മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കിടയില്‍ മൂപ്പിളമപ്പോര്

Posted on: September 6, 2015 10:23 am | Last updated: September 6, 2015 at 10:23 am

മഞ്ചേരി: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കിടയിലെ മൂപ്പിളമപ്പോര് പരിഹരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി 25ന് മഞ്ചേരിയില്‍. മഞ്ചേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാറിന്റെ നിര്‍ദേശങ്ങളും ചുമതലകളും അംഗീകരിക്കാനാവില്ലെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ നിലപാടിന് അറുതി വരുത്താന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍ ഈ മാസം 25ന് മഞ്ചേരി ആശുപത്രിയിലെത്തും.
ചെരണിയില്‍ ജനറല്‍ ആശുപത്രി തുടങ്ങണമെന്ന കെ ജി എം ഒ എ ഡോക്ടര്‍മാരുടെ ആവശ്യവും സൂപ്രണ്ടിന്റെ നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് അംഗീകരിക്കേണ്ടതില്ലെന്ന കെ ജി എം സി ടി എ അധ്യാപക സംഘടനയുടെ വാദവും നിലനില്‍ക്കുകയാണ്. മെഡിക്കല്‍ കോളജിന് വേറെ തന്നെ സൂപ്രണ്ട് വേണമെന്നാണ് അധ്യാപക സംഘടനയുടെ ആവശ്യം. ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ചുമതലകള്‍ അവര്‍ നിര്‍വഹിക്കാന്‍ വിസമ്മതിക്കുന്നതായി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ സമ്മതിച്ചു. ഈ ശീതസമരം തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ പരിഹരിക്കാനായില്ല. 25ന് മഞ്ചേരിയിലെത്തുന്ന ആരോഗ്യ സെക്രട്ടറി ജനറല്‍ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരെ ചുറ്റുമിരുത്തി ചര്‍ച്ച നടത്തും. ഡോക്ടര്‍മാരുടെ ഡ്യൂട്ടി പ്രശ്‌നം, സര്‍ജറി ഒ പി പൂട്ടിക്കിടക്കുന്നത്, അനസ്‌തേസ്യയില്ലാത്ത പ്രശ്‌നം, അത്യാഹിത വിഭാഗത്തിലെ പോരായ്മകള്‍, ഡോക്ടര്‍മാരില്‍ നിന്നും സത്യവാങ്മൂലം സ്വീകരിക്കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളജിലെ പുതിയ കെട്ടിടം പണി തീര്‍ക്കുന്നത് സംബന്ധിച്ചെല്ലാം ചര്‍ച്ച ചെയ്യും. നാലാം വര്‍ഷ ബാച്ചിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നതിന് മുമ്പായി സ്വീകരിക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും എം സി ഐയുടെ പരിശോധന സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും യോഗത്തിനെത്തിയേക്കും. മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്ന കാര്യവും അക്കാഡമി-ഫാക്കല്‍റ്റി കെട്ടിട പുരോഗതിയും വിലയിരുത്തും. ഡോക്ടര്‍മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രതിഫലിക്കുന്നത് രോഗികള്‍ക്കിടയിലാണെന്നതാണ് വ്യത്യസ്തത.