൈയിലേക്കും വ്യാപിപ്പിച്ചു. കവര്‍ച്ചയുടെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്നയാള്‍ മുംബൈയിലേക്ക് രക്ഷപ്പെട്ടതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്. ഇയാള്‍ അവിടെ നിന്നും ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം മുംബൈയിലെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. പ്രതിയെ പിടികൂടാനായി മുംബൈ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, കുഡ്‌ലു ബേങ്ക് കൊള്ളയടിച്ച പ്രതികളെ പോലീസ് തിരിച്ചറിഞ്ഞുവെന്ന വിവരത്തെ തുടര്‍ന്ന് മുംബൈയിലേക്ക് രക്ഷപ്പെട്ട ആളുടേതെന്ന് സംശയിക്കുന്ന കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സിയാസ് കാര്‍ ആണ് ഉപ്പള-കൈക്കമ്പ ദേശീയപാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഏതാനും ദിവസമായി ഡോര്‍ ലോക്ക് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. സംശയം തോന്നിയ ചിലര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി കാര്‍ കസ്റ്റഡിയിലെടുത്തു. കുഡ്‌ലു ബേങ്ക് കൊള്ള കേസില്‍ പോലീസ് തിരയുന്ന ആളുടേതായിരിക്കാം കാര്‍ എന്ന നിഗമനത്തിലാണ് പോലീസ്. ബേങ്ക് കവര്‍ച്ചാ കേസില്‍ പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി കാര്‍ കൈക്കമ്പയില്‍ ഉപേക്ഷിച്ച ശേഷം ഏതെങ്കിലും വാഹനത്തില്‍ മംഗലാപുരത്തേക്കും അവിടെ നിന്ന് മുംബൈയിലേക്കും കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ബേങ്ക് കൊള്ളയില്‍ നേരിട്ട് ബന്ധമുള്ള അഞ്ച് പേര്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയാണ്. ഇവരില്‍ ഒരാള്‍ മുംബൈയിലും മറ്റു നാല് പേര്‍ രണ്ട് സംഘങ്ങളായി ബംഗളൂരുവിലും ഉള്ളതായാണ് പോലീസ് കരുതുന്നത്. ഇവരെ പിടികൂടുന്നതിനായി അന്വേഷണ സംഘം ബംഗളൂരുവില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.