പാതി തളര്‍ന്ന ശരീരവുമായി കാശ്മീരില്‍ നിന്നൊരു സാഹസിക യാത്ര

Posted on: September 9, 2015 5:21 am | Last updated: September 9, 2015 at 12:22 am

mlp-Kashmiril ninnum Kanyakumariyilekku Sahasika yathra nadathunna Dildhar malappurathu ethiyappol. 1മലപ്പുറം: വിധി ശരീരത്തെ തളര്‍ത്തിയവര്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണം പകരാന്‍ പാതി തളര്‍ന്ന ശരീരവുമായി കാശ്മീര്‍ സ്വദേശിയുടെ സാഹസിക യാത്ര. കാശ്മീര്‍ ലോവര്‍മുണ്ട സ്വദേശി ദില്‍ദാര്‍ അഹമ്മദ് ഷാപ്പോയുടെ യാത്രയാണ് കഴിഞ്ഞ മാസം 21 ന് പുറപ്പെട്ട് മലപ്പുറത്ത് എത്തിയിരിക്കുന്നത്.
അരക്കു താഴെ തളര്‍ന്നവരുടെ പുനരധിവാസം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്‌പൈനല്‍ കോഡ് ഇഞ്ചുറി റൈഡ് ആണ് 5000 കിലോ മീറ്റര്‍ പിന്നിട്ടത്. ശരീരത്തിന്റെ പാതി തളര്‍ന്ന ദില്‍ദാര്‍ പ്രത്യേകം തയ്യാറാക്കിയ കാറില്‍ സ്വയം ഡ്രൈവ് ചെയ്താണ് മലപ്പുറത്തെത്തിയത്. കന്യാകുമാരിയിലാണ് യാത്ര അവസാനിപ്പിക്കുക.
സ്‌പൈനല്‍ ഇന്ത്യ വാട്‌സ് ആപ് കൂട്ടായ്മ വഴിയായിരുന്നു യാത്രയുടെ പ്രചാരണം. യാത്ര തുടങ്ങിയത് മുതല്‍ യാത്രയുടെ മുഴുവന്‍ വിവരങ്ങളും ദില്‍ദാര്‍ വാട്‌സ് ആപില്‍ പോസ്റ്റ് ചെയ്തു. കൂട്ടായ്മയില്‍ അംഗങ്ങളായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ദിര്‍ദാറിന് സ്വീകരണമൊരുക്കി. സംഗമത്തില്‍ കണ്ടും പറഞ്ഞും പങ്കുവെച്ചും പോയ അനുഭവങ്ങളും അഭിപ്രായങ്ങളുമെല്ലാം അധികാരികളുടെ മുന്നിലെത്തിക്കാനാണ് ദില്‍ദാറിന്റെ തീരുമാനം.
ഇതിനായി ഇന്ത്യ സ്‌പൈനല്‍ ഇഞ്ചുറി ഡെ ആയ ഈ മാസം 25 ന് ഡല്‍ഹിയിലെത്തും. ദുരിത ജീവിതം നയിക്കാന്‍ വിധിക്കപ്പെടുന്നവരുടെ പുനര്‍ജനിക്ക് സമൂഹത്തിന്റെ കൂട്ടായ സഹായം വലിയ തോതില്‍ ഉപകരിക്കുമെന്ന് ദില്‍ദാര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള വലിയ ശ്രമത്തിന്റെ ഭാഗമായുള്ള ചെറിയ കാല്‍വെപ്പാണ് തന്റെ യാത്ര. കൊല്‍ക്കത്ത, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം സന്ദര്‍ശിച്ചു. അവിടെയുള്ളവരുടെ വേദനകള്‍ കണ്ടറിഞ്ഞു.
ഇവരുടെ മുഴുവന്‍ പ്രശ്‌നങ്ങളും ഒപ്പിയെടുത്തു. ഇവരുടെ പ്രശ്‌ന പരിഹാരത്തിന് തന്നാലാവുന്നതെല്ലാം ചെയ്യും. ആദ്യ ഘട്ടമെന്നോണം 25 ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്ക് നിവേദനം കൈമാറുമെന്നും ദില്‍ദാര്‍ പറഞ്ഞു. അമ്മാവന്റെ മകന്‍ ഹാഷിമാണ് യാത്രയില്‍ കൂടെയുള്ളത്.
തന്റെ 19-ാം വയസ്സില്‍ സുഹൃത്തിനെ ഹസ്തദാനം നടത്തുന്നതിനിടെ റോഡില്‍ വീണാണ് ദില്‍ദാറിന്റെ അരക്ക് താഴെ തളര്‍ന്നത്. അഞ്ച് വര്‍ഷത്തോളം ചലിക്കാന്‍ പോലും കഴിയാതെ വീടിനകത്തെ നാല് ചുവരിനുള്ളില്‍ കിടന്നു.
അതിന് ശേഷമാണ് തന്നെപ്പോലെയുള്ളവരുടെ വേദനക്ക് പരിഹാരമായ പദ്ധതികള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. മലപ്പുറത്ത് നടന്ന സ്വീകരണ പരിപാടിക്ക് തോരപ്പ മുസ്തഫ, ജസ്ഫര്‍ കോട്ടക്കുന്ന്, ജോമി ജോണ്‍ നേതൃത്വം നല്‍കി. യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.