ഐ എസ് റിക്രൂട്ടറെന്ന് കരുതുന്ന വനിത ഹൈദരാബാദില്‍ പിടിയിലായി

Posted on: September 11, 2015 5:15 pm | Last updated: September 12, 2015 at 12:28 am

ISISഹൈദരാബാദ്: ഭീകര സംഘടനയായ ഐ എസിന്റെ ഓണ്‍ലൈന്‍ റിക്രൂട്ടര്‍ എന്ന് കരുതുന്ന വനിത ഹൈദരാബാദില്‍ അറസ്റ്റിലായി. നിക്കി ജോസഫ് എന്ന സ്ത്രീയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍വെച്ച് സൈബറാബാദ് പോലീസിന്റെ പിടിയിലായത്. എെ എസ് ബന്ധം ആരോപിച്ച് യു എ ഇ നിക്കിയെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.

ദുബെെയില്‍ നിന്ന്  ഭര്‍ത്താവ് ദേവേന്ദന്‍ ബാത്രയ്ക്കൊപ്പം ഇന്നലെ രാത്രിയാണ് നിക്കി ഹെെദരാബാദിലെത്തിയത്. ദേവേന്ദറിന് മുസ്തഫ എന്നും നിക്കി ജോസഫിന് അഫ്ഷ ജബീന്‍ എന്നും പേരുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഐ എസ് ബന്ധത്തിന്റെ പേരില്‍ നേരത്തെ അറസ്റ്റിലായ ഹൈദരാബാദ് സ്വദേശി സല്‍മാന്‍ മൊയ്‌നുദ്ദീനുമായി നിക്കിക്ക് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിലിടെ ഈ വര്‍ഷം ആദ്യമാണ് സല്‍മാന്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ യുഎഇയിലുള്ള നിക്കി എന്ന സ്ത്രീയെ കാണാനാണ് താന്‍ പോകുന്നതെന്ന് മൊഴി നല്‍കിയിരുന്നു. ഓണ്‍ലൈനിലൂടെയാണ് താന്‍ നിക്കിയെ പരിചയപ്പെട്ടതെന്നും സല്‍മാന്‍ മൊഴി നല്‍കിയിരുന്നു.