സര്‍ക്കാറിന്റെ കാലാവധിക്കകം രണ്ട് ലക്ഷം പട്ടയങ്ങള്‍ നല്‍കും: മന്ത്രി അടൂര്‍ പ്രകാശ്

Posted on: September 6, 2015 10:21 am | Last updated: September 6, 2015 at 10:21 am

നിലമ്പൂര്‍: കയറിക്കിടക്കാന്‍ ഇടമില്ലാത്ത പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ കൈവശമുള്ള ഭൂമി സംഭാവനയായി വിട്ട് നല്‍കാന്‍ സാമൂഹിക സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് റവന്യൂ- കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അഭ്യര്‍ഥിച്ചു. പല പ്രസ്ഥാനങ്ങളുടെയും കൈവശം ധാരാളം ഭൂമിയുണ്ടെന്നും ഇത് ഭൂരഹിതരായ പാവങ്ങള്‍ക്കായി ചോദിക്കാന്‍ തനിക്ക് സങ്കോചമില്ലെന്നും മന്ത്രി പറഞ്ഞു. എടവണ്ണ പഞ്ചായത്തില്‍ ഭൂരഹിതരായ 130 കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം ഭൂമിയുടെ കൈവശ രേഖ നല്‍കി സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി. ഭൂരഹിതരായ കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടാവരുത് എന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണ്. താന്‍ റവന്യൂ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രി ഏല്‍പിച്ച പ്രധാന ദൗത്യം അതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ ഭൂരഹിതരായ 2,43,928 പേരെയാണ് കണ്ടെത്തിയത്. കയറിക്കിടക്കാന്‍ ഇടമില്ലാതെ വഴിയോരത്ത് കഴിയുന്ന ഇവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതിയായിരുന്നു ഭൂരഹിതരില്ലാത്ത കേരളം പദ്ധതി. കഴിഞ്ഞ നാലേക്കാല്‍ വര്‍ഷത്തിനകം 1,40,693 പേര്‍ക്കാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രണ്ട് ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും പട്ടയം നല്‍കുമെന്നും കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഇതിനകം അപേക്ഷിച്ച എല്ലാവര്‍ക്കും മൂന്ന് സെന്റ് ഭൂമിയുടെ കൈവശ രേഖ നല്‍കിയതായും മന്ത്രി പറഞ്ഞു. എടവണ്ണ ഗ്രാമ പഞ്ചായത്ത് സ്വന്തമായി വില കൊടുത്ത് വാങ്ങിയ അഞ്ച് ഏക്കര്‍ 20 സെന്റ് ഭൂമിയാണ് പഞ്ചായത്തിലെ പാവങ്ങളായ 130 കുടുംബങ്ങള്‍ക്ക് നല്‍കിയത്. പന്നിപ്പാറ ലക്ഷംവീട് കോളനിയിലെ ഏഴ് കുടുംബങ്ങള്‍ക്കും ഇതോടൊപ്പം പട്ടയം നല്‍കി. ഭൂമി വില്‍ക്കാന്‍ ഉടമകള്‍ക്ക് അവകാശമുണ്ടായിരിക്കില്ലെന്നും ആവശ്യമില്ലെങ്കില്‍ പഞ്ചായത്തിന് തിരിച്ച് നല്‍കണമെന്നും പ്രസിഡന്റ് വി ഷര്‍മിള അറിയിച്ചു. പരിപാടിയില്‍ പി കെ ബശീര്‍ എം എല്‍ എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ഐ എസ് ഒ 9001- 2008 പഞ്ചായത്ത് ആയതിന്റെ പ്രഖ്യാപനം എം ഐ ഷാനവാസ് എം പി നിര്‍വഹിച്ചു. കെട്ടിട നികുതി ഉള്‍പ്പെടെ ഓണ്‍ലൈനായി അടക്കുന്നതിനുള്ള ഇ-പേയ്‌മെന്റ് സംവിധാനം ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ബശീര്‍, സെക്രട്ടറി എന്‍ എ ഹുസൈന്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.