അനാഥാലയങ്ങളിലെ കുട്ടികളുടെ ആരോഗ്യസുരക്ഷക്ക് ഫിറ്റ്‌നസ് പദ്ധതി

Posted on: September 6, 2015 10:13 am | Last updated: September 6, 2015 at 10:13 am

കോഴിക്കോട്: ജില്ലയിലെ അനാഥാലയങ്ങളിലെ കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആം ഓഫ് ജോയ് എന്ന സംഘടന നടത്തുന്ന ഫിറ്റ്‌നസ് പദ്ധതിക്ക് തുടക്കമായി.
ജോയ് ഓഫ് ഫിറ്റ്‌നെസ് എന്ന പേരിട്ട പദ്ധതി പ്രകാരം കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുകയും മതിയായ ചികിത്സ ഉറപ്പാക്കുകയുമാണ് ചെയ്യുക. ഇതിനായി ഓരോ കുട്ടിയുടെയും വിവരങ്ങളടങ്ങിയ കൃത്യമായ ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ തയ്യാറാക്കും. കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 1996 ബാച്ചില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ് പദ്ധതി നടത്തുക. ബാച്ചിലെ വിദ്യാര്‍ഥികളില്‍ നിരവധി പേര്‍ ഇപ്പോള്‍ വിവിധയിടങ്ങളില്‍ ഡോക്ടര്‍മാരാണ്. ഇവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുക. ക്യാമ്പുകള്‍ നടത്തുന്നതിനും ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്നതിനുമുള്ള ചെലവും ഇവര്‍തന്നെ വഹിക്കും.
അധ്യാപകദിനമായ ഇന്നലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പദ്ധതി ഉദ്ഘാടനം 1996 ലെ അധ്യാപകര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആം ഓഫ് ജോയ് മാനേജിംഗ് ട്രസ്റ്റി ജി അനൂപ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം വിജോര്‍ജ്, ഡോ. അക്വില്‍ കല്‍നാട് പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ കോഴിക്കോട്ടെ മൂന്ന് അനാഥാലയങ്ങളില്‍ നിന്നായി 75 കുട്ടികള്‍ പങ്കെടുത്തു.