സംസ്ഥാന അധ്യാപക അവാര്‍ഡ് ടോണി ഫിലിപ്പിന് സമ്മാനിച്ചു

Posted on: September 6, 2015 10:27 am | Last updated: September 6, 2015 at 10:27 am

കല്‍പ്പറ്റ: അമ്പത്തിനാലാമത് ദേശീയ അധ്യാപക ദിനാഘോഷവും സംസ്ഥാന അവാര്‍ഡ് വിതരണവും കാഞ്ഞങ്ങാട് കാസര്‍ഗോഡ് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. വിദ്യാഭ്യാസ വകുപ്പ മന്ത്രി പി കെ അബ്ദുറബ്ബില്‍ നിന്ന് ടോണി ഫിലിപ്പ് സംസ്ഥാന അധ്യാപക അവാര്‍ഡ് ഏറ്റു വാങ്ങി.
മേപ്പാടി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ കായികാധ്യാപകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ജില്ലയിലെ സകല കായിക സംഘടനത്തിന്റെയും അമരക്കാരനാവുകയായിരുന്നു ടോണി ഫിലിപ്പ് . നിലവില്‍ വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായ അദ്ദേഹം അതേ പ്രാധാന്യത്തോടെ തന്നെ പുഴമുടിയിലെ സെന്റ് വിന്‍സെന്റ് പോള്‍ സൊസൈറ്റിയിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയും കാണുന്നു. പഠനകാലത്ത് കോളേജിന്റെ ജനറല്‍ ക്യാപ്റ്റനും എന്‍ സി സി എന്‍ എസ് എസ് എന്നിവയുടെ സജീവാംഗവും ദേശിയ താരവുമായിരുന്ന ടോണി ഫിലിപ്പ് തന്റെ കഴിവുകള്‍ വിവിധ വിദ്യാലയങ്ങളെ കായികാധ്യപകന്‍ എന്ന നിലയില്‍ സമര്‍പ്പിച്ചപ്പോള്‍ ആ വിദ്യാലയങ്ങളെല്ലാം ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിച്ചു.
ആര്‍ സി എച്ച് എസ് ചുണ്ടേലിന്റെ മിലേനിയം സ്‌പോര്‍ട്‌സ് ട്രോഫി നേട്ടത്തിലും തുടര്‍ന്ന് ധാരാളം ദേശിയ താരങ്ങളുടെ മുന്നേറ്റത്തിലും ടോണി ഫിലിപ്പിന്റെ കൈയ്യൊപ്പുണ്ട്. റവന്യൂ ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറി എന്ന നിലയിലും 17 വര്‍ഷമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമെന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. വയനാടന്‍ മണ്‍സൂണിനെ ആഘോഷമാക്കിയ സ്പ്ലാഷില്‍ മഡ് ഫുഡ് ബോള്‍ എന്ന ആശയം അവതരിപ്പിച്ചത് ടോണി ഫിലിപ്പാണ്. കടുംബശ്രീയിലെ വനിതകള്‍ക്കായി കായിക മത്സരങ്ങള്‍ എന്ന ആശയമുയര്‍ത്തിയതും നടപ്പിലാക്കാന്‍ നേതൃത്വം നല്‍കിയതുമാണ് മറ്റൊരു നാഴികക്കല്ല്. ആദിവാസി വിദ്യാര്‍ഥികളെ കേരളത്തിന്റെ കായിക കരുത്താക്കാനും വിവിധ പദ്ധതികള്‍ നടപ്പിലാക്കി. 22 വര്‍ഷമായി ട്രാക്ക് ഇനങ്ങളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് ഒഫീഷ്യലായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
വയനാട്ടിലെ ഗണ്‍ സ്റ്റാര്‍ട്ടറും ടോണി ഫിലിപ്പാണ്.ജില്ലയ്ക്ക് സാമാന്യേന അപരിചിതമായ ഹാന്റ് ബോള്‍ , ഫെന്‍സിംഗ്,ത്രോബോള്‍, സോഫ്റ്റ് ബോള്‍, ടെന്നിക്കോയ് തുടങ്ങിയ ഇനങ്ങളും കുട്ടികളെ പരിശീലിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യുന്നു. ടോട്ടല്‍ ഫിറ്റ്‌നസ് പ്രോഗ്രാം ആദിവാസി കുട്ടികളെ സ്‌പോട്ട്‌സ് പ്രോഗ്രാം എന്നിവയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്ന ടോണി ഫിലിപ്പ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ പരിശീലനവും നടത്തി വരുന്നു. സ്‌കൂളിലെ പരിസ്ഥിതി, ആരോഗ്യ ക്ലബ്ബുകള്‍ സ്‌കൗട്ടിംഗ് , ജെ ആര്‍ സി എന്നിവയുടെ ചുമതലയും ഇദ്ദേഹം വഹിക്കുന്നു. ബഹുമതികളും പുരസ്‌കാരങ്ങളും ഏറെ തേടി വന്നിട്ടുണ്ട് ടോണി ഫിലിപ്പിനെ 2012 ല്‍ ലഭിച്ച കായിക ശ്രേഷ്ഠ പുരസ്‌കാരം , ജില്ലാ ഭരണ കൂടവും വിദ്യാഭ്യാസ വകുപ്പും സമ്മാനിച്ച ബെസ്റ്റ് എഡ്യൂകേഷന്‍ അവാര്‍ഡ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ സ്‌പോര്‍ട്‌സ് അവാര്‍ഡ്,മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ബെസ്റ്റ് ഫിസിക്കല്‍ എഡ്യൂകേഷന്‍ അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതാണ്. പൈക്ക, കേരളോത്സവം , ജില്ലയിലെ കായിക മേളകള്‍ എന്നിവയുടെയും നിത്യസംഘാടകരിലൊരാളായ ടോണി ഫിലിപ്പിന്റെ വിയര്‍പ്പുറ്റ നിരന്തര യത്‌നങ്ങളിലെ നല്ല ഓട്ടത്തെ മാനന്തവാടി ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു.