Connect with us

Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആറ് നില കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

തിരൂര്‍: ജനകീയ ഫണ്ട് ശേഖരണത്തിലൂടെ പണിപൂര്‍ത്തിയാക്കിയ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ആറ്‌നില കെട്ടിടം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു.
ജനകീയ പങ്കാളിത്തത്തോടെ അഞ്ച് കോടി രൂപ സമാഹരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് പുറമെ അഞ്ചു കോടി രൂപാ ചെലവില്‍ എന്‍ ആര്‍ എച്ച് എമ്മിന്റെ കീഴില്‍ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം, സോളാര്‍ പവര്‍ പ്ലാനിംഗ് , സി ടി സ്‌കാന്‍, ഡയാലിസിസ് മൂന്ന് ഷിഫ്റ്റാക്കി വര്‍ധിപ്പിക്കല്‍, പുതുതായി നിര്‍മിക്കുന്ന കാന്റീന്‍ കെട്ടിടത്തിന്‍രെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനവും ട്രാന്‍സ്‌ഫോര്‍മര്‍ സിച്ച് ഓണ്‍ കര്‍മ്മവും ചടങ്ങില്‍ നടന്നു.
ആരോഗ്യമന്ത്രി ശിവകുമാര്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.
ആശുപത്രിയില്‍ സജ്ജീകരിച്ച സി ടി സ്‌കാന്‍ കേന്ദ്രം മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്തു. സി മമ്മുട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ സഫിയ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജല്‍സീമിയ, വി. സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, ടി വനജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം അബ്ദുല്ലക്കുട്ടി, വഹീദ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി സൈതലവി മാസ്റ്റര്‍, വെട്ടം ആലിക്കോയ, മെഹറുന്നീസ, എം.പി കുമാരു, ഉമ്മര്‍ അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ
ചികിത്സ വ്യാപിപ്പിക്കും: മുഖ്യമന്ത്രി
തിരൂര്‍: ക്യാന്‍സര്‍ രോഗികളുടെ സൗജന്യ ചികിത്സക്ക് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സുകൃതം പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലേക്കും ജനറല്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ അഞ്ച് മെഡിക്കല്‍ കോളജുകളിലും മൂന്ന് അര്‍ബുദ രോഗ ആശുപത്രികളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മാത്രമാണ് സുകൃതം പദ്ധതിയുള്ളത്. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. സൗകര്യങ്ങളില്ലാത്ത ആശുപത്രികളില്‍ ഇതിന് സജ്ജീകരണമൊരുക്കും. ഓങ്കോളജിസ്റ്റുകളുടെ അഭാവം മൂലം അര്‍ബുദരോഗ വിദഗ്ധരെ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ പ്രയാസം നേരിടുന്നുണ്ട്. ഇതു പരിഹരിക്കാന്‍ ആശുപത്രികളിലെ നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Latest