കള്ളക്കേസില്‍ നിന്ന് കുറ്റവിമുക്തനായി

Posted on: September 9, 2015 8:00 pm | Last updated: September 9, 2015 at 8:35 pm

ദുബൈ: മലയാളി തൊഴിലുടമ കള്ളക്കേസില്‍പെടുത്തിയ സെയില്‍സ് എക്‌സിക്യൂട്ടീവിനെ ദുബൈ കോടതി കുറ്റ വിമുക്തനാക്കി. തിരുവനന്തപുരം സ്വദേശിയായ സജീവിനാണ് കോടതി ഉത്തരവിലൂടെ മോചനം ലഭിച്ചത്.
ഒരു വര്‍ഷത്തിലേറെയായി വിസയുടെയും ലേബര്‍ കാര്‍ഡിന്റെയും കാലാവധി കഴിഞ്ഞ് തൊഴിലെടുക്കാനാകാതെ നീതിക്കായി നിയമ യുദ്ധം നടത്തുകയായിരുന്നു ഇദ്ദേഹം. തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ അല്‍ ഖൂസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രേഡിംഗ് കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവായിരുന്നു സജീവ്. 2014 നവംബറിലാണ് ജോലിയില്‍ പ്രവേശിച്ചത്. 11 മാസം കഴിഞ്ഞപ്പോള്‍ ഒരു മാസത്തെ അവധി ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
അവധി നല്‍കാന്‍ കഴിയില്ലെന്നും ഒരു ഉപഭോക്താവിന് സാധനം കൊടുത്തവകയില്‍ പിരിഞ്ഞുകിട്ടാനുള്ള തുക സജീവിന്റെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം 2,000 ദിര്‍ഹം വീതം പിടിക്കുമെന്നും കമ്പനിയുടമ അറിയിച്ചു. മൂന്നു ശമ്പളത്തില്‍ നിന്ന് തുക പിടിക്കുകയും ചെയ്തു. ഇതിനെതിരായി സജീവ് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി സമര്‍പ്പിച്ചു.
ഇതേ തുടര്‍ന്ന് സ്ഥാപനത്തിന്റെ വക കാര്‍ തിരിച്ചുനല്‍കുന്നില്ലായെന്ന് തൊഴിലുടമ നല്‍കിയ പരാതിയനുസരിച്ച് പോലീസ് സജീവിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഒമ്പത് മണിക്കൂറിനുശേഷം ജാമ്യത്തില്‍ വിട്ടു. താന്‍ കാര്‍ തിരിച്ചു നല്‍കിയെന്നും കമ്പനിയുടമ അത് ഉപയോഗിച്ചുവരികയാണെന്നും പ്രോസിക്യൂഷനില്‍ സജീവ് മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടര്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനിക്ക് 15,000 ദിര്‍ഹം നഷ്ടമുണ്ടാക്കിയെന്നു ഭീഷണിപ്പെടുത്തിയെന്നും തൊഴിലുടമ പോലീസില്‍ കേസ് നല്‍കി.
ഈ കേസിലും ജാമ്യമെടുത്തതിനുശേഷം ദുബൈയിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമ ഉപദേശത്തോടെ നടത്തിയ കേസില്‍ ആദ്യ ദിവസം തന്നെ കോടതി സജീവിനെ കുറ്റവിമുക്തനാക്കി. സജീവ് ലേബര്‍ കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഇപ്പോള്‍ നടന്നുവരികയാണ്.