Connect with us

Kerala

മൂന്നാര്‍ സമരത്തിന് പിന്തുണയുമായി വി എസ് എത്തി

Published

|

Last Updated

മൂന്നാര്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാറില്‍ സമരഭൂമിയിലിറങ്ങിയ തോട്ടം തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്ന് വി എസ് എത്തി. മൂന്നാറിന്റെ മക്കളേ വണക്കം എന്ന് തമിഴില്‍ അഭിസംബോധന ചെയ്ത് വി എസ് അവര്‍ക്കിടയിലൊരാളായപ്പോള്‍ സമരപ്പന്തലില്‍ ആവേശത്തിരയിളക്കം. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പ്രതിപക്ഷ നേതാവ് മൂന്നാറില്‍ എത്തിയത്. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ ക്ഷമ പരീക്ഷിക്കാതെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളില്‍ തീരുമാനമെടുക്കും വരെ താന്‍ സമരക്കാരോടൊപ്പം നില്‍ക്കുമെന്നും വി എസ് പ്രഖ്യാപിച്ചു.

തൊഴിലാളികളെ വഞ്ചിക്കുന്ന തട്ടിപ്പ് കമ്പനിയാണ് കണ്ണന്‍ ദേവനെന്ന് വി എസ് പറഞ്ഞു. കണ്ണന്‍ ദേവന്‍ ഉത്പാദിപ്പിക്കുന്ന തേയിലയുടെ ഭൂരിഭാഗവും വില്‍ക്കുന്നത് ടാറ്റക്കാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് സമരം ചെയ്യുന്നത്. പത്ത് ശതമാനം വര്‍ധനവ് മാത്രമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. മുവായിരം രൂപക്ക് താഴെ മാത്രമേ ഇത് വരൂ. സാധാരണ തൊഴിലാളികള്‍ പോലും 700-800 രൂപ കൂലി വാങ്ങുമ്പോള്‍ ഇവിടുത്തെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് വെറും 238 രൂപയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനി തയ്യാറാകണമെന്നും വി എസ് പറഞ്ഞു.

വി എസിന് വന്‍ സ്വീകരണമാണ് മൂന്നാറില്‍ ലഭിച്ചത്. വി എസിനെതിരെ പ്രതിഷേധവുമായി ആരും രംഗത്ത് വന്നില്ല. വി എസിന്റെ ഓരോ വാക്കുള്‍ക്കും കരഘോഷം മുഴക്കി അവര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവില്‍ തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കുന്നതു വരെ ഞാന്‍ ഈ സമരക്കാര്‍ക്കൊപ്പം ഇരിക്കുന്നതാണ്..ഇരിക്കുന്നതാണ്..ഇരിക്കുന്നതാണ്…. എന്നു പ്രഖ്യാപിച്ച് വി എസ് പ്രസംഗം അവസാനിപ്പിച്ചു.