കേന്ദ്ര സര്‍ക്കാര്‍ ആര്‍ എസ് എസിന്റെ ചട്ടുകം: മായാവതി

Posted on: September 8, 2015 6:00 am | Last updated: September 8, 2015 at 12:14 am

ലക്‌നോ: കേന്ദ്ര സര്‍ക്കാര്‍ ആര്‍ എസ് എസിന്റെ കൈയിലെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്നു ബി എസ് പി അധ്യക്ഷ മായാവതി. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനു സമയമില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധനാകാന്‍ മോദിക്കു കഴിയില്ല. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ പിടിച്ചിരിക്കുന്നത് ആര്‍ എസ് എസ് ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ എസ്എ സിന്റെ ആജ്ഞാനുവര്‍ത്തിയാണ്. ഇത് നിര്‍ഭാഗ്യകരമാണെന്നും മായാവതി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, യു പി എ സര്‍ക്കാരിന്റെ കൈയിലെ റിമോട്ട് കണ്‍ട്രോളായിരുന്നെന്ന ബിജെപിയുടെ ആരോപണത്തെ അനുസ്മരിപ്പിച്ചായിരുന്നു മോദിക്കെതിരേ മായാവതി തുറന്നടിച്ചത്.
ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ പ്രഖ്യാപനത്തെയും മായാവതി വിമര്‍ശിച്ചു. പ്രഖ്യാപനത്തില്‍ ഇരട്ടത്താപ്പാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ജവാന്മാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും അവര്‍ പറഞ്ഞു.