മധ്യപ്രദേശില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് 82 മരണം

Posted on: September 12, 2015 2:42 pm | Last updated: September 12, 2015 at 11:46 pm

jhabua-explosionജാബുവ: മധ്യപ്രപദേശിലെ ജാബുവ ജില്ലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് 89 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ജാബുവയിലെ പെട്‌ലാവാദ് ടൗണില്‍ ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ഖനന ആവശ്യത്തിനായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ശക്തമായ സ്‌ഫോടനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സുക്ഷിച്ചിരുന്ന കെട്ടിടത്തിനു പുറമെ സമീപത്തുള്ള കെട്ടിടങ്ങളും നിരവധി വീടുകളും തകര്‍ന്നു. 89 പേരുടെ മരണം സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ഡിവിഷനല്‍ കമ്മീഷണര്‍ പറഞ്ഞു.
സമീപത്തുള്ള മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. വീട് ഉപയോഗിച്ചിരുന്ന രാജേന്ദ്ര കശാവക്ക് പാറകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ കിണറുകള്‍ നിര്‍മിക്കുന്നതിനായി സ്‌ഫോടകവസ്തു ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ട്. ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററുകളും ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ തിരക്കേറിയ ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്.
സ്‌ഫോടനത്തില്‍ വീടും റസ്റ്റോറന്റും പൂര്‍ണമായും തകര്‍ന്നു. ഹോട്ടലിലെ ജീവനക്കാരും ഉപഭോക്താക്കളും മരിച്ചവരില്‍ ഉള്‍പ്പെടും. ദിവസ വേതനത്തിന് ജോലിയെടുക്കുന്നവരാണ് ഹോട്ടലിലെ ഭൂരിഭാഗവും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മരിച്ചവരുടെ അടുത്ത ബന്ധുവിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഉന്നതതല അന്വേഷണത്തിന് സംസ്ഥാന ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ ഉത്തരവിട്ടു.