‘കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് സംസാരിക്കണം’ – ചാനല്‍ പരിപാടിക്കിടെ സാറാ പാലിന്റെ പ്രസ്താവന വിവാദമായി

Posted on: September 8, 2015 6:00 am | Last updated: September 7, 2015 at 11:59 pm

imagesവാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് കുടിയേറിയവര്‍ ഇംഗീഷ് സംസാരിക്കണമെന്ന മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സാറ പാലിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശമുയരുന്നു. സി എന്‍ എന്നിന്റെ ഒരു പരിപാടിക്കിടെയാണ് പാലിന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സ്‌പെയിന്‍കാര്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജെബ് ബുഷ് സ്പാനിഷ് ഭാഷയില്‍ പ്രസംഗിച്ചതിനെ കുറ്റപ്പെടുത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റ നടപടിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് പാലിന്‍ വിവാദ പ്രസ്താവന നടത്തിയത്. നമുക്കൊരു സന്ദേശം നല്‍കാനാകും. ഒന്നാമത്തെ കാര്യം നിങ്ങള്‍ക്ക് അമേരിക്കയില്‍ കഴിയേണ്ടതുണ്ടെങ്കില്‍ ഇവിടത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങള്‍ രാജ്യത്തിന് പുറത്താകും. രണ്ടാമത് നിങ്ങള്‍ അമരിക്കയില്‍ കഴിയുകയാണെങ്കില്‍ അമേരിക്കന്‍ ഭാഷ സംസാരിക്കണം അതായത് ഇംഗ്ലീഷ് – എന്നാണ് ടി വി ഷോക്കിടെ പാലിന്‍ പറഞ്ഞത്. ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ് ഭാഷയെന്നും ഇത് എല്ലാവരും അറിഞ്ഞിരിക്കണമെന്നും അലാസ്‌ക സംസ്ഥാനത്തിന്റെ മുന്‍ ഗവര്‍ണര്‍കൂടിയായിരുന്ന പാലിന്‍ പറഞ്ഞിരുന്നു. പാലിന്റെ വാക്കുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വന്‍ വിമര്‍ശമാണ് ഏറ്റുവാങ്ങിയത്. പാലിനെ പരിഹസിച്ചുകൊണ്ടും കുടിയേറ്റക്കാരുടെ വിഷയത്തില്‍ ഇവരുടെ നിലപാടിനെ അപലപിച്ചുകൊണ്ടും നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതി. ട്രംപ് പ്രസിഡന്റായാല്‍ താന്‍ ഊര്‍ജ സെക്രട്ടറിയായേക്കാമെന്നും ഷോയില്‍ പാലിന്‍ പറഞ്ഞിരുന്നു.