Connect with us

Articles

വാഗ്ദത്ത ഭൂമിയിലേക്കുള്ള ദൂരം

Published

|

Last Updated

മനുഷ്യത്വപരമായ വേവലാതികള്‍ക്കുള്ള ശമനൗഷധമായി മാറും ചിലപ്പോള്‍ ചില സംഭവങ്ങള്‍. അത്തരമൊരു സമാശ്വാസത്തിന്റെ ഇത്തിരി വെളിച്ചമാണ് അഭയാര്‍ഥി പ്രവാഹത്തിന്റെ വേദനകള്‍ക്കിടയില്‍ കാണാനാകുന്നത്. അയ്‌ലാന്‍ കുര്‍ദിയെന്ന പിഞ്ചു കുഞ്ഞ് മണലില്‍ മുഖം പൂഴ്ത്തി ഉറങ്ങുന്നത് പോലെ മരിച്ച് കിടക്കുന്ന ഒറ്റച്ചിത്രം ലോക മനഃസാക്ഷിയെ അത്രമേല്‍ അര്‍ഥപൂര്‍ണമായി പിടിച്ചുലച്ചിരിക്കുന്നു. നാപാം ബോംബിന്റെ അഗ്നി ഗോളത്തില്‍ നിന്ന് നഗ്നയായി നിലവിളിച്ചോടിയ വിയറ്റ്‌നാം ബാലിക ഉയര്‍ത്തിയ യുദ്ധവിരുദ്ധ അവബോധത്തേക്കാള്‍ ശക്തിമത്താണ് അയ്‌ലാന്‍ കുര്‍ദിയുടെ നിശ്ശബ്ദ മരണം. ഇസിലും സര്‍ക്കാര്‍ സേനയും പിന്നെ പേരുള്ളതും ഇല്ലാത്തതുമായ സായുധ ഗ്രൂപ്പുകളും സാമ്രാജ്യത്വ കുതന്ത്രങ്ങളും വംശീയതയും ചേര്‍ന്ന് തരിപ്പണമാക്കിയ സിറിയയിലെ കൊബാനി പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്തതായിരുന്നു അബ്ദുല്ല കുര്‍ദിയുടെ കുടുംബം. മധ്യധരണ്യാഴി വഴി ജീവന്‍ പണയം വെച്ചുള്ള യാത്രക്കൊടുവില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് ചെന്നെത്താമെന്നും അവിടുത്തെ വിസാരഹിത സംവിധാനമുപയോഗിച്ച് പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്നുമായിരുന്നു മറ്റ് അഭയാര്‍ഥി സംഘങ്ങളെപ്പോലെ അബ്ദുല്ലയുടെ കുടുംബത്തിന്റെയും പ്രതീക്ഷ. പക്ഷേ, ആ പ്രതീക്ഷകള്‍ കടലെടുത്തു പോയി. അയ്‌ലാന്‍, ജ്യേഷ്ഠന്‍ ഗാലിബ്, മാതാവ് റെഹാന്‍ അങ്ങനെ 12 പേരുടെ മയ്യിത്ത് നിരനിരയായി തീരത്ത് കിടന്നു. അതില്‍ അയ്‌ലാന്റെ ശാശ്വതമായ ഉറക്കച്ചിത്രം ദുഗാന്‍ വാര്‍ത്താ ഏജന്‍സിയുടെ ലേഖികയും ഫോട്ടോഗ്രാഫറുമായ നിലൂഫര്‍ ഡെമിറിന്റെ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ ലോകം ആ ഫ്രയിമിലേക്ക് ആവാഹിക്കപ്പെട്ടു. മനുഷ്യത്വം അസ്തമിക്കുകയല്ല, മേഘങ്ങളാല്‍ മറയ്ക്കപ്പെടുക മാത്രമാണെന്നും ഇത്തിരി കണ്ണീര്‍ തൂകിയാല്‍ മതി അത് ഒരു നിറകണ്‍ ചിരിയോടെ പുറത്ത് വരുമെന്നും ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടത് അങ്ങനെയാണ്.
അതിര്‍ത്തികളിലും തീരങ്ങളിലും വേലി കെട്ടി കാവല്‍ക്കാരെ നിര്‍ത്തി തോക്കു ചൂണ്ടി അഭയാര്‍ഥികളെ ആട്ടിയോടിക്കാന്‍ മുതിര്‍ന്ന യൂറോപ്പിന്റെ മനസ്സലിഞ്ഞു. ചട്ടങ്ങള്‍ പലതും വഴി മാറി. ഹംഗറിയെയും ന്യൂസിലാന്‍ഡിനെയും പോലുള്ള മുരടന്‍ രാജ്യങ്ങള്‍ക്ക് മാത്രമേ അയ്‌ലാന്‍ കുര്‍ദിയുടെ മരണമുയര്‍ത്തിയ വികാരത്തിരയെ പ്രതിരോധിക്കാനായുള്ളൂ. യൂറോപ്യന്‍ യൂനിയനിലെ 28 അംഗരാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആഹ്വാനവുമായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹോലന്‍ഡും രംഗത്തെത്തി. ജര്‍മനിയുടെ സാമ്പത്തിക ശേഷി അഭയാര്‍ഥികള്‍ക്കായി വിനിയോഗിക്കുമെന്നാണ് അവിടുത്തെ ധനകാര്യ മന്ത്രി പ്രഖ്യാപിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ രണ്ട് ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് യു എന്‍ ആഹ്വാനം ചെയ്തു. ഇടഞ്ഞു നിന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും വഴങ്ങി. മുസ്‌ലിംകളെ സ്വീകരിക്കില്ലെന്ന് ആക്രോശിച്ച് ക്രിസ്ത്യന്‍ വലതുപക്ഷ രാഷ്ട്രമായി അധഃപതിച്ച ഹംഗറിയില്‍ നിന്ന് തിരിച്ചയക്കപ്പെട്ടവര്‍ക്ക് ഓസ്ട്രിയ അഭയം നല്‍കി. ജര്‍മനിയിലേക്കുള്ള വഴിയായി ആ രാജ്യം പരിണമിച്ചു. അഭയാര്‍ഥികളെ കാലു കൊണ്ട്‌തൊഴിക്കുന്ന പത്രപ്രവര്‍ത്തകയെ ലോകം മുഴുവന്‍ ഒരായിരം തവണ ചെരിപ്പു കൊണ്ടടിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കാനായി കുടിയേറ്റ നിയമങ്ങള്‍ അടിമുടി പരിഷ്‌കരിക്കണമെന്ന് യു എസ് സെനറ്റര്‍മാരുടെ ഒരു സംഘം പ്രസിഡന്റ് ഒബാമയോട് ആവശ്യപ്പെട്ടു. അഭയാര്‍ഥികളെ സ്വീകരിക്കുന്ന ഊഷ്മളമായ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. അയ്‌ലാന്‍ കുര്‍ദിക്ക് വികാരോജ്ജ്വലമായ ആദരാഞ്ജലി.
അഭയാര്‍ഥി പ്രവാഹവും അതുയര്‍ത്തുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളും പുതിയ കാര്യമല്ല. അത് സിറിയയില്‍ നിന്ന് മാത്രമുള്ളതുമല്ല. ആഗോള പ്രതിസന്ധി തന്നെയാണ് അത്. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച പ്രവാഹത്തെക്കാള്‍ രൂക്ഷമാണ് വര്‍ത്തമാന കാലം അനുഭവിക്കുന്ന പലായനങ്ങള്‍. പലയിടങ്ങളില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് മനുഷ്യര്‍ അപകടകരമായ പലായനങ്ങള്‍ക്ക് മുതിരുന്നു. മ്യാന്‍മറില്‍ നിന്ന് ബുദ്ധ തീവ്രവാദികളുടെ ക്രൂരമായ അടിച്ചമര്‍ത്തല്‍ ഭയന്ന് വെറും തോണിയില്‍ കടലിലേക്കിറങ്ങുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പലായനം ഇന്നും തുടരുകയാണ്. സോമാലിയ, എരിത്രിയ, നൈജീരിയ, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയാര്‍ഥി പ്രവാഹം ശക്തമാണ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മധ്യഅമേരിക്കയിലെ ചില രാജ്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം പുറപ്പാടുകള്‍ നടക്കുന്നു. ദാരിദ്ര്യം, യുദ്ധം, വംശീയത, ആഭ്യന്തര സംഘര്‍ഷം, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, മതവിവേചനം എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ കാരണങ്ങളെ നിരത്താവുന്നതാണ്. ഈ കാരണങ്ങള്‍ തികച്ചും വ്യത്യസ്തമായ അളവിവും വ്യാപ്തിയിലുമാണ് ഓരോയിടത്തും അനുഭവപ്പെടുന്നത്. ~ഒരു സുരക്ഷയില്ലാതെ, ചെറുബോട്ടുകളിലും വള്ളങ്ങളിലും മെഡിറ്ററേനിയന്‍ കടല്‍കടന്ന് മൂന്നുലക്ഷത്തിലേറെപ്പേരാണ് ഇക്കൊല്ലം യൂറോപ്പിലെത്തിയത്. ഇവരില്‍ രണ്ടായിരത്തഞ്ഞൂറോളം പേര്‍ ബോട്ടുമുങ്ങിയും കടലില്‍ വീണും മരിച്ചു. 2014 മെയില്‍ കടല്‍ വഴി യൂറോപ്പിലെത്തിയത് 16,630 പേരായിരുന്നു. 2015 മെയില്‍ ഇത് 40,340 പേരാണ്. 2014 ജൂണില്‍ ഇത് 26,220 ആയിരുന്നു. ഈ വര്‍ഷം ഇതേ സമയത്ത് 43,460 പേരായി അത് കുതിച്ചുയര്‍ന്നു. യു എന്‍ അഭയര്‍ഥി വിഭാഗം പുറത്തു വിട്ട് കണക്കുകളാണ് ഇത്.
ഇത്തവണത്തെ ഈ പ്രവാഹത്തിന്റെ 35 ശതമാനവും സിറിയയില്‍ നിന്നാണെന്നും യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സിറിയയിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം സങ്കീര്‍ണമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രവാഹം. 2011ലെ മുല്ലപ്പൂ വിപ്ലവമെന്ന് വിളിക്കപ്പെട്ട ഭരണമാറ്റ പരമ്പരകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയിലാണ് സിറിയയിലും ലിബിയയിലും അവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെ സായുധ കലാപം തുടങ്ങിയത്. ടുണീഷ്യയിലും ഈജിപ്തിലും പ്രക്ഷോഭം ജനാധിപത്യപരമായിരുന്നുവെങ്കില്‍ സിറിയയിലും ലിബിയയിലും തീവ്രവാദ ഗ്രൂപ്പുകള്‍ തന്നെയാണ് തുടക്കത്തിലേ രംഗത്തുണ്ടായിരുന്നത്. ബ്രദര്‍ഹുഡ് പോലുള്ള അക്രമാസാക്ത ഗ്രൂപ്പുകള്‍ തിരശ്ശീലക്ക് പിറകിലായിരുന്നു ടുണീഷ്യയിലും ഈജിപ്തിലും. ശിയാ അല്‍വൈറ്റ് വിഭാഗത്തില്‍പ്പെട്ട സിറിയന്‍ ഭരണാധികാരി ബശര്‍ അല്‍ അസദ് ഇറാനോടും ലബാനിനിലെ ഹിസ്ബുല്ലയോടും റഷ്യ, ചൈന തുടങ്ങിയ യു എസ് വിരുദ്ധ ചേരിയോടും കൃത്യമായ അനുഭാവം പുലര്‍ത്തി. ഈ ചായ്‌വ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയെ വലിയതോതില്‍ പ്രകോപിപ്പിച്ചു. സിറിയയില്‍ തുടങ്ങിയ അസദ് വിരുദ്ധ സായുധ മുന്നേറ്റത്തിന് അമേരിക്കയും കൂട്ടാളികളും പിന്തുണ പ്രഖ്യാപിച്ചത് ഈ അമര്‍ഷത്തിന്റെ തുടര്‍ച്ചയായാണ്. അന്നുസ്‌റ ഫ്രണ്ട്, അല്‍ ഖാഇദ, ബ്രദര്‍ഹുഡ് തുടങ്ങി സര്‍വഗ്രൂപ്പുകള്‍ക്കും അവര്‍ ആയുധവും അര്‍ഥവും നല്‍കി. ഒരു ഘട്ടത്തില്‍ നേരിട്ട് സൈനിക ഇടപെടലിന് തയ്യാറാവുകയും ചെയ്തു. റഷ്യയാണെങ്കില്‍ അസദിനെ കൈയയച്ച് സഹായിച്ചു കൊണ്ടിരുന്നു. വന്‍ ശക്തികള്‍ തമ്മിലുള്ള കിടമത്സരമാണ് സത്യത്തില്‍ സിറിയയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ബശര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പിടിവാശിയും അക്രമാസക്തതയും സിവിലിയന്മാര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളും കൂടിയാകുമ്പോള്‍ സിറിയ വാസയോഗ്യമല്ലാത്ത ഇടമായി മാറുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഇസില്‍ സംഘം നരനായാട്ട് തുടങ്ങിയതോടെ സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമായി. സാമ്ര്യാജ്യത്വ ശക്തികള്‍ക്ക് ഇപ്പോള്‍ അസദ് പ്രിയങ്കരനാണ്. ഇറാന്‍ സഖ്യരാഷ്ട്രമാണ്.
ഇപ്പോഴും അമേരിക്കന്‍ ആയുധങ്ങള്‍ സിറിയയില്‍ ഒഴുകുന്നു. റഷ്യയുടെയും. ദുരിതാശ്വാസ സാമഗ്രികള്‍ കയറ്റിയ വിമാനങ്ങളില്‍ പോലും ആയുധങ്ങള്‍ ഒളിച്ചു കടത്തുന്നു. ഇസില്‍ സംഘത്തെ പ്രതിരോധിക്കാനെന്ന പേരില്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും അമേരിക്ക ആയുധമെത്തിക്കുകയാണ്. സര്‍ക്കാര്‍ സൈന്യത്തിന്റെ ആയുധ പ്രയോഗം, ഇസില്‍ സംഘത്തിന്റെ കൊടും ക്രൂരത. അനവധി സായുധ ഗ്രൂപ്പുകളുടെ കുടിപ്പക. ഈ ആയുധങ്ങളെല്ലാം തീ തുപ്പുന്നത് സിറിയന്‍ ജനതയുടെ നെഞ്ചത്താണ്. നിന്ന നില്‍പ്പില്‍ തെരുവുകള്‍ ചാമ്പലാകുന്നു. വീടുകള്‍ വെറും ചാരമാകുന്നു. രാസായുധങ്ങള്‍, ബാരല്‍ ബോംബുകള്‍. ഉഗ്ര ശേഷിയുള്ള മിസൈലുകള്‍. ഈ ദുരിതങ്ങള്‍ക്ക് നടുവില്‍ നിന്നാണ് മനുഷ്യര്‍ തങ്ങളുടെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടി കടലിലേക്ക് ഇറങ്ങുന്നത്. വേണ്ടത്ര സുരക്ഷയില്ലാതെ, ചെറുബോട്ടുകളിലും വള്ളങ്ങളിലും മെഡിറ്ററേനിയന്‍ കടല്‍കടന്ന് മൂന്നുലക്ഷത്തിലേറെപ്പേരാണ് ഇക്കൊല്ലം യൂറോപ്പിലെത്തിയത്. ഇവരില്‍ രണ്ടായിരത്തഞ്ഞൂറോളം പേര്‍ ബോട്ടുമുങ്ങിയും കടലില്‍ വീണും മരിച്ചു. സിറിയയില്‍ അടുത്തൊന്നും സമാധാനം പുലരാന്‍ പോകുന്നില്ലെന്ന തിരിച്ചരിവാണ് ഈ മഹാപ്രവാഹത്തിന്റെ അടിസ്ഥാന കാരണം.
ജനസാന്ദ്രതക്കുറവും ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവുമാണ് യൂറോപ്യന്‍ രാജ്യങ്ങളെ അഭയാര്‍ഥികള്‍ക്ക് ആകര്‍ഷകമാക്കുന്നത്. സ്വന്തം രാജ്യത്തെയും അയല്‍ രാജ്യങ്ങളിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് ഇവരില്‍ പലരും പലായനം ചെയ്യുന്നത്. സിറിയക്കാരുടെ കാര്യമെടുത്താല്‍ ലബനാനിലും തുര്‍ക്കിയിലും ജോര്‍ദാനിലുമൊക്കെ അവര്‍ക്ക് വിശാലമായ അഭയാര്‍ഥി ക്യാമ്പുകള്‍ ഉണ്ട്. ഈ ക്യാമ്പുകളില്‍ കഴിയുകയെന്നത് ജയിലില്‍ കഴിയുന്നതിന് സമാനമാണ്. പരിമിതമായ ഭക്ഷണം. സ്വകാര്യത എന്നൊന്നില്ല. വിദ്യാഭ്യാസ സൗകര്യമില്ല. ജോലിയില്ല. കൂലിയില്ല. ആഭ്യന്തരമായ പലായനങ്ങള്‍ക്കൊടുവിലാണ് ഇവര്‍ ഇത്തരം ക്യാമ്പുകളില്‍ എത്താറുള്ളത്. ഇവിടെ നിന്ന് പരിചയപ്പെടുന്ന മനുഷ്യക്കടത്തുകാര്‍ക്ക് സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് നല്‍കിയാണ് ദേശാന്തര പലായനത്തിന്റെ ദുരിതത്തിലേക്ക് ഇവര്‍ ഇറങ്ങിത്തിരിക്കുന്നത്.
ഒരു കാലത്ത് ഇങ്ങനെ വന്നെത്തുന്ന അഭയാര്‍ഥികളെ സമ്പന്ന രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നത് അവരുടെ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുന്നതിനായിരുന്നു. ആളില്ലായ്മ അനുഭവിച്ചിരുന്ന ഈ രാജ്യങ്ങളിലെ തൊഴില്‍ ഘടനയിലേക്ക് ഈ അഭയാര്‍ഥികള്‍ സ്വാഭാവികമായി തുന്നിച്ചേര്‍ക്കപ്പെട്ടു. അന്ന് ക്രിസ്ത്യന്‍ മതനേതൃത്വം അതിനെ സ്വാഗതം ചെയ്തത് മതപരിവര്‍ത്തനത്തിന്റെ സാധ്യത മുന്നില്‍ക്കണ്ടായിരുന്നു. ഓരോ അഭയാര്‍ഥിയും ഓരോ ഉപഭോക്താവാണെന്ന സാമ്പത്തിക പാഠവും ഈ രാജ്യങ്ങള്‍ ഉള്‍ക്കൊണ്ടു. ഹിറ്റ്‌ലറുടെ വംശ ശുദ്ധീകരണ ഘട്ടത്തില്‍ ജൂതന്മാരെ യൂറോപ്പ് സ്വീകരിച്ചതും ഈ നിലയിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അഭയാര്‍ഥികളെ അവര്‍ സംശയത്തോടെയാണ് കാണുന്നത്. തീവ്രവാദികള്‍ നുഴഞ്ഞ് കയറുന്നുവെന്ന് യൂറോപ്പ് ഭയക്കുന്നു. അല്ലെങ്കില്‍ അത്തരമൊരു ഭയം സൃഷ്ടിക്കപ്പെടുന്നു. വംശശുദ്ധിയില്‍ അഭിരമിക്കുന്ന യൂറോപ്പാണ് ഇന്നുള്ളത്. യൂറോപ്യന്‍ യൂനിയന്‍ വന്ന ശേഷം തൊഴില്‍ ശേഷി ഇ യു രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായി ഒഴുകുന്നുമുണ്ട്. പുറത്തു നിന്നുള്ള ഒഴുക്ക് ഇ യുവിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് അവര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് അഭയാര്‍ഥികളോട് മനുഷ്യത്വരഹതിമായ സമീപനത്തിലേക്ക് യൂറോപ്പ് കൂപ്പു കുത്തുന്നത്. ഹംഗറിയിലും ന്യൂസിലാന്‍ഡിലും സ്വീഡനിലും മാത്രമല്ല ഈ ആട്ടിയോടിക്കല്‍ ഉള്ളത്. അയ്‌ലാന്‍ കുര്‍ദിയുടെ കണ്ണീര്‍ ചിത്രം വരും മുമ്പ് എല്ലാ പാശ്ചാത്യ രാജ്യങ്ങളുടെയും സമീപനം സമാനമായിരുന്നു. ഇ യു സൃഷ്ടിച്ചുവെച്ച നിയമങ്ങള്‍ പലതും അഭയാര്‍ഥി പ്രവാഹത്തിന് തടയിടാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഡബ്‌ളിന്‍ കണ്‍വെന്‍ഷനാണ് അതില്‍ പ്രധാനം. അതുപ്രകാരം ഏത് രാജ്യത്താണോ അഭയാര്‍ഥി ആദ്യമെത്തുന്നത് ആ രാജ്യം അവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണം. സിറിയയില്‍ നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന ഏറ്റവും സൗകര്യപ്രദമായ അതിര്‍ത്തി ഹംഗറിയുടെതാകയാലാണ് അവിടെ വന്‍തോതില്‍ അഭയാര്‍ഥികള്‍ ചെല്ലുന്നത്. അവിടെ തീവ്രവലതുപക്ഷ രാഷ്ട്രീയം ഉദിച്ചു നില്‍ക്കുന്നതിനാല്‍ ആട്ടിയോടിക്കല്‍ നടക്കുന്നു. ഡബ്‌ളില്‍ കണ്‍വെന്‍ഷന്‍ മറയാക്കി മറ്റുള്ളവരെല്ലാം കൈയൊഴിയുകയും ചെയ്യുന്നു. ഈ പതിവാണ് അയ്‌ലാന്‍ മാറ്റിവരച്ചത്.
എല്ലാ സമ്പന്നരാജ്യങ്ങളും അവരവരുടെ ശേഷിക്കനുസരിച്ച് അഭയാര്‍ഥികളെ സ്വീകരിക്കുകയും അറബ്/ ഗള്‍ഫ് രാജ്യങ്ങള്‍ അഭയാര്‍ഥി ഫണ്ടിലേക്ക് കൂടുതല്‍ തുക നല്‍കുകയും ചെയ്യുകയെന്നത് പ്രശ്‌നത്തിന്റെ പാര്‍ശ്വപരിഹാരം മാത്രമേ ആകുന്നുള്ളൂ. യഥാര്‍ഥ പരിഹാരം ഈ മനുഷ്യരുടെ മാതൃഭൂമിയില്‍ സമാധാനവും നിയമവാഴ്ചയും സാധ്യമാക്കുകയെന്നത് മാത്രമാണ്. അവിടെയാണ് ഇന്ന് അഭയാര്‍ഥികളെക്കൊണ്ട് പൊറുതിമുട്ടിയെന്ന് വിലപിക്കുന്ന പാശ്ചാത്യ ശക്തികളുടെ ഉത്തരവാദിത്വം പ്രസക്തമാകുന്നത്. ഈ മനുഷ്യരെ ഇങ്ങനെ നിരാലംബരും നിസ്സഹായരും അപമാനിതരുമാക്കിയത് ഈ വന്‍ശക്തികള്‍ തന്നെയല്ലേ? നിങ്ങളല്ലേ ഇറാഖിനെ അസ്ഥിരമാക്കിയത്? വംശീയ സ്പര്‍ധ ആളിക്കത്തിച്ചത്? നിങ്ങള്‍ അസ്ഥിരമാക്കിയ രാജ്യങ്ങളിലല്ലേ ഇസില്‍ സംഘം നിറഞ്ഞാടുന്നത്? നിങ്ങള്‍ വിതറിയ ആയുധമല്ലേ ഈ തീവ്രവാദികളെല്ലാം ഉപയോഗിക്കുന്നത്? ഇപ്പോള്‍ അങ്ങേയറ്റം സുരക്ഷിതമായി നില്‍ക്കുന്ന ഇറാനും ഈ കൂട്ടക്കുഴപ്പങ്ങളില്‍ വ്യക്തമായ പങ്കുണ്ട്. പക്ഷം പിടിച്ച എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.
പാശ്ചാത്യ മാധ്യമങ്ങള്‍ പലതും ഈ മനുഷ്യരെ കുടിയേറ്റക്കാര്‍ (മൈഗ്രന്റ്‌സ്) എന്നാണ് വിളിക്കുന്നത്. ചതിയാണത്. കുടിയേറ്റക്കാര്‍ എന്നത് സ്വന്തം ഇഷ്ടപ്രകാരം മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിപ്പോകുന്നവരാണ്. ഇവര്‍ അഭയാര്‍ഥികളാണ്- റഫ്യൂജീസ്. ഇവര്‍ സ്വന്തം മണ്ണില്‍ കാലൂന്നി നില്‍ക്കാന്‍ കൊതിച്ചവരാണ്. അതിന് ആവത് ശ്രമിച്ചവരാണ്. ഒരു നിലക്കും അതിജീവനം സാധ്യമല്ലാതെ വന്നപ്പോഴാണ് അവര്‍ പലായനത്തിന് മുതിര്‍ന്നത്. അത്‌കൊണ്ട് ലോകമേ, ഇവരെ കാലു കൊണ്ട് തൊഴിക്കരുതേ!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest