Connect with us

Wayanad

ആദിവാസി ഭവന നിര്‍മാണം വീണ്ടും കരാറുകാരുടെ കൈകകളിലേക്ക്

Published

|

Last Updated

മാനന്തവാടി: ഭവന രഹിതരായ ആദിവാസികള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി പ്രകാരം ജില്ലക്കനുവദിച്ച 2800 വീടുകളില്‍ ഭൂരിഭാഗത്തിന്റേയും നിര്‍മാണ ചുമതല വീണ്ടും കരാറുകാരുടെ കൈകളിലേക്ക്. ജില്ലയില്‍ മുവായിരത്തോളം വീടുകള്‍ വിവിധ കോളനികളില്‍ കരാറുകാരാല്‍ നിര്‍മാണം പൂര്‍ത്തിയാകാതെ പാതി വഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ കരാറുകാര്‍ക്ക് നല്‍കുന്നത്.
കൃത്യമായ കരാര്‍ ഉടമ്പടികള്‍ ഇല്ലാതെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിക്കുന്നതെന്നതിനാല്‍ ഇനിയും ആദിവാസി ഭവന പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാനാണ് സാധ്യത. മാനന്തവാടി താലൂക്കില്‍ 900, സുല്‍ത്താന്‍ ബത്തേരി1000, വൈത്തിരി 900 എന്നിങ്ങനെയാണ് ഹഡ്‌കോയുടെയും അഡീഷണല്‍ ട്രൈബല്‍ പ്ലാനിന്റേയും സഹായത്തോടെ പട്ടിക വര്‍ഗ വകുപ്പ് വീടുകള്‍ നിര്‍മിക്കുന്നത്. ഇതിനായുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും കരാര്‍ വെക്കുന്നതും ആരംഭിച്ചിട്ടുണ്ട്.
മുമ്പ് ആദിവാസി ഭവന നിര്‍മാണത്തിനായി ആദിവാസി തൊഴിലാളികളെ ഉള്‍പ്പെടുത്തി സൊസൈറ്റികള്‍ രൂപീകരിച്ചിരുന്നു. ആദിവാസി വീടുകള്‍ ഇവര്‍ക്ക് മാത്രമെ കരാര്‍ നല്‍കാവൂ എന്ന നിര്‍ദേശവും ഉണ്ടായിരുന്നു. എന്നാല്‍ സൊസൈറ്റികള്‍ക്ക് പണി ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ഒന്നും തന്നെ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് മിക്കയിടത്തും സൊസൈറ്റികളുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് പുതിയ വീടുകളുടെ നിര്‍മാണം കരാറുകാര്‍ തന്നെ ഏറ്റെടുക്കുന്നത്.
ഗുണഭോക്താക്കളായ പട്ടിക വര്‍ഗ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഇതിന് വേണ്ടുന്ന ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്. ഗുണഭോക്താവുമായി പട്ടിക വര്‍ഗ വകുപ്പ് കരാര്‍ വെച്ച് കഴിഞ്ഞാല്‍ 52,500 രൂപ മുന്‍കൂറായി ലഭിക്കും.
തറ പൂര്‍ത്തിയായാല്‍ ഒരു ലക്ഷവും കോണ്‍ഗ്രീറ്റ് പൂര്‍ത്തിയായാല്‍ ഒന്നര ലക്ഷവും മുഴവന്‍ പ്രവര്‍ത്തികളും പൂര്‍ത്തിയായാല്‍ ബാക്കി തുകയുമാണ് നല്‍കുക.
എന്നാല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാതെ തുക കൈപറ്റി കരാറുകാര്‍ പ്രവര്‍ത്തി ഉപേക്ഷിക്കുമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. സര്‍ക്കാര്‍ അംഗീകൃത കരാറുകാര്‍ മുഖേനയോ വ്യക്തമായ വ്യവസ്ഥയോട് കൂടിയോ ഉടമ്പടി പ്രകാരമോ വീട് നിര്‍മാണ ചുമതല ഏല്‍പ്പിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നത്.കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ് നടത്തിയ കണക്കെടുപ്പില്‍ 3000ത്തോളം വീടുകള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.

---- facebook comment plugin here -----

Latest