Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: പഞ്ചായത്തുകള്‍ക്ക് 37,500 ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലും ആദ്യമായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. ത്രിതല പഞ്ചായത്തുകളിലെ ഉപയോഗത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ രൂപകല്‍പ്പന ചെയ്ത 37,500 മള്‍ട്ടിപോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ വിവിധ ജില്ലകളില്‍ വിതരണം പൂര്‍ത്തിയായി. ഈ വോട്ടിംഗ് യന്ത്രമുപയോഗിച്ച് സമ്മതിദായകന് ഗ്രാമ-ബ്ലോക്ക്-ജില്ലാ തലത്തിലെ വോട്ടുകള്‍ ഒരേ യന്ത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയും.
വോട്ടിംഗ് യന്ത്രങ്ങളുടെ ഫസ്റ്റ് ലവല്‍ ചെക്കിംഗ് ഇതിനകം പൂര്‍ത്തിയായി. പുതിയ വോട്ടിംഗ് യന്ത്രത്തിനെക്കുറിച്ച് സമ്മതിദായകര്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും അറിവ് പകരാനായി എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്തില്‍ വീതം മോക് പോളിംഗ് സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ മള്‍ട്ടിപോസ്റ്റ് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരുന്നതിന് മൊബൈല്‍ വോട്ടിംഗ് യൂനിറ്റുകള്‍ ഉള്‍പ്പെടെ വിപുലമായ പ്രചാരണവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്നുണ്ട്. നഗരസഭകളില്‍ നേരത്തെ തന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ഉപയോഗിച്ചുവരുന്നത്.