ഡിജിറ്റല്‍ ഇന്റോഡ്‌സ് പദ്ധതി കോഴിക്കോട്ടും

Posted on: September 8, 2015 9:21 am | Last updated: September 8, 2015 at 9:21 am

കോഴിക്കോട്: കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് രംഗത്തുള്ള നാടന്‍ മിടുക്കന്‍മാരെ കണ്ടെത്തി പരിശീലിപ്പിച്ച് ഇന്ത്യയിലെ വന്‍നഗരങ്ങളിലുള്ള സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ജോലി നേടിക്കൊടുക്കുന്നതിനായി ബാബ്ട്ര. കോം രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ ഇന്റോഡ്‌സ് പദ്ധതി ജില്ലയിലും എത്തുന്നു.
25 ന് വൈകുന്നേരം നാലിന് കാഫിറ്റ് സ്‌ക്വയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാകലക്ടര്‍ എന്‍ പ്രശാന്ത് ഐ എ എസ് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബാബ്ട്രയുടെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യമായി പ്രോഗ്രാമ്മിംഗ് സ്‌കില്‍ അസ്സെസ്സ്‌മെന്റ് ടെസ്റ്റും കമ്പനി ഓറിയന്റേഷനും നല്‍കുന്ന ഈ പദ്ധതി സര്‍ക്കാരിന്റെ എംപ്ലോയബിലിറ്റി സെന്ററുകളുമായും സഹകരിക്കും.
ആദ്യഘട്ടത്തില്‍ ജില്ലയിലെ കമ്പ്യൂട്ടര്‍ സെന്ററുകളുമായി ചേര്‍ന്ന് ആരംഭിക്കുന്ന പദ്ധതി പിന്നീട് കേരളത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ബാബ്ട്ര.കോം പ്രവര്‍ത്തകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഹാരിസ് എന്‍ പി, ദീപക് കെ സി, മോനിഷ് മോഹന്‍ പങ്കെടുത്തു.