തോട്ടംതൊഴിലാളികളുടെ നവ ചരിതം

Posted on: September 13, 2015 4:48 am | Last updated: September 12, 2015 at 11:49 pm

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഒരു പുതുചരിതത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. മാന്യമായ വേതനത്തിനും ന്യായമായ ജീവിത സൗകര്യങ്ങള്‍ക്കും വേണ്ടി കുറച്ചു കാലമായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ട്രേഡ് യൂനിയന്‍ സംഘടനകള്‍ക്ക് കീഴില്‍ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ച് വിവിധ നിറങ്ങളിലുള്ള കൊടികള്‍ക്ക് കീഴില്‍ അണിനിരന്ന തൊഴിലാളികള്‍ പക്ഷെ നിരാശയിലായിരുന്നു. കുടുംബത്തിന്റെ പശിയടക്കാനും അന്തിയുറങ്ങാന്‍ സുരക്ഷിതവും കാറ്റും വെളിച്ചവും കടക്കുന്ന അടച്ചുറപ്പുള്ള ലയങ്ങള്‍ക്കും മക്കളടക്കമുള്ള കുടുംബത്തിന് ആവശ്യമായ വൈദ്യ സഹായവും ആവശ്യപ്പെട്ടുള്ള തൊഴിലാളി പ്രക്ഷോഭങ്ങളൊന്നും സര്‍ക്കാറും മറ്റ് അധികാരികളും കണ്ടില്ലെന്ന് നടിക്കുകയാണ്. തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലാളി സംഘടനകളേയും രാഷ്ട്രീയപ്രസ്ഥാനങ്ങളേയും പിന്നിലാക്കി എന്നും തോട്ടമുടമകള്‍ ഒരു മുഴം മുമ്പേ എറിയുകയായിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെടുന്നു എന്ന് തൊഴിലാളികള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ആരുടെയെങ്കിലും നേതൃത്വമൊ, ആഹ്വാനമോ കൂടാതുള്ള പ്രക്ഷോഭം മൂന്നാറിനെ സ്തംഭിപ്പിച്ചിരിക്കുന്നു. തൊഴിലാളികളുടെ പ്രഹരശേഷി കണ്ടറിഞ്ഞവര്‍ അമ്പരന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെയും തൊഴില്‍ വകുപ്പിന്റേയും ട്രേഡ് യൂനിയനുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പൂര്‍ണ പിന്തുണയുള്ള തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍ക്കാന്‍ എന്തുകൊണ്ട് അധികാരികള്‍ക്കാകുന്നില്ല എന്ന ചോദ്യം സ്വാഭാവികം മാത്രം. 3000 രൂപ(20 ശതമാനം) ബോണസിനും കൂലിക്കൂടുതലിനും (നിലവിലുള്ള ദിവസക്കൂലി 154 രൂപയാണ്)വേണ്ടി ഇത്രയും തോട്ടം തൊഴിലാളികള്‍ക്ക് പണിമുടക്കി തെരുവിലിറങ്ങേണ്ടിവന്നു എന്ന് പറഞ്ഞാല്‍ ഏതൊരു പരിഷ്‌കൃതസമൂഹത്തിനും അപമാനമാണ്.
സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാനെത്തിയ തൊഴിലാളി യൂനിയന്‍ നേതാവുകൂടിയായ ദേവികുളം എം എല്‍ എക്ക് വെള്ളിയാഴ്ച തൊഴിലാളികളുടെ രോഷം കാരണം പോലീസ് അകമ്പടിയില്‍ തിരിച്ചുപോകേണ്ടി വന്നത് ദ:ഖകരമായ അവസ്ഥയാണ്. തൊഴിലാളികളുന്നയിക്കുന്ന ആവശ്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ എം എല്‍ എ മൂന്നാറില്‍ ഉപവാസം ആരംഭിച്ചിട്ടുണ്ട്. ചായതോട്ടങ്ങളില്‍ 85ലേറെ ശതമാനം ഓഹരി ഉടമകള്‍ തൊഴിലാളികളാണെന്നിരിക്കെ അവര്‍ തന്നെയാണ് തോട്ടം ഉടമകളെന്നും, അവര്‍ കൂലിക്കൂടുതലും 20 ശതമാനം ബോണസും ആവശ്യപ്പെടുന്നത് ശരിയല്ലെന്നും മാനേജുമെന്റ് വാദിക്കുന്നു. തോട്ടവും കമ്പനിയും രണ്ടെന്ന മാനേജുമെന്റുകളുടെ നിലപാട് തികഞ്ഞ കാപട്യമാണ്. 80 രൂപയില്‍ താഴെ വിലക്ക് ഒരു കിലോഗ്രാം കൊളുന്ത് കമ്പനിക്ക് ലഭിക്കുമ്പോള്‍, അത് സംസ്‌കരിച്ച് വര്‍ണപ്പകിട്ടാര്‍ന്ന പാക്കറ്റുകളിലാക്കി വില്‍പനക്ക് എത്തിക്കുമ്പോള്‍ വില മൂന്ന് ഇരട്ടിയാക്കി നിശ്ചയിക്കുന്നു. തോട്ടം തൊഴിലാളികളെ തോട്ടം ‘ഉടമ’കളാക്കിയതിനാല്‍ നഷ്ടക്കണക്ക് പറഞ്ഞ് പറ്റിക്കുന്ന മാനേജുമെന്റ്, കമ്പനി നടത്തിപ്പുകാരെന്ന നിലയില്‍ അസുലഭ സൗകര്യങ്ങളും സൗജന്യങ്ങളും വാരിക്കൂട്ടി അനുഭവിക്കുന്നു. തൊഴിലാളികളുടെ ജീവരക്തമാണ് ഇവര്‍ ഊറ്റിക്കുടിക്കുന്നത്. ഈ തിരിച്ചറിവുകളാണ് ആരുടേയും ആഹ്വനമില്ലാതെ നേതൃത്വത്തിലല്ലാതെ തോട്ടം തൊഴിലാളികളെ സമരരംഗത്തിറക്കിയത്.
സര്‍ക്കാറില്‍ നിന്നും പാട്ടത്തിനെടുത്ത പതിനായിരക്കണക്കിന് ഏക്ര തോട്ടങ്ങള്‍, ടാറ്റയും കണ്ണന്‍ ദേവനും മറ്റ് കോര്‍പറേറ്റുകളും പാട്ടക്കാലാവധി കഴിഞ്ഞ ശേഷവും അനധികൃതമായി കൈവശംവെക്കുകയാണ്. തോട്ടങ്ങള്‍ക്കൊപ്പം അവര്‍ സര്‍ക്കാര്‍ ഭൂമി കൈയേറുകയും ചെയ്യുന്നു. തറവാട്ട് സ്വത്ത് കണക്കെ തോട്ടങ്ങള്‍ തുണ്ടുതുണ്ടാക്കി വില്പനനടത്തുന്നു. സര്‍ക്കാര്‍ ഭൂമിയല്ലാതെ, ഒരു തുണ്ട് സ്വകാര്യ ഭൂമിയില്ലാതിരുന്ന മൂന്നാറില്‍ എങ്ങിനെ വമ്പന്‍ റിസോര്‍ട്ടുകളും ബഹുനിലകെട്ടിടങ്ങളും ഉണ്ടായെന്ന് പഠിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ തോട്ടങ്ങള്‍ കൈവശംവെച്ച കോര്‍പ്പറേറ്റുകളുടെ തീവെട്ടിക്കൊള്ള പുറത്ത് വരും. ഇവര്‍ക്ക് കൂട്ട്‌നില്‍ക്കുന്നവരുടെ തനിനിറവും പുറത്താകും.
‘അളമുട്ടിയാല്‍ ചേരയും കടിക്കു’മെന്ന ഒരു ചൊല്ലുണ്ട്. ആ അവസ്ഥയിലാണ് തോട്ടം തൊഴിലാളികള്‍. കൈകളുപയോഗിച്ച് കൊളുന്ത് നുള്ളിയിരുന്ന കാലം മാറി. അത് യന്ത്രവത്കരിച്ചതോടെ ഉത്പാദനം കൂടി. അമിത ഭാരം പേറുന്ന തൊഴിലാളികള്‍ക്ക് കൂലി വര്‍ധനയില്ല. അവര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. മൂന്നാറിലെ ചായത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാനെക്കാള്‍ മാരകമായ കള- കീടനാശിനികള്‍ പ്രയോഗിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുഴുവന്‍ തൊഴിലാളി സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്കൊപ്പമുണ്ട്. എന്നിട്ടും എന്തുകൊണ്ട് അവരുടെ തികച്ചും ന്യായമായ സമരം തീര്‍ക്കാന്‍ കഴിയുന്നില്ല. അതിനിടയില്‍ തൊഴിലാളി സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളേയും തമ്മിലടിപ്പിക്കാന്‍ ഗൂഢ ശ്രമം നടക്കുന്നുണ്ട്. ഇനിയും കാലതാമസം വരുത്താതെ മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തു തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം.