Connect with us

Palakkad

ഓര്‍ഫനേജുകളില്‍ അഗതി-അനാഥ എന്ന പദം ഒഴിവാക്കണം: ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ സംരക്ഷണ സമിതി യോഗം.

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ സംരക്ഷണ സമിതി യോഗം.

പാലക്കാട്: ഓര്‍ഫനേജുകളില്‍ അഗതി-അനാഥ എന്ന പദം ഒഴിവാക്കണമെന്നും ഈ പദം കുട്ടികളില്‍ വളരെ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതിന് ആവശ്യമായ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാകോശി പറഞ്ഞു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് അതാതുജില്ലകളില്‍ തന്നെ പരിഹാരം കാണണമെന്നും അവര്‍ പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബാലാവകാശകമ്മീഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികള്‍ക്ക് ബാല്യകാലം ആസ്വദിക്കാനുള്ള അവസരം നല്‍കണം.
കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ കൃത്യമായി നല്‍കണമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് രോഗപ്രതിരോധ ശേഷി ഇപ്പോള്‍ 89ശതമാനമാണ്. മലപ്പുറവും, കാസര്‍കോഡും രോഗപ്രതിരോധശേഷി അമ്പത് ശതമാനത്തില്‍ താഴെയുള്ള ജില്ലകളാണ്. ജില്ലയില്‍ ശൈശവ വിവാഹം വ്യപകമായി നടക്കുന്നുണ്ട്. പന്ത്രണ്ടാംക്ലാസുവരെയെങ്കിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമായും നല്‍കണം. ഇതിനായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം. കേരളത്തില്‍ സെക്‌സ് അനുപാതം ആയിരം പുരുഷന്‍മാര്‍ക്ക് 964 സ്ത്രീകള്‍ എന്ന നിരക്കിലാണ്. തൃശൂര്‍ ജില്ലയില്‍ ഇത് കുറവാണ് 950. കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ഛാവോ ആന്തോളന്‍ പദ്ധതി നടപ്പാക്കാന്‍ തൃശൂര്‍ ജില്ലയെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്തുനിന്ന് വര്‍ഷംതോറും 50 പെണ്‍കുട്ടികളെ കാണാതാവുന്നുണ്ട്. ഇതിന് കാരണം വീടുകളിലെ പ്രശ്‌നങ്ങളാണ്. കുട്ടികള്‍ക്ക് മാനസിക പിന്തുണ, കൗണ്‍സിലിങ്ങ് എന്നിവ നല്‍കണമെന്ന് അവര്‍ പറഞ്ഞു. ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും പോലീസും ബാലാവകാശ സംരക്ഷണ കമ്മീഷനും ചേര്‍ന്ന് മോണിറ്ററിങ്ങ് നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന കുട്ടികളുടെ ജീവിത സാഹചര്യം, ചൂഷണം എന്നിവ തടയുന്നതിനും സമൂഹത്തിനെ ബോധവല്‍ക്കരിക്കുന്നതിനും ഇന്റര്‍നെറ്റില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ശിങ്കാരിമേളം, പന്തല്‍പണി, കാറ്ററിംഗ് ജോലികള്‍ക്ക് പോകുന്നകുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടമാകുകയും ഇവര്‍ മദ്യപാനികളാകുകയും അവരുടെ ഭാവി നശിക്കുന്നതായും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജില്ലയില്‍ പ്രീപ്രൈമറി മുതല്‍ പത്താംക്ലാസ് വരെ 4 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
എയ്ഡഡ് സ്‌കൂളുകളില്‍ പ്രത്യേകിച്ച് എല്‍.പി സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അട്ടപ്പാടിയില്‍ സ്‌കൂളുകളില്‍ അദ്ധ്യാപകരെ നിലനിര്‍ത്താന്‍ ശമ്പളത്തിനു പുറമെ റെമൂണറേഷന്‍ കൂടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബാലാവകാശസംരക്ഷണകമ്മീഷന്‍ ജില്ലയുടെ ചാര്‍ജ്ജ് ഉള്ള അംഗം ബാബു നരിക്കുനി, സി.ഡബ്ലിയു സി ചെയര്‍മാന്‍ ഫാ. ജോസ് പോള്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സിസിലി ജോര്‍ജ്ജ്, എ.ഡി.എം യു നാരായണന്‍കുട്ടി, സബ് കളക്ടര്‍ പി ബി നൂഹ്, ജില്ലാ തല ഉദ്യാഗസ്ഥര്‍, തദ്ദേശസ്വയംഭരണ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Latest