Connect with us

Articles

കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍

Published

|

Last Updated

മധ്യേഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റം ഒരു അന്താരാഷ്ട്ര പ്രശ്‌നമായി ഉയര്‍ന്നതും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായതും ഐലാന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ ചേതനയറ്റ ചിത്രം വാര്‍ത്താ പ്രാധാന്യത്തോടെ പുറത്തു വന്നപ്പോഴാണ്. സാഹചര്യം തികച്ചും വ്യത്യസ്തമാണെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളികള്‍ നേരിടുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളും സമാനമായ കുടിയേറ്റ പ്രശ്‌നങ്ങള്‍ തന്നെയാണ്. അവരുടെ നിയമസുരക്ഷിതത്വത്തെക്കുറിച്ചും ആരോഗ്യ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും എത്രകാലം നാം മിണ്ടാതിരിക്കും? ഓരോ മാസവും ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കയക്കുന്ന പണത്തിന്റെ കണക്ക് നോക്കി അത്ഭുതപ്പെട്ടു എന്നല്ലാതെ, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കിട്ടാതെ പോകുന്ന നിയമ പരിരക്ഷയെക്കുറിച്ചോ അവര്‍ നേരിടുന്ന സാമൂഹിക വെല്ലുവിളികളെക്കുറിച്ചോ ഇനിയും നാം ആധികാരിക പഠനങ്ങള്‍ നടത്തിയിട്ടില്ല.
കുടിയേറ്റം ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. വിവിധ മാനങ്ങളുള്ള പ്രത്യേക വിഷയം. ഭൂമിശാസ്ത്രപരമായി കുടിയേറ്റത്തിന്റെ രാഷ്ട്രീയം വിലയിരുത്തുമ്പോള്‍ ഓരോ നാട്ടിലേക്കുമുള്ള പലായനം ഓരോ അര്‍ഥതലങ്ങള്‍ ഉള്‍വഹിക്കുന്നത് കാണാം. കൂടുതല്‍ മെച്ചപ്പെട്ട സ്ഥലങ്ങളിലേക്ക് നടത്തുന്ന പലായനമാണ് “പുഷ് ആന്റ് പുള്‍” സിദ്ധാന്തം മുന്നോട്ട് വെക്കുന്ന കുടിയേറ്റം. സ്ഥിര താമസമോ അര്‍ദ്ധസ്ഥിര താമസമോ ലക്ഷ്യം വെച്ച് ജനങ്ങള്‍ ഒരു പ്രത്യേക ഭൂമിശാസ്ത്ര പരിധി മറികടക്കുക എന്നതാണ് കുടിയേറ്റത്തിന്റെ ഏറ്റവും പ്രാഥമികമായ രൂപം. കാരണങ്ങള്‍ പലതാകാം. യുദ്ധം, ആഭ്യന്തര കലാപം, രാഷ്ട്രീയ അരാജകത്വം, തൊഴിലില്ലായ്മ, പ്രകൃതി ദുരന്തം എന്നിങ്ങനെ കുടിയേറ്റത്തിന് കാരണം പലതാകാം. തൊഴിലിന് സ്വന്തം നാട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ വേതനം കിട്ടുന്നു എന്നതു കൊണ്ടും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നു എന്നതുമാണ് സമീപ കാലത്ത് കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചത്. ഇവിടുത്തെ കാലാവസ്ഥയും ആകര്‍ഷണ ഘടകങ്ങളില്‍ ഒന്നാണെന്ന് ചില പഠനങ്ങളില്‍ കാണാം. സ്വന്തം നാട്ടിലെ വികസനമില്ലായ്മ ഒരുപാട് ഉത്തരേന്ത്യക്കാരെ കൂലിപ്പണിക്കാരാക്കി കേരളത്തില്‍ എത്തിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഇവയാണ്: സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞത, തൊഴില്‍ സംബന്ധമായ നിയമ പരിരക്ഷയെക്കുറിച്ചും നേടിയെടുക്കാന്‍ കഴിയുന്ന അവസരങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മ, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, തൊഴില്‍ സുരക്ഷയില്ലാതിരിക്കുക, ജോലിസ്ഥലത്തെ കലഹങ്ങള്‍ക്കുള്ള സാധ്യത, ലൈംഗിക ചൂഷണം, സാമൂഹിക സാഹചര്യങ്ങളോട് ഇഴകിച്ചേരാനുള്ള വിസമ്മതം, പൊതു സേവനങ്ങള്‍ ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാകുക, ചൂഷണത്തിന് വിധേയമാകുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക മാനസിക വെല്ലുവിളികള്‍. തൊഴിലാളികളുടെ എണ്ണം വര്‍ധിക്കും തോറും ഈ വെല്ലുവിളികളുടെ തോത് കൂടുകയും ചെയ്യും. ഏതു സാഹചര്യത്തിലും ഇവര്‍ ജീവിച്ചുകൊള്ളും എന്ന് ചിന്തിക്കുന്ന തൊഴില്‍ ദാതാക്കള്‍ കൂടിയായാല്‍ വെല്ലുവിളികള്‍ പൂര്‍ണമായി.
ഇവിടെയാണ് നമ്മുടെ സര്‍ക്കാറും പൊതു സമൂഹവും തൊഴില്‍ ദാതാക്കളും ഇതര സംസ്ഥാന തൊഴിലാളികളുടെ നിയമാവകാശങ്ങളെക്കുറിച്ച് ബോധാവാന്മാരാകേണ്ടത്. ഭാഷയും സംസ്‌കാരവും സ്ഥിരം വെല്ലുവിളികള്‍ തീര്‍ക്കുന്ന നിത്യജീവിതത്തിലാണ് നമ്മുടെ നാട്ടിന്‍പുറങ്ങളുടെയും നഗരപ്രദേശങ്ങളുടെയും വികസനത്തില്‍ നേരിട്ട് പങ്കാളിത്തം വഹിക്കുന്ന ഈ തൊഴിലാളികള്‍ ജോലിയെടുക്കുന്നത് എന്ന തിരിച്ചറിവോടെയാകണം നിയമവശങ്ങള്‍ മനസ്സിലാക്കേണ്ടത്.
തൊഴിലാളികളുടെ സംരക്ഷണത്തിനു വേണ്ടി ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മിക്ക നിയമങ്ങളും കുടിയേറ്റ തൊഴിലാളികള്‍ക്കും ബാധകമാണ്. തൊഴിലാളികളുടെ സംരക്ഷണത്തെ കുറിച്ച് ഭരണഘടനയില്‍ വിശദമായ പ്രതിപാദങ്ങള്‍ ഉണ്ട്. മൗലികാവകാശങ്ങള്‍,നിര്‍ദേശക തത്വങ്ങള്‍ എന്നിവയില്‍ തൊഴിലാളികളുടെ സംരക്ഷണാവകാശത്തെ വിശദമായി പരിചയപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ, മലയാളിയായ ഒരു പണിക്കാരനോട് അനീതി കാണിച്ചാല്‍ തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ആലോചിച്ച് തൊഴില്‍ ദാതാവ് അയാളോട് പുലര്‍ത്തുന്ന ജാഗ്രതയോടെ വേണം ഇതര സംസ്ഥാന തൊഴിലാളിയോടും പെരുമാറാന്‍. തുല്യനീതിയും തുല്യ വേതനവും ഈ തൊഴിലാളികള്‍ക്ക് ഭരണഘടന നല്‍കുന്ന ഉറപ്പാണ്. ഇവര്‍ക്കുള്ള മനുഷ്യാവകാശ നിയമങ്ങളും ഭരണഘടനയില്‍ വായിക്കാം. ആര്‍ട്ടിക്കിള്‍ പതിനഞ്ച് തൊഴിലാളികളോട് കാണിക്കുന്ന എല്ലാ വിവേചനങ്ങളെയും നിരോധിക്കുന്നു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഏതൊരു മലയാളിയെ പോലെയും ഇവിടെ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും “അന്യ”സംസ്ഥാന തൊഴിലാളികള്‍ എന്ന് നാം വിളിക്കുന്നവര്‍ക്കുണ്ട്. വര്‍ക്ക്‌മെന്‍ കോമ്പെന്‍സേഷന്‍ ആക്ട് 1923, പെയ്മന്റ് ഓഫ് വേജസ് ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, കോണ്‍ട്രാക്റ്റ് ലേബര്‍ റെഗുലേഷന്‍ ആക്ട് 1970, ബോണ്ടഡ് ലേബര്‍ ആക്ട് 1976, ഈക്വല്‍ റെമൂണറേഷന്‍ ആക്ട് 1976, ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട് 1979, ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്‌മെന്‍ (റെഗുലേഷന്‍ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസസ്) ആക്ട് 1979, പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആക്ട് 1993 എന്നിങ്ങനെ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. ഇവരില്‍ ചൂഷണത്തിന് വിധേയനായ ഒരു തൊഴിലാളി ഈ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ശരിക്കൊന്ന് കോടതി കയറിയിറങ്ങിയാല്‍ പല മുതലാളിമാരും വെള്ളം കുടിക്കും.
ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്‌മെന്‍ (റെഗുലേഷന്‍ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസസ്) ആക്ട് 1979 അനുസരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൃത്യമായ തൊഴില്‍ സമയം നല്‍കേണ്ടത് തൊഴില്‍ ദാതാവിന്റെ കടമയാണ്. ഒട്ടും ഒഴിവു സമയം നല്‍കാതെ ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും ജോലിയെടുപ്പിക്കുന്നത് കുറ്റകരമാണ്. ഈ ആക്ട് പ്രകാരം വിദൂര സ്ഥലങ്ങളിലേക്ക് വണ്ടിക്കൂലി കൊടുക്കാതെ പറഞ്ഞയക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെ. ഈ ആക്ടിലെ സെക്ഷന്‍ പതിനഞ്ചില്‍ ലീവിന് സ്വന്തം നാട്ടില്‍ പോകുമ്പോള്‍ യാത്രാക്കൂലിയും ലീവെടുത്ത ദിനങ്ങളിലെ വേതനവും നല്‍കണമെന്ന നിര്‍ദേശം പോലുമുണ്ട്. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം നേരിട്ടാല്‍ ബന്ധപ്പെട്ട വകുപ്പിലോ അധികൃതരുടെ അടുത്തോ പരാതി നല്‍കാന്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് സംഭവം കഴിഞ്ഞ് മൂന്ന് മാസം വരെ സമയമുണ്ട്. പ്രധാന തൊഴില്‍ ദാതാവ് തന്റെ കീഴില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളുടെയും രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഇതില്‍ നിര്‍ദേശം ഉണ്ട്. അനുയോജ്യമായ പാര്‍പ്പിടം, വൈദ്യ സഹായം, സൗജന്യ പൊതു സേവനങ്ങള്‍ തുടങ്ങിയവക്കും ഇതര സംസ്ഥാന തൊഴിലാളിക്ക് അവകാശമുണ്ട്.
ചുരുക്കത്തില്‍, മനുഷ്യത്വ പരിഗണന പോലും നല്‍കാതെ നാം മാറ്റിനിര്‍ത്തുന്ന ഈ തൊഴിലാളികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിലവിലുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളുടെ അറിവില്ലായ്മയും സ്വാധീനക്കുറവും ചൂഷണം ചെയ്യുമ്പോള്‍ നാം ഇത്രയെങ്കിലും ഓര്‍ത്തിരുന്നാല്‍ നന്ന്. വിവിധ ചൂഷണങ്ങളും വെല്ലുവിളികളും നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും അവസരങ്ങളെക്കുരിച്ചും അവബോധം നല്‍കുന്ന സംവിധാനങ്ങള്‍ ഇനിയും നമ്മുടെ സംസ്ഥാനത്ത് വരേണ്ടിയിരിക്കുന്നു.
(മര്‍കസ് ലോ കോളജ് അസി. പ്രൊഫസര്‍ ആണ് ലേഖിക)

---- facebook comment plugin here -----

Latest