തീക്ഷ്ണാനുഭവങ്ങളിലൂടെ യാത്ര

Posted on: September 10, 2015 6:20 pm | Last updated: September 10, 2015 at 6:20 pm

sirajതീക്ഷ്ണാനുഭവങ്ങളുടെ നേര്‍ ചിത്രങ്ങളിലൂടെയാണ് കഴിഞ്ഞ 18 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം കടന്നുപോയത്. ഇപ്പോള്‍ മനോരമാ ന്യൂസിനുവേണ്ടിയും നേരത്തെ അറേബ്യ, മലയാളം ന്യൂസ് എന്നീ പത്രങ്ങള്‍ക്കായും വാര്‍ത്തകള്‍ തേടിയുള്ള ഓരോ യാത്രയും മറക്കാനാവാത്ത അനുഭവമാണ്. നഗരമധ്യത്തില്‍ ആരുടെയും സഹായമില്ലാതെ നടപ്പാലത്തില്‍ രണ്ടു മാസമായി കഴിയുന്ന ഒരു ഇന്ത്യക്കാരനെ ഇന്നലെയും കണ്ടുമുട്ടി. നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവശനായ ഈ യുവാവിന്റെ പ്രായം കേട്ടാല്‍ ഞെട്ടും, 23 വയസ്. ജോലിക്കിടെ അപകടമുണ്ടായപ്പോള്‍ ബാധ്യതയാകുമെന്നറിഞ്ഞ കമ്പനി ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മാനസിക നില തെറ്റിയ ഈ യുവാവിന്റെ സംസാര ശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു.
ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. വെറുതെ ഒരു സ്റ്റോറി എടുത്ത് പോരുന്നതിനപ്പുറം അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതുവരെ വിശ്രമമുണ്ടാകാറില്ല. ഇതുപോലെ എത്രയെത്ര പെരെയാണ് ഇക്കാലത്തിനിടയ്ക്ക് നാട്ടിലെത്തിച്ചത് എന്നതിന് കണക്കില്ല. എങ്കിലും എത്ര ശ്രമിച്ചാലും മനസില്‍ നിന്ന് മായാത്ത ചില സംഭവങ്ങളുണ്ട്.
ഇന്നത്തെ യൂണിയന്‍ മെട്രോ സ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലത്ത് പണ്ട് ദേരയിലെ പ്രമുഖ പാര്‍ക്കായിരുന്നു. ദേരയുടെ ഹൃദയഭാഗത്ത് ഒന്നര വര്‍ഷത്തോളം ഒരു മലയാളി അവശനിലയില്‍ കിടന്നത് ആരുമറിഞ്ഞില്ല. രാത്രി ഒന്നരക്ക് വിമല്‍കുമാറിനെ കാണുമ്പോള്‍ ശരീരമാസകലം വ്രണങ്ങള്‍ വന്ന് പുഴുവരിച്ച് നിലയില്‍ പാര്‍ക്കിന്റെ ബഞ്ചിനടിയില്‍ കിടക്കുകയായിരുന്നു. 25 പേര്‍ക്ക് തൊഴില്‍ കൊടുത്തിരുന്ന മുതലാളിയായിരുന്നു പിന്നീട് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് പാര്‍ക്കിലെത്തിപ്പെട്ടത്. വിമല്‍കുമാറിനെ കണ്ടെത്തിയതും ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയും രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തിച്ചതും 18 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടയിലെ സുവര്‍ണ അധ്യായമാണ്.
വിസാ റാക്കറ്റിന്റെ കെണിയില്‍പെട്ട് അജ്മാനില്‍ എത്തിയ 45 മലയാളി യുവാക്കളുടെത് വ്യത്യസ്തമായ മറ്റൊരു കഥ. ലക്ഷത്തിലേറെ രൂപ വിസക്ക് നല്‍കി സ്വപ്‌ന നഗരിയിലെത്തിയ യുവാക്കളെ നേരിട്ടത് നരക യാതനയായിരുന്നു. മാസങ്ങളായി ജോലിയും കൂലിയുമില്ലാതെ അജ്മാനിലെ ഒരു വില്ലയില്‍ കഴിഞ്ഞിരുന്ന ഇവര്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത് മരുഭൂമിയില്‍ സുലഭമായി വളരുന്ന മുരിങ്ങയില കഴിച്ചിട്ട്. വാര്‍ത്തയായപ്പോള്‍ സഹായപ്പെരുമഴയെത്തി. ആഴ്ചകള്‍ക്കകം നാട്ടിലേക്ക് മടങ്ങുമ്പോള്‍ മരുഭൂമിയിലെ അന്നദാതാവായ മുരിങ്ങയുടെ വിത്തായിരുന്നു ഗള്‍ഫിന്റെ ഇവരുടെ ബാഗിലുണ്ടായിരുന്ന ഏക വസ്തു.
പുഴുവരിക്കുന്ന ചോറ് കഴിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വിധിക്കപ്പെട്ട മറ്റൊരു മലയാളി സംഘവും ജ്വലിക്കുന്ന ഓര്‍മകളാണ്. ദിവസങ്ങളോളം പഴക്കമുള്ള ചോറിന്റെ ദുര്‍ഗന്ധം പല തവണ കഴുകി മാറ്റി പച്ചചോറ് കഴിക്കുന്ന ദൃശ്യം. റേഷനായി ലഭിക്കുന്ന ഈ ഭക്ഷണപ്പൊതി ക്യാമറയ്ക്ക് മുന്നില്‍ തുറന്ന് വെള്ളമൊഴിച്ചപ്പോള്‍ പൊങ്ങിവന്നത് നിറയെ പുഴുക്കള്‍. സങ്കോചം കൂടാതെ അതെടുത്ത് മാറ്റി ശേഷിച്ച ചോറ് വീണ്ടും കഴുകിയ ശേഷം ആര്‍ത്തിയോടെ തിന്നുന്ന ഒരു കൂട്ടം തൊഴിലാളികള്‍. പഴ്‌സിലുണ്ടായിരുന്ന തുക എടുത്തുകൊടുത്തിട്ടും തിരിച്ചുപോരാന്‍ മനസുവന്നില്ല. തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍പോയി ക്രെഡിറ്റ് കാര്‍ഡില്‍ ട്രോളി നിറയെ സാധനങ്ങള്‍ വാങ്ങി അവര്‍ക്ക് നല്‍കിയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. തിരിച്ചുപോരുമ്പോള്‍ അന്നത്തെ ക്യാമറാമാന്‍ എന്നെ ഓര്‍മിപ്പിച്ചു, മാധ്യമപ്രവര്‍ത്തനമാണ്, ജീവകാരുണ്യപ്രവര്‍ത്തനമല്ല നമ്മുടെ തൊഴിലെന്ന്. ദുരിതബാധിതരുടെ പ്രശ്‌നം കേള്‍ക്കാനും പരിഹാരം കണ്ടെത്താനും ഒരാളെത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതെന്നാണ് എന്റെ വിശ്വാസം.
പോലീസിനെയും കോണ്‍സുലേറ്റിനെയും ഇടപെടുത്തി ഇവരെ മോചിപ്പിച്ച് നാട്ടിലേക്ക് അയക്കുമ്പോള്‍ ഇനി ഗള്‍ഫിലേക്ക് ഇല്ലെന്ന് പറഞ്ഞാണ് മടങ്ങിയത്. പക്ഷേ ജീവിത പ്രാരാബ്ധം അവരില്‍ പലരെയും വീണ്ടും ഗള്‍ഫിലെത്തിച്ചുവെന്നത് മറ്റൊരു സാക്ഷ്യം.
അയല്‍രാജ്യങ്ങളിലേക്ക് ചരക്കുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന കണ്ടെയ്‌നറില്‍ 4500 തൊഴിലാളികളെ പാര്‍പ്പിച്ച വാര്‍ത്തയിന്മേല്‍ മണിക്കൂറുകള്‍ക്കകം ഇംപാക്ടുണ്ടായെന്നതാണ് ശ്രദ്ധേയമായ മറ്റൊരു അനുഭവം.
ആത്ഹമത്യയുടെ വക്കില്‍നിന്ന് നിരവധി പേരെ മോചിപ്പിച്ചുവെങ്കിലും കണ്ണൂര്‍ സ്വദേശി ഷമീറിന്റെ ദയനീയ മുഖമാണ് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് രണ്ടു പതിറ്റാണ്ട് ദുബൈ ജയിലില്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്ന പോള്‍ ജോര്‍ജ് നാടാരിന്റെ വാര്‍ത്ത പുറംലോകത്തെത്തിച്ചത് മലയാളം ന്യൂസിലൂടെയായിരുന്നു. ജയിലില്‍വച്ചുള്ള ആദ്യ അഭിമുഖത്തിന് ശേഷം അറേബ്യക്കായി വീണ്ടും ജയിലിലെത്തി. വര്‍ഷങ്ങളായി പിന്തുടര്‍ന്ന ഈ കേസില്‍ മോചിതനായ വാര്‍ത്തയും അഭിമുഖവും റിപ്പോര്‍ട്ട് ചെയ്യാനായത് മനോരമ ന്യൂസിലൂടെ. ഒരു വാര്‍ത്തയുടെ ആദ്യന്തം പിന്തുടരാനയതിനുമുണ്ട് നിരവധി ഉദാഹരണങ്ങള്‍.