നാദാപുരത്ത് ട്രാഫിക് പോലീസ് യൂനിറ്റ് നിലവില്‍ വന്നു

Posted on: September 10, 2015 9:29 am | Last updated: September 10, 2015 at 9:29 am

നാദാപുരം: ഏറെക്കാലത്തെ മുറവിളിക്ക് ശേഷം നാദാപുരത്തെ ട്രാഫിക് പോലീസ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭിച്ചു.
ഇതോടെ നാദാപുരം കല്ലാച്ചി ടൗണുകളില്‍ അനുഭവിക്കുന്ന ഗതാഗത പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകും. കഴിഞ്ഞ മാസം പ്ലസ്ടു വിദ്യാര്‍ഥിനി കെ എസ് ആര്‍ ടി സി ബസിനുളളില്‍പെട്ട് മരിക്കാനിടയായ സംഭവവും നാദാപുരം ടൗണില്‍ വര്‍ധിച്ച് വരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് എം എല്‍ എ , എം പി, മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇപ്പോള്‍ അനുവദിക്കപ്പെട്ട ട്രാഫിക് യൂനിറ്റ് താത്കാലികമായി അടുത്തിടെ നാദാപുരത്ത് ഉദ്്ഘാടനം ചെയ്ത കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്റര്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക.യൂനിറ്റിലേക്ക് ഒരു എസ് ഐ ആറ് പോലീസുകാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. ഇവിടെ നിയമിച്ച നാല് പോലീസുകാര്‍ ഇന്നലെ നാദാപുരത്ത് ചാര്‍ജ്ജെടുത്തു.
എസ് പി യുടെ അനുമതി ലഭിക്കുന്ന മുറക്ക് അടുത്താഴ്ച തന്നെ ട്രാഫിക്ക് യൂനിറ്റിന്റെ ഉദ്ഘാടനം നടത്താനാണ് ആലോചിക്കുന്നത്. നാദാപുരം എം എല്‍ എ ഇ കെ വിജയനും വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം നാദാപുരം പോലീസ് സ്‌റ്റേഷനില്‍ കെട്ടിടം ഉദ്ഘാടനത്തിനായി എത്തിയ ആഭ്യന്തര മന്ത്രിയോട് നാദാപുരത്ത് ട്രാഫിക് യൂനിറ്റ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് ട്രാഫിക് പോലീസ് യൂനിറ്റ് അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു.