ചന്ദ്രന്റെ ‘ഇരുണ്ട’ പ്രതലങ്ങളെ കുറിച്ച് പഠിക്കാന്‍ ചൈന വാഹനമൊരുക്കുന്നു

Posted on: September 9, 2015 11:57 pm | Last updated: September 9, 2015 at 11:57 pm

moon-bigബീജിംഗ്: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണാത്ത ഭാഗത്തെത്തി പര്യവേക്ഷണം നടത്തുന്ന ചന്ദ്രപര്യവേക്ഷണ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ചൈന പ്രഖ്യാപിച്ചു. ചന്ദ്രപര്യവേക്ഷണ ഉപഗ്രഹത്തിന്റെ പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ സൂ യോംഗാലിയാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചന്ദ്രന്റെ ഇരുണ്ട പ്രദേശങ്ങളിലെത്തി പര്യവേക്ഷണം ചെയ്യുന്ന ആദ്യരാജ്യമായി ചൈന മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രനിലെ പ്രതലസംബന്ധമായ പഠനങ്ങള്‍ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിയോട് അഭിമുഖീകരിക്കാത്ത ചന്ദ്രന്റെ മറുഭാഗം ഇലക്‌ട്രോമാഗ്നൈറ്റ് നിറഞ്ഞതാണെന്നാണ് നിഗമനങ്ങള്‍. താഴ്ന്ന ഫ്രീക്വന്‍സിയെ കുറിച്ച് പഠിക്കാന്‍ ഇത് വളരെ ഉപകാരപ്പെടുമെന്നും കണക്കാക്കപ്പെടുന്നു. യു എസും സോവിയറ്റ് യൂനിയനും പിറകെ ചന്ദ്രനില്‍ ഉപഗ്രഹമെത്തിച്ച മൂന്നാമത്തെ രാജ്യമാണ് ചൈന. 2013ലാണ് ചെയ്ഞ്ച്-3 എന്ന ചന്ദ്രപര്യവേക്ഷണ ഉപഗ്രഹം ചൈന ചന്ദ്രനിലിറക്കിയത്.
എന്നാല്‍ ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണാനാകാത്ത ഭാഗത്ത് പര്യവേക്ഷണം നടത്താന്‍ വേണ്ടി ഉപഗ്രഹമയക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ഭൂമിയില്‍ നിന്ന് ഉപഗ്രഹത്തെ നിയന്ത്രിക്കുക പ്രയാസകരമാകുമെന്നും മെല്‍ബണിലെ മോനാഷ് യൂനിവേഴ്‌സിറ്റിയിലെ അസ്‌ട്രോണമര്‍ മൈക്കിള്‍ ബ്രൗണ്‍ പറഞ്ഞു.