ഇടത് നേതാക്കള്‍ക്കും കാര്യമായ ഇടപെടല്‍ നടത്താനാകാതെ മൂന്നാര്‍ സമരം

Posted on: September 13, 2015 3:53 am | Last updated: September 12, 2015 at 11:54 pm

Munnar.1pngതൊടുപുഴ: കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ക്കും കാര്യമായ ഇടപെടല്‍ നടത്താനാകാതെ മൂന്നാറിലെ തൊഴിലാളി പ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ നട്ടെല്ലായ മൂന്നാറിനെ നിശ്ചലമാക്കി 5000 ത്തോളം വരുന്ന സ്ത്രീ തൊഴിലാളികള്‍ അടങ്ങുന്ന പ്രക്ഷോഭകര്‍ അചഞ്ചലരായി നിലകൊളളുന്നു. സമരം ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം എല്‍ എയും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ എസ് രാജേന്ദ്രന്‍ ആരംഭിച്ച നിരാഹാര സമരത്തോടും അവര്‍ മുഖം തിരിച്ചു. സി പി എം സംസ്ഥാന സെക്രേട്ടറിയറ്റംഗം പി കെ ശ്രീമതി എം പി സമരവേദിയില്‍ ഇരുന്നത് തൊഴിലാളികള്‍ തടഞ്ഞു. ടാറ്റാ കമ്പനിയില്‍ നിന്ന് വീടടക്കമുളള ആനുകൂല്യം കൈപ്പറ്റിയ 150 നേതാക്കളുടെ പേരുകള്‍ ഇന്നലെ സമരക്കാര്‍ പുറത്തുവിട്ടു. ഇതില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എയും മുന്‍ എം എല്‍ എയും കെ പി സി സി വൈസ് പ്രസിഡന്റുമായ എ കെ മണിയും ഉള്‍പ്പെടും. സി പി ഐ നേതാവ് ഇ എസ് ബിജിമോള്‍ എം എല്‍ എയോട് മാത്രമാണ് തൊഴിലാളികള്‍ അല്‍പ്പമെങ്കിലും മമത കാണിക്കുന്നത്. ജോയ്‌സ് ജോര്‍ജ് എം പിയെ ആദ്യം എതിര്‍ത്ത സമരക്കാര്‍ പിന്നീട് സംസാരിക്കാന്‍ തയ്യാറായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്ന് സമരക്കാരെ അഭിസംബോധന ചെയ്യാനെത്തും. അതേ സമയം കോണ്‍ഗ്രസ് നേതാക്കളാരും മൂന്നാറിലേക്ക് കടക്കാന്‍ ധൈര്യം കാണിക്കുന്നുമില്ല. ഇന്നലെ വൈകീട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ മൂന്നാറില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രക്ഷോഭത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. അതിനിടെ ആനുകൂല്യം വര്‍ധിപ്പിക്കാനാകില്ലെന്ന നിലപാടില്‍ കണ്ണന്‍ദേവന്‍ കമ്പനി ഉറച്ചു നില്‍ക്കുകയാണ്. ലോക്കൗട്ട് പ്രഖ്യാപിച്ച് തൊഴിലാളികളെ വരുതിയിലാക്കാനും മാനേജുമെന്റിന് ആലോചനയുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവും എഴുത്തുകാരിയുമായ സാറാ ജോസഫ് സമരത്തിന് ഐകൃദാര്‍ഢ്യവുമായെത്തി.
രാവിലെ 10 ഓടെയാണ് എസ് രാജേന്ദ്രന്‍ എം എല്‍ എ നിരാഹാര സമരം തുടങ്ങിയത്. എംഎല്‍ എയുടെ സമരപ്പന്തലിനു മുന്നിലൂടെ കടന്നു പോയ തോട്ടം തൊഴിലാളികള്‍ എം എല്‍ എക്കെതിരെ മുദ്രാവാക്യം വിളിച്ചു.
ഒരു മണിയോടെ കോടിയേരി ബാലകൃഷ്ണന്‍ വരുന്നതിന് തൊട്ടു മുമ്പാണ് പി കെ ശ്രീമതി സമരസ്ഥലത്തെത്തിയത്. അവര്‍ക്കൊപ്പം ഇരുന്ന ശ്രീമതിയോട് ഇറങ്ങിപ്പോകാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന ബിജിമോള്‍ സമരക്കാരെ സാന്ത്വനിപ്പിച്ചു. അതിന് പിന്നാലെയാണ് കെ കെ ശൈലജ എം എല്‍ എ, എം സി ജോസഫൈന്‍ എന്നിവര്‍ക്കൊപ്പം കോടിയേരി എത്തിയത്. പൊതുവേ തണുത്തതായിരുന്നു സമരക്കാരുടെ പ്രതികരണം. കോര്‍പറേറ്റ് – സര്‍ക്കാര്‍ ഒത്തുകളിയാണ് തൊഴിലാളികളെ സമരത്തിലേക്ക് തളളിവിട്ടതെന്ന് പറഞ്ഞാണ് കോടിയേരി പ്രസംഗം ആരംഭിച്ചത്. മൂന്ന് സെന്റ് വീതം ഭൂമി നിങ്ങള്‍ക്ക് തരാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം കേള്‍ക്കരുത്. 10 സെന്റ് സ്ഥലമെങ്കിലും തൊഴിലാളികള്‍ക്ക് നല്‍കണം. ഈ സമരം സി പി എം ഏറ്റെടുക്കുമെന്ന് കോടിയേരി പറഞ്ഞു.