മഴ ശക്തമായി; ചുരം മണ്ണിടിച്ചില്‍ ഭീതിയില്‍

Posted on: September 9, 2015 9:45 am | Last updated: September 9, 2015 at 9:45 am

താമരശ്ശേരി: മഴ ശക്തമായതോടെ ചുരത്തില്‍ മണ്ണിടിച്ചല്‍ ഭീതിയില്‍. ഒമ്പതാം വളവിനും തകരപ്പാടിക്കും ഇടയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയുണ്ടായ മണ്ണിടിച്ചിലില്‍ ആറുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തകരപ്പാടിക്ക് മുകളിലെ വളവില്‍ 20 മീറ്ററോളം ഉയരത്തില്‍ നിന്ന് പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. ആറോളം മരങ്ങള്‍ ദേശീയ പാതക്കു കുറുകെ വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നും താമരശ്ശേരിയില്‍ നിന്നും പോലീസ് എത്തി മരച്ചില്ലകള്‍ വെട്ടിമാറ്റി ചെറുവാഹനങ്ങള്‍ കടത്തിവിട്ടെങ്കിലും ഗതാഗതക്കുരുക്ക് കുറക്കാനായില്ല. താമരശ്ശേരി സി ഐ കെ സുഷീറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി. മരം മുറിക്കാരെയും ജെ സി ബി യും എത്തിച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ മഴയും വെളിച്ചവും മറ്റു സൗകര്യങ്ങളും ഇല്ലാത്തതും പോലീസിനെ വലച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗികളെയുമായി പോവുകയായിരുന്ന ആമ്പുലന്‍സുകളും എയര്‍പോര്‍ട്ടിലേക്കുള്ളവരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് തണുപ്പും കോടമഞ്ഞും സഹിച്ച് മണിക്കൂറുകള്‍ ചുരത്തില്‍ കഴിച്ചുകൂട്ടിയത്.
ഒന്നാം വളവ് മുതല്‍ ലക്കിടിവരെയുള്ള പ്രദേശങ്ങളില്‍ അടര്‍ന്നുവീഴാറായ പാറക്കെട്ടുകളും മണ്ണിടിച്ചിലിന് സാധ്യതയുള്ള കുന്നുകളും നിരവധിയാണ്. തകരപ്പാടി വളവില്‍ തിങ്കളാഴ്ച രാത്രി ചെറിയ മണ്ണിടിച്ചിലുണ്ടായി. പലപ്പോഴായി റോഡിലേക്ക് പതിച്ച മരങ്ങള്‍ റോഡരികില്‍നിന്നും നീക്കം ചെയ്യാത്തത് അപകടം ക്ഷണിച്ചുവരുത്തും. ഉയര്‍ന്ന പ്രദേശത്തുള്ള മണ്ണ് ഒലിച്ചു പോയതിനാല്‍ നിരവധി മരങ്ങളാണ് നിലംപൊത്താറായിരിക്കുന്നത്. മഴ ശക്തമാവുന്നതോടെ മണ്ണിടിച്ചിലുണ്ടാവുമെന്ന ഭീതിയോടെയാണ് യാത്രക്കാര്‍ ചുരം താണ്ടുന്നത്.