Connect with us

Editorial

ഭരിക്കുന്നത് സര്‍ക്കാറോ സൈന്യമോ?

Published

|

Last Updated

സൈനിക പ്രത്യേകാധികാര നിയമത്തിന്റെ (അഫ്‌സ്പ)മറവില്‍ ജമ്മുകാശ്മീരില്‍ സുരക്ഷാ സേന കൊടിയ മനുഷ്യാവകാശ ധ്വംസനവും ക്രൂരതകളും കാണിക്കുന്നയായി ആംനസ്റ്റി ഇന്റര്‍ നാഷനല്‍ രണ്ട് മാസം മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് അന്തര്‍ ദേശീയ ജനകീയ മനുഷ്യാവകാശ ട്രൈബ്യൂണലും കാശ്മിരില്‍ മക്കള്‍ തിരോധഭീവിച്ച മാതാപിതാക്കളുടെ സംഘനടനയായ അസോസിയേഷന്‍ ഓഫ് പാരന്റ്‌സ് ഓഫ് ഡിസപ്പിയേഴ്‌സ് പേഴ്‌സന്‍സും(എ പി ഡി പി) ചേര്‍ന്നു പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. അധികൃതര്‍ പറയുന്നതുപോലെ കാശ്മീരിലെ സൈനികാതിക്രമങ്ങള്‍ യാദൃശ്ചികമോ അബദ്ധത്തില്‍ സംഭവിക്കുന്നതോ അല്ലെന്നും ആസൂത്രിതമായി നടപ്പാക്കുന്നതാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെയും സാക്ഷിമൊഴികളെയും ആധാരമാക്കി റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. ഒരുമേജര്‍, ഏഴ് ബ്രിഗേഡിയന്മാര്‍, 31 കേണല്‍മാര്‍, നാല് ലഫ്. കേണല്‍മാര്‍, 40 ക്യാപ്റ്റന്മാര്‍, അര്‍ധ സൈനിക വിഭാഗങ്ങളിലെ 54 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സൈനികാതിക്രങ്ങളുടെ സൂത്രധാരരെയും നടത്തിപ്പുകാരെയും അഡ്വ. കാര്‍ത്തിക് മുരുക്തല തയാറാക്കിയ റിപ്പോര്‍ട്ട് തുറന്നു കാണിക്കുകയും ചെയ്യുന്നു.
കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അടിക്കടി പാക്കിസ്ഥാന്‍ ഭരണകൂടത്തെയും തീവ്രവാദ പ്രസ്ഥാനങ്ങളെയും ഓര്‍മപ്പെടുത്തുന്നുണ്ട്. എങ്കില്‍ എന്തുകൊണ്ട് കാശ്മീരികളോടുള്ള സര്‍ക്കാറിന്റെയോ സൈന്യത്തിന്റെയോ സമീപനത്തില്‍ അത് പ്രകടമാകുന്നില്ല? നമ്മുെട പൗരന്മാരും സഹോദരങ്ങളുമെന്ന മനോഭാവത്തിലല്ല, ശത്രുരാജ്യത്തെ പൗരന്മാരോടെന്ന പോലെയാണ് സുരക്ഷാ സേനയുടെ സമീപനം. അതിര്‍ത്തി വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനം പ്രതിരോധിക്കാനെന്ന പേരില്‍ വിന്യസിച്ച സൈന്യത്തിന്റെ മുഖ്യപ്രവര്‍ത്തനമിപ്പോള്‍, തീവ്രവാദം ആരോപിച്ചു നിരപരാധികളെ കൊല്ലലും കാശ്മീകളെ കൊള്ളയടിക്കലും ബലാത്സംഗവും മൂന്നാമുറ പ്രയോഗവുമെല്ലാമാണെന്നാണ് മേല്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 25 വര്‍ഷത്തിനിടെ നടന്ന 1080 നിയമ വിധേയമല്ലാത്ത കൊലകള്‍, 172 തിരോധാനങ്ങള്‍, നിരവധി ലൈംഗികാതിക്രമങ്ങള്‍, കൊടുംപീഡനങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സൈന്യം പ്രതിസ്ഥാനത്തുള്ള 1990നും 2013നുമിടയില്‍ നടന്ന 100ലധികം മനുഷ്യാവകാശ ലംഘന കേസുകളുടെ സര്‍ക്കാര്‍, കോടതി രേഖകളും 58 കേസുകളുടെ വിശദമായ പഠനവും ആംനസ്റ്റി തയാറാക്കിയ റിപ്പോര്‍ട്ടിലുമുണ്ട്.
കാശ്മീരിന്റെ യഥാര്‍ഥ ചിത്രം മാധ്യമങ്ങള്‍ തുറന്നുകാണിക്കാറില്ല. തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയോ, സൈനിക ക്യാമ്പുകള്‍ ആക്രമിക്കുകയോ ചെയ്താല്‍ പലപ്പോഴും അതിശയോക്തി പരമായി പോലും വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍, കാശ്മീരികള്‍ക്കെതിരെയുള്ള സൈനികാതിക്രമങ്ങള്‍ തമസ്‌കരിക്കുകയോ ചെറുതായി കാണിക്കുകയോ ആണ് പതിവ്. മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടുകളാണ് സത്യം പുറത്തുകൊണ്ടു വരാറ്. സൈന്യത്തിന് നല്‍കിയ പ്രത്യേകാധികാരമാണ് അവിടുത്തെ ഞെട്ടിക്കുന്ന സൈനിക അതിക്രമങ്ങള്‍ക്ക് ഹേതുകമെന്നും ഈ പഠനങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നു. കാശ്മീരില്‍ സമാധാനം പുലരണമെങ്കില്‍ ആദ്യമായി വേണ്ടത് “അഫ്‌സ്പ” പിന്‍വലിക്കുകയാണെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി 2010 ഒക്‌ടോബറില്‍ യു പി എ സര്‍ക്കാര്‍ ജസ്റ്റിസ് ബി പി ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി 2011 ഒക്‌ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പ്രത്യേകാധികാര നിയമം എത്രയും വേഗം പിന്‍വലിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുകയുണ്ടായി. ഇതടിസ്ഥാനത്തില്‍ നിയമം ഭാഗികമായി പിന്‍വലിക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരുന്നെങ്കിലും സൈന്യത്തിന്റെ എതിര്‍പ്പ് മൂലം പിന്‍വാങ്ങുകയാണുണ്ടായത്. കഴിഞ്ഞ കാശ്മീര്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പി ഡി പി-ബി ജെ പി ഭരണസംഖ്യം സ്ഥാപിക്കുന്നത് സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ “അഫ്‌സ്പ” പിന്‍വലിക്കണമെന്ന് പി ഡി പി ഉപാധി വെച്ചപ്പോഴും സൈന്യം വിയോജിപ്പുമായി രംഗത്തു വന്നു. കാശ്മീരിലെ സൈനിക നയത്തിലെ ഏത് മാറ്റത്തെയും സൈന്യം എതിര്‍ക്കുകയാണ്. എന്നാല്‍, സംസ്ഥാനത്തെ മനുഷ്യാവകാശ ധ്വംസനം അവസാനിപ്പിക്കാനുള്ള ഇഛാശക്തി സര്‍ക്കാര്‍ കാണിക്കുന്നുമില്ല. കാശ്മീരിലെ സൈനിക സാന്നിധ്യമുള്‍പ്പെടെ പല കാര്യങ്ങളും തീരുമാനിക്കുന്നത് ഇപ്പോള്‍ സര്‍ക്കാറല്ല, സൈനിക നേതൃത്വമാണ്. ജനാധിപത്യ പൗരാവാകാശങ്ങള്‍ക്ക് മീതെ പട്ടാള രാജ് അടിച്ചേല്‍പിക്കുയാണവിടെ സൈനിക നേതൃത്വം. സൈന്യത്തെ നിയന്ത്രിക്കുന്നതിലും കാശ്മീര്‍ പ്രശ്‌നത്തില്‍ മാനുഷിക പ്രശ്‌നങ്ങളെ മുഖവിലക്കെടുത്തു കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുന്നതിലും സര്‍ക്കാറിന് സംഭവിക്കുന്ന പരാജയമാണ് അവിടെ തീവ്രവാദത്തിന് കരുത്ത് പകരുന്നത്. ഇതു ചൂണ്ടിക്കാണിച്ചാണ് അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള വിഘടന പ്രസ്ഥാനങ്ങള്‍ കടന്നുകയറ്റത്തെ ന്യായീകരിക്കുന്നതും.

---- facebook comment plugin here -----

Latest