വിശ്വാസത്തെതെരുവിലിറക്കിയുള്ള ആര്‍ എസ് എസ് പ്രചരണത്തെ നേരിടും: എം ബി രാജേഷ് എം പി

Posted on: September 8, 2015 9:32 am | Last updated: September 8, 2015 at 9:32 am

പാലക്കാട്: വര്‍ഗ്ഗീയ ചേരി തിരിവുണ്ടാക്കി വിശ്വാസത്തെ തെരുവിലിറക്കിയുള്ള ആര്‍ എസ് എസ് പ്രചാരണത്തെ നേരിടുമെന്ന് ഡി വൈ എഫ് അഖിലേന്ത്യാ പ്രസിഡന്റ് എംബി രാജേഷ് എം പി കുറ്റപ്പെടുത്തി. വിശ്വാസത്തെയും ദൈവങ്ങളെയും തെരുവിലിറക്കി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ശ്രമിക്കുന്നത് വിശ്വാസികള്‍ തന്നെ ഇടപെട്ട് അവസാനിപ്പിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ ദുരുപയോഗപ്പെടുത്തലാണെന്നും ദൈവങ്ങളെ നിന്ദിക്കുന്നതിനെതിരെ വിശ്വാസികള്‍ തന്നെ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക തീവ്രവാദികളുടെ മാതൃകയാണ് ആര്‍ എസ് എസ് പിന്തുടരുന്നതെന്നും സംസ്ഥാനത്ത് ആര്‍ എസ് എസിനെതിരെ പ്രകോപനം സൃഷ്ടിക്കുന്നതിന് എന്‍ ഡി എഫ് ശ്രമിക്കുന്നവെന്നും ഇത്തരം ഏറ്റമുട്ടലുകള്‍ക്കെതിരെ സാമാധാന കാംക്ഷികളെ അണിനിരത്തി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെ നടത്തുന്ന രാഷ്ട്രീയ-മത പ്രകോപനങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും ആസൂത്രിതമാണെന്നും ജില്ലയില്‍ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍ എസ് എസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും എം ബി രാജേഷ് ആരോപിച്ചു.
ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ അവകാശവും നരേന്ദ്ര മോദിക്ക് ചാര്‍ത്തിക്കൊടുക്കുവാന്‍ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.