ജില്ലയിലെ ബീച്ചുകള്‍ മോടി പിടിപ്പിക്കുന്നു

Posted on: September 7, 2015 10:12 am | Last updated: September 7, 2015 at 10:12 am

കോഴിക്കോട്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ജില്ലയിലെ ബീച്ചുകള്‍ കൂടുതല്‍ മോടി പിടിപ്പിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോഴിക്കോട്, കാപ്പാട്, ബേപ്പൂര്‍ ബീച്ചുകള്‍ നവീകരിക്കുന്നത്.
എഫ് ആര്‍ സി എല്‍ എല്‍ ഫാക്ട് എന്ന കമ്പനിക്കാണ് പ്രവൃത്തി ചുമതല നല്‍കുന്നത്. ഓരോ ബീച്ചിലും ഏന്തൊക്കെ തരത്തിലുള്ള പ്രവൃത്തികളാണ് വേണ്ടതെന്ന നിര്‍ദേശം ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓരോ ബീച്ചിലെയും സ്ഥല സൗകര്യവും സഞ്ചാരികള്‍ വരുന്ന അളവും പരിഗണിച്ച് അതിന് അനുസരിച്ചുള്ള നവീകരണ പ്രവൃത്തികളാണ് നടത്തുക.
നിരവധി പരിപാടികള്‍ നടക്കുന്ന കോഴിക്കോട് ബീച്ചിലെ സ്റ്റേജ് നവീകരിക്കുന്നതിന് ഇതില്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. ഇതിനായി സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ ഇതിന്റെ അടിസ്ഥാനത്തില്‍ എഫ് ആര്‍ സി എല്‍ എല്‍ ഫാക്ട് കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനി എസ്റ്റിമേറ്റ് സമര്‍പ്പിക്കും. എത്രയും പെട്ടന്ന് തന്നെ പ്രവൃത്തികള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
വൈകുന്നേരങ്ങളിലും മറ്റും ദിനേന ആയിരക്കണക്കിന് പേരാണ് ഈ മൂന്ന് ബീച്ചിലും എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതകള്‍ അടക്കം നിരവധി പ്രശ്‌നങ്ങളാണ് ഇവിടങ്ങളിലുള്ളത്. വന്‍ തുക ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കിയ കോഴിക്കോട് ബീച്ചിലെ ഇരിപ്പിടങ്ങള്‍ പലതും തകര്‍ന്നിരിക്കുകയാണ്. വിശ്രമകേന്ദ്രങ്ങളുടെ മേല്‍ക്കൂര തുരുമ്പെടുത്ത് നശിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ലോറിയിടിച്ച് കോര്‍പറേഷന്‍ ഓഫീസിന് മുമ്പില്‍ ബീച്ചിലെ ഒരു ഭാഗം പൂര്‍ണമായും നശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നന്നാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പ്രവൃത്തികളെല്ലാം പുതിയ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയേക്കും.
ചരിത്ര പ്രാധാന്യമുള്ള കാപ്പാട് ബീച്ചില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കാനും ബേപ്പൂര്‍ ബീച്ചിലെ പുലിമൂട്ട് നവീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.