ഹസീന ഫഌവര്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി

Posted on: September 6, 2015 10:19 am | Last updated: September 6, 2015 at 10:19 am

കോഡൂര്‍: ഗ്രാമ പഞ്ചായത്തിലെ പുളിയാട്ടുകുളം ഇന്നലെ അടക്കാനാവാത്ത ആഹ്ലാദത്തിലായിരുന്നു. സംസ്ഥാനത്തെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് പുളിയാട്ടുകുളം എ എം എല്‍ പി സ്‌കൂളിലെ അധ്യാപിക ഹസീന ഫഌവര്‍ കാസര്‍കോഡ് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബില്‍ നിന്നും എറ്റുവാങ്ങി. തങ്ങളുടെ പ്രിയ അധ്യാപികക്ക് വമ്പിച്ച സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളിലാണ് പൂര്‍വ്വ വിദ്യാര്‍ഥികളും പി ടി എ കമ്മിറ്റിയും. വിവിധ അധ്യാപക പരിശീലനങ്ങളില്‍ റിസോഴ്‌സ് പേഴ്‌സനായും വിദ്യാഭ്യാസ ഗവേഷണങ്ങളില്‍ പങ്കാളിയായും പ്രവര്‍ത്തിച്ച് വരുന്ന ഹസീന ഫഌവറിനെ ജില്ലയിലെ മിക്ക അധ്യാപകര്‍ക്കും സുപരിചിതമാണ്. സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കിയ അമ്മതന്‍ മണിക്കുട്ടന്‍, പുഞ്ചിരി-പൊട്ടിച്ചിരി, സ്ലാപ്, വിജയഭേരി തുടങ്ങിയ പദ്ധതികളിലെല്ലാം റിസോഴ്‌സ് പേഴ്‌സനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂള്‍ പി ടി എയുടെ സേവന മികവിനുള്ള പുരസ്‌ക്കാരവും 1997-ല്‍ കോഡൂര്‍ ഗ്രാമ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡും 2013-ല്‍ മലപ്പുറം ബി ആര്‍ സിയുടെ പ്രത്യേക പുരസ്‌ക്കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ജസീല്‍, വിദ്യാര്‍ഥികളായ മുഹമ്മദ് ജസീം, മുഹമ്മദ് ഷഹീന്‍ എന്നിവര്‍ മക്കളാണ്. ഭര്‍ത്താവ് കെ ടി മുഹമ്മദ് അബ്ദുല്‍ ജലീല്‍ ചെമ്മങ്കടവ് ഗവ. മാപ്പിള യു പി സ്‌കൂളില്‍ അധ്യാപകനുമാണ്.