ഓണ പരീക്ഷാ ചോദ്യപേപ്പറും ഫോട്ടോസ്റ്റാറ്റ്; ക്രമക്കേട് നടന്നെന്ന് അധ്യാപകര്‍

Posted on: September 9, 2015 12:12 am | Last updated: September 9, 2015 at 12:12 am

പാഠപുസ്തകം ലഭിക്കാത്തതിനെ തുടര്‍ന്ന് പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍ പഠിച്ച സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷക്കുള്ള ചോദ്യപേപ്പറും ഫോട്ടോസ്റ്റാറ്റില്‍ തന്നെ. അധ്യയന വര്‍ഷം ആദ്യപാദം പിന്നിട്ടിട്ടും പാഠപുസ്തകം സ്‌കൂളുകളിലെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത് സംബന്ധിച്ച് വിവാദം നിലനില്‍ക്കെയാണ് ആദ്യപാദ വര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറും ഫോട്ടോസ്റ്റാറ്റായി നല്‍കിയിരിക്കുന്നത്.
അതേ സമയം ചോദ്യപേപ്പര്‍ അച്ചടിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി അധ്യാപക സംഘടനകള്‍ ആരോപണം ഉന്നയിച്ചു. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സി- ആപ്റ്റ് ചോദ്യപേപ്പര്‍ അച്ചടിയില്‍ കൃത്രിമം കാണിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സി-ആപ്റ്റിനെ ചോദ്യപേപ്പര്‍ അച്ചടി ചുമതല ഏല്‍പ്പിച്ചത് ദുരൂഹതയുണര്‍ത്തുന്നതായും അധ്യാപക സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
ആവശ്യത്തിന് ചോദ്യപേപ്പര്‍ അച്ചടിച്ചു നല്‍കാതെ ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷ പലയിടത്തും അലങ്കോലപ്പെട്ടതായി അധ്യാപകരും വിദ്യാര്‍ഥികളും പറഞ്ഞു. ചില വിദ്യാലയങ്ങളില്‍ ആവശ്യമായതിന്റെ 30 ശതമാനത്തില്‍ താഴെ ചോദ്യപേപ്പര്‍ മാത്രമാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ ഇത് പത്ത് ശതമാനം മാത്രവും. പലയിടത്തും പ്രധാനാധ്യാപകര്‍ പുറത്തുപോയി ഫോട്ടോസ്റ്റാറ്റ് എടുത്താണ് പരീക്ഷ നടത്തിയത്. ചെങ്ങന്നൂര്‍ ചെറിയാനാട് സ്‌കൂളില്‍ രണ്ട് ദിവസവും ചോദ്യപേപ്പര്‍ ആവശ്യത്തിന് ലഭിച്ചില്ല. പ്രധാനാധ്യാപകന്‍ സ്വന്തം ചെലവിലാണ് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കിയത്. ഇവിടെ 40 കുട്ടികളുള്ള ക്ലാസില്‍ ആകെ ലഭിച്ചത് നാല് ചോദ്യപേപ്പറാണ്. കൊല്ലം, ആലപ്പുഴ, പാലക്കാട്, ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്.
നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള ചോദ്യപേപ്പറുകള്‍ തയാറാക്കുന്ന ചുമതല എസ് എസ് എക്കും, ഒമ്പത്, പത്ത് ക്ലാസുകളിലേത് ഡി പി ഐ ഓഫീസിനുമാണ്. എസ് എസ് എക്ക് കീഴിലെ 14 ഡയറ്റുകളാണ് ചോദ്യം തയ്യാറാക്കിയത്. ഒമ്പത്, പത്ത് ക്ലാസുകളിലെ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ആര്‍ എം എസ് എ ഫണ്ടാണ് ഉപയോഗിക്കുന്നത്. ഈ ഫണ്ട് ഉപയോഗപ്പെടുത്തി സി- ആപ്റ്റാണ് ചോദ്യപേപ്പര്‍ അച്ചടിച്ച് നല്‍കേണ്ടത്. പലയിടങ്ങളിലും പാക്കിംഗ് ഇല്ലാതെയാണ് ചോദ്യപേപ്പര്‍ എത്തിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
അതേസമയം ഇത്തവണ എട്ടാം ക്ലാസിലേക്കുള്ള ചോദ്യപേപ്പര്‍ കരിക്കുലം കമ്മിറ്റി യോ ഡി പി ഐയോ അറിയാതെ എസ് സി ഇ ആര്‍ ടി പരിഷ്‌കരിച്ചതായും അധ്യാപകര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് നേരത്തെ രണ്ട് മണിക്കൂറായിരുന്ന പരീക്ഷ ഒന്നര മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഓണാവധിക്ക് മുമ്പ് നടത്തേണ്ടിയിരുന്ന പാദവാര്‍ഷിക പരീക്ഷയാണ് പാഠപുസ്തക വിതരണം വൈകിയതിനെ തുടര്‍ന്ന് നീട്ടിവെച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച പരീക്ഷ ഈ മാസം 15 ന് സമാപിക്കും.