Connect with us

Wayanad

നെന്മേനി നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ വീണ്ടും കുളമ്പ് രോഗം; ക്ഷീരകര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: നെന്മേനി നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ കുളമ്പ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി മൃഗസംരക്ഷണവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കച്ചവടത്തിനും സ്‌കീം ആവശ്യങ്ങള്‍ക്കുമായി കന്നുകാലികളെ കൊണ്ട് വരുമ്പോള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നെന്‍മേനി പഞ്ചായത്തില്‍ കുളമ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് സ്‌ക്വാഡുകളും നൂല്‍പ്പുഴയില്‍ മുന്ന് സ്‌ക്വാഡുകളും പ്രവര്‍ത്തിച്ചു തുടങ്ങി. നെന്‍മേനി നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ ചത്ത കന്നുകാലികളുടെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ പരിശോധിച്ച് കുളമ്പ് രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ജാഗ്രാത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കുളമ്പ് രോഗം സാംക്രമിക രോഗമായതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട മൃഗാശുപത്രിയില്‍ വിവരം അറിയിക്കുകയും തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പുവരുത്തുകയും വേണം.
രോഗം പിടിപെട്ട കാലികളുള്ള വീട്ടില്‍ ക്ഷീരകര്‍ഷകര്‍ കഴിവതും സന്ദര്‍ശനം ഒഴിവാക്കണം. തൊഴുത്ത്, പുല്‍ത്തൊട്ടി, പരിസര പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ വൈറസിന്റെ വ്യാപനം തടയാന്‍ യുക്തമായ അണുനാശിനി പ്രയോഗിക്കണം.
നാല് ശതമാനം വീര്യത്തില്‍ അലക്കുകാര ലായനി പ്രയോഗിക്കാം. രോഗം ബാധിച്ച കന്നുകാലികളെ മേയാന്‍ വിടുകയോ, ക്രയവിക്രയം ചെയ്യുകയോ, മാംസ ആവശ്യങ്ങള്‍ക്കായി കശാപ്പു ചെയ്യുകയോ, അറവ് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുവാനോ പാടുള്ളതല്ല. ആറ് മാസം ഇടവേളകളില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ഉരുക്കള്‍ക്ക് നിര്‍ബന്ധമായും നല്‍കണം. ഈ കുത്തിവെപ്പിന് പാര്‍ശ്വഫലങ്ങളില്ല.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കാലികളാണ് രോഗം വന്ന് ചാകുന്നത്. കുളമ്പ് രോഗം ബാധിച്ച അത്യുത്പ്പാദന ശേഷിയുള്ള ഉരുക്കളില്‍ കരലടപ്പന്‍ മൂലവും മരണം സംഭവിക്കാമെന്നും മൃഗസംരക്ഷമവകുപ്പ് വ്യക്തമാക്കുന്നു. നിലവില്‍ ജില്ലയിലെ നെന്‍മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് എല്ലാ കര്‍ഷകരും ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടെ സഹായം തേടേണ്ടതാണ്. കുളമ്പ് രോഗം മൂലം ദുരിതം പേറുന്ന നെന്‍മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ഇവിടങ്ങളിലെ മൃഗാശുപത്രികളില്‍ മുഴുവന്‍ സമയവും ഡ്യൂട്ടി ഡോക്ടര്‍മാരുടെ സേവനവും ചികിത്സയക്കാവശ്യമായ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരടങ്ങുന്ന ഒമ്പതോളം സ്‌ക്വാഡുകള്‍ ഇരുപഞ്ചായത്തുകളിലും കഴിഞ്ഞ ഒരുമാസക്കാലത്തോളമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഫോണ്‍: 04936 206845,9048672180.

---- facebook comment plugin here -----

Latest