പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരം; ഒത്തുതീര്‍പ്പില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Posted on: September 8, 2015 10:15 pm | Last updated: September 9, 2015 at 12:15 am

പൂനെ: ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥികളുടെ സമരം ഒത്തു തീര്‍പ്പാക്കുന്നതില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മുന്‍ സിനിമാതാരവും രാഷ്ട്രീയക്കാരനുമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ഥികളുടെ സമരം.
വിദ്യാര്‍ഥികളുമായി സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി സമരം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇത്തരം പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അതത് മേഖലയിലെ മികച്ചവരെ തന്ന് തങ്ങളുടെ സ്ഥാപന മേധാവിയായി വേണമെന്ന് വാശിപിടിക്കുകയാണെങ്കില്‍ അത് അസംഭവ്യമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കുകയെന്നും ഹരജിയില്‍ പറയുന്നു. രാജ്യത്തൊട്ടാകെയുള്ള വിദ്യാര്‍ഥികളില്‍ നിഷേധാത്മക സ്വാധീനമാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ഉണ്ടാക്കിയിട്ടുള്ളതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ താത്പര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നതായും അതിനാല്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹരജിയില്‍ പറയുന്നു.
അതിനിടെ, സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെങ്കില്‍ നിരാഹാര സത്യഗ്രഹം തുടങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫാക്കല്‍റ്റിയായ അഭിജിത് ദാസ് പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരാഹാരം ആരംഭിച്ചിട്ടുണ്ട്.