ഉള്ളിന്റെയുള്ളില്‍ നിതീഷിന് മോദിഭയം

Posted on: September 13, 2015 3:10 am | Last updated: September 13, 2015 at 12:11 am

bihar electionപാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തുന്ന തന്ത്രങ്ങളിലൂടെ സംസ്ഥാന നിയമസഭയില്‍ നുഴഞ്ഞുകയറാനുള്ള ബി ജെ പിയുടെ നീക്കത്തെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് ജെ ഡി യു. ഏറ്റവും പിന്നാക്ക വിഭാഗക്കാരില്‍ നിന്ന് ആവോളം പിന്തുണ ലഭിക്കാറുള്ള നിതീഷ് കുമാറിന്റെ പാര്‍ട്ടി പക്ഷേ, എന്‍ ഡി എയുടെ തന്ത്രങ്ങളില്‍ രഹസ്യമായി ആശങ്കപ്പെടുകയാണിപ്പോള്‍. ഭൂമിഹാര്‍ വിഭാഗത്തിന്റെ പിന്തുണ ബി ജെ പിക്ക് അനുകൂലമാകുമ്പോള്‍ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണകൊണ്ട് അത് മറികടക്കാനാകുമോ എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ യാദവ വിഭാഗത്തെയും മറ്റുള്ള അതി പിന്നാക്ക വിഭാഗങ്ങളെയും ഒരുമിപ്പിക്കേണ്ടതുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജെ ഡി യുവിന്റെ തിരഞ്ഞെടുപ്പ് മാനേജര്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ ജെ ഡി യുവും ആര്‍ ജെ ഡിയും എഴുപതോളം സീറ്റുകളില്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഇത്തവണ ഇരു പാര്‍ട്ടികളും ഒരേ മുന്നണിയില്‍ നിന്ന് മത്സരിക്കുമ്പോള്‍ മറ്റൊരു ഭീഷണിയാണ് അവര്‍ നേരിടാന്‍ പോകുന്നത്. മറ്റൊന്നുമല്ല, വിമതരുടെ ഭീഷണി തന്നെയാണത്. സ്ഥാനം നഷ്ടമായേക്കുന്നവരുടെ പട തന്നെ വിമതവേഷത്തില്‍ മത്സരത്തിനെത്തുമെന്ന് ഇരു പാര്‍ട്ടികളും ഭയക്കുന്നുണ്ട്.
സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുക എന്നതാണ് നിതീഷ് കുമാര്‍ നേരിട്ട മറ്റൊരു വെല്ലുവിളി. ആര്‍ ജെ ഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മുന്നണിയില്‍ അക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പക്ഷേ, ജനത പരിവാര്‍ എന്ന പ്രതീക്ഷക്ക് തിരിച്ചടിയാണ് ബീഹാര്‍ തിരഞ്ഞെടുപ്പോടെ ഉണ്ടാകുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ജനതപരിവാര്‍ പ്രഖ്യാപിക്കരുതെന്ന് നേരത്തെ പറഞ്ഞിരുന്ന സമാജ് വാദി പാര്‍ട്ടി, ബീഹാറിലെ മഹാസഖ്യത്തില്‍ നിന്ന് അവര്‍ പിന്മാറുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച നിതീഷ്, നരേന്ദ്ര മോദി പയറ്റിയ പ്രചാരണ തന്ത്രങ്ങള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്. മോദിയുടെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുമ നല്‍കിയ പ്രശാന്ത് കിഷോറിന്റെ ഉപദേശാനുസരണമാണ് ഇത്തവണ നിതീഷ് ഇറങ്ങുന്നത്. പര്‍ച്ചാ പര്‍ ചര്‍ച്ച (ലഘുലേഖകള്‍ വിതരണം ചെയ്തുള്ള പ്രചാരണം), ഹര്‍ ഘര്‍ ദസ്തക് (ഗൃഹ സന്ദര്‍ശനം) എന്നീ തന്ത്രങ്ങള്‍ നേരത്തേ തന്നെ അദ്ദേഹം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ബി ജെ പിയെ അപേക്ഷിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്നാഹമൊരുക്കാന്‍ ജെ ഡി യുവിന് അത്രയൊന്നും കെല്‍പ്പില്ല എന്നതു തന്നെയാണത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും എടുത്തുകാട്ടാവുന്ന അധികം നേതൃമുഖങ്ങള്‍ ജെ ഡി യുവിനില്ല. പ്രചാരണങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനുള്ളത്രയും പ്രവര്‍ത്തക ബലവും അവര്‍ക്കില്ല. 45ഓളം മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരപ്രദേശങ്ങളിലാണ് ഇപ്പോള്‍ ജെ ഡി യു പ്രചാരണപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കിയത്. ഇവിടങ്ങളില്‍ ബി ജെ പി തൂത്തുവാരുമെന്ന ഭയമാണ് തീരുമാനത്തിന് പിന്നിലെന്ന് സംസാരമുണ്ട്.