Connect with us

Malappuram

അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച ചോരക്കുഞ്ഞിനെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

Published

|

Last Updated

മഞ്ചേരി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഏറ്റെടുത്ത് കോഡൂര്‍ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10.50ന് അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച ആണ്‍ കുഞ്ഞിനെ പരിചരണത്തിനായി മെഡിക്കല്‍ കോളജ് നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിനെ ഇന്നലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്, മെമ്പര്‍മാരായ അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബു, എം മണികണ്ഠന്‍ എന്നിവര്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാറില്‍ നിന്നും ഏറ്റുവാങ്ങി സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള മലപ്പുറം കോഡൂരിലെ ശിശു പരിപാലന കേന്ദ്രം സൂപ്രണ്ട് റാബിയക്ക് കൈമാറുകയായിരുന്നു. ഡോക്ടര്‍മാരായ ഫവാസ് മൂസ, സഹീര്‍, നഴ്‌സിംഗ് സൂപ്രണ്ട് ശോഭ, രജനി എം ജോന്‍സി എന്നിവര്‍ പങ്കെടുത്തു. കമ്മറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞിന്റെ മാതാവും മുത്തച്ഛനും സി ഡബ്ല്യു സി മുമ്പാകെ ഹാജരായി. കുഞ്ഞിനെ ബാലനീതി നിയമപ്രകാരമുള്ള സറണ്ടറിന് തയ്യാറാണെന്ന് ഇവര്‍ അധികൃതരെ അറിയിച്ചു.
മാതാവിനോടും കുടുംബത്തോടും ശിശു സംരക്ഷണ യൂനിറ്റിന് മുമ്പാകെ കൗണ്‍സിലിംഗിന് ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തിനകം കുഞ്ഞിനെ തിരികെ ആവശ്യപ്പെടാന്‍ മാതാവിന് അവകാശമുണ്ടെന്നും അല്ലാത്ത പക്ഷം ബാലനീതി നിയമ പ്രകാരം ദത്ത് നല്‍കുകയും ചെയ്യും. കുഞ്ഞിന് നിര്‍മ്മല്‍ കൃഷ്ണന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

---- facebook comment plugin here -----

Latest