Connect with us

Kozhikode

എന്‍ പി മൊയ്തീന്റെ നിര്യാണത്തില്‍ അനുശോചനം

Published

|

Last Updated

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പി മൊയ്തീന്റെ നിര്യാണത്തില്‍ പ്രമുഖ നേതാക്കള്‍ അനുശോചിച്ചു. നിയമസഭയില്‍ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിലും നിയനിര്‍മ്മാണ ചര്‍ച്ചകളിലും സജീവമായി ഇടപെട്ടിരുന്ന മികച്ച സാമാജികനായിരുന്നു അന്തരിച്ച എന്‍ പി മൊയ്തീനെന്ന് നിയമസഭ സ്പീക്കര്‍ എന്‍ ശക്തന്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെയും സമുദായത്തിലെയും അനാചാരങ്ങള്‍ക്കെതിരെ ഉറക്കെ ശബ്ദിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന വര്‍ത്തമാനകാലത്ത് മൊയ്തീന്റെ വിയോഗം വലിയ നഷ്ടമാണെന്ന് എ കെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച മൊയ്തീന്‍ മലബാര്‍ മേഖലയില്‍ വിമോചന സമരത്തില്‍ വഹിച്ച പങ്ക് സ്മരണീയമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേശീയബോധവും മതനിരപേക്ഷതയും സന്നിവേശിപ്പിച്ച കുടുംബത്തിലെ മറ്റൊരു കണ്ണി കൂടിയാണ് എന്‍ പി മൊയ്തീന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവും ജനാധിപത്യ ചേരിയുടെ ശക്തനായ നേതാവും മുന്‍ എം എല്‍ എയുമായിരുന്ന എന്‍ പി മൊയ്തീന്റെ നിര്യാണം വിശിഷ്യാ കോഴിക്കോടിന് തീരാ നഷ്ടമാണെന്ന് മന്ത്രി ഡോ എം കെ മുനീര്‍ അനുശോചിച്ചു.
ആദര്‍ശാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഉറച്ച ദേശീയബോധത്തിനും കറകളഞ്ഞ വ്യക്തിത്വത്തിനും ഉടമയായിരുന്ന എന്‍ പി മൊയ്തീന്റെ വിയോഗം പൊതുസമൂഹത്തിന് വലിയ നഷ്ടമാണെന്ന് എം കെ രാഘവന്‍ എം പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വയലാര്‍രവി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, എ സി ജോസ്, എന്നിവരും അനുശോചിച്ചു.