പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍

Posted on: September 7, 2015 10:18 am | Last updated: September 7, 2015 at 10:18 am

പൊന്നാനി: കൊട്ടിഘോഷിച്ചു നടന്ന പൊന്നാനി കാര്‍ഗോ പോര്‍ടിന്റെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടാറായെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഉണര്‍വ് പ്രകടമായില്ല.
നിര്‍മാണ ഉദ്ഘാടനം നടന്ന കഴിഞ്ഞ മാസം എട്ടിന് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അപ്രോച്ച് ബണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണ മേഖല കല്ലിട്ടു തിരിക്കുന്ന പ്രവൃത്തിയാണിത്. 1535 മറ്റര്‍ നീളത്തിലുള്ള ബണ്ടിന്റെ നിര്‍മ്മാണം ഏഴ് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യമാസം പിന്നിടുമ്പോള്‍ പ്രാഥമിക നടപടിയില്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ യന്ത്രസാമഗ്രികളോ, മറ്റു ഉപകരണങ്ങളോ ഒന്നും തന്നെ പദ്ധതി പ്രദേശത്ത് ഇതുവരെയും എത്തിയിട്ടില്ല. നിര്‍മാണ കമ്പനിയുടെ സൈറ്റ് ഓഫീസ് പോലും ഇനിയും തുറന്നിട്ടില്ല. അഴിമുഖത്തോട് ചേര്‍ന്ന ഭാഗത്ത് കല്ല് മാറ്റുന്നതിനും മറ്റുമായി ഒരു ജെ സി ബി മാത്രമാണ് പദ്ധതി പ്രദേശത്തുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ മാസങ്ങള്‍ക്കുമുമ്പ് ഒപ്പുവെച്ചിരുന്നെങ്കിലും പദ്ധതി പ്രദേശത്ത് യാതൊരു നിര്‍മാണ മുന്നൊരുക്കവും കരാര്‍ കമ്പനി നടത്തിയിരുന്നില്ല. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുറമുഖം കമ്മീഷന്‍ ചെയ്യണമെന്നതാണ് കരാര്‍. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസംപിന്നിട്ടിട്ടും നിര്‍മ്മാണ പ്രവൃത്തിയില്‍ ഉത്സാഹം പ്രകടമാകാത്തത് സംശയങ്ങള്‍ക്കും, ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. നിര്‍മാണ ചുമതലയുള്ള കമ്പനിയുടെ പ്രാപ്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കരിങ്കല്ലിന്റെ ലഭ്യതക്കുറവാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്കിന് കാരണമായി കരാറുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരേ സമയം വ്യത്യസ്ത നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കുമ്പോള്‍ മാത്രമെ സമയബന്ധിതമായി പോര്‍ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകൂവെന്നാണ് ഈ മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായം.
ഒന്നരകിലോമീറ്ററുകളോളം കടല്‍ നികത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. അപ്രോച്ച് ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഡ്രെഡ്ജിംഗ് ആരംഭിക്കാനാവൂ. ബര്‍ത്തുകള്‍, കണ്ടയ്‌നര്‍ ടെര്‍മിനല്‍ എന്നിവയുടെ നിര്‍മാണം ഇതിന് ശേഷമാണ് നടക്കുക.
വ്യത്യസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് സമയബന്ധിതമായി തുറമുഖം യഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ധ്രുതഗതിയിലുള്ള പ്രവൃത്തികള്‍ കൂടിയെ തീരൂ. സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള ഫണ്ട് സമാഹരണം വിചാരിച്ച പോലെയാകാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണമെന്ന ആക്ഷേപമുണ്ട്.