ആസ്ത്രിയയിലേക്കും ജര്‍മനിയിലേക്കും അഭയാര്‍ഥി പ്രവാഹം തുടങ്ങി

Posted on: September 6, 2015 12:03 am | Last updated: September 6, 2015 at 12:03 am

refugeesവിയന്ന: ഹംഗറിയില്‍ ദിവസങ്ങളായി അനിശ്ചിതത്വത്തില്‍ തുടര്‍ന്നിരുന്ന 4,000ത്തിലധികം അഭയാര്‍ഥികള്‍ ആസ്ത്രിയയിലെത്തി. ഹംഗറി അധികൃതര്‍ ഒരുക്കിയ ബസുകളിലാണ് അഭയാര്‍ഥികള്‍ ആസ്ത്രിയയില്‍ എത്തിച്ചേര്‍ന്നത്. ആയിരക്കണക്കിന് പേര്‍ ആസ്ത്രിയയുടെ അതിര്‍ത്തിയിലേക്ക് കാല്‍നടയായും യാത്ര പുറപ്പെട്ടിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ അഭയാര്‍ഥികളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്ത്രിയന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സിറിയയില്‍ നിന്നുള്ളവരാണ് കൂടുതല്‍ അഭയാര്‍ഥികളും. ശക്തമായ മഴയുള്ള കാലാവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്രയെ തുടര്‍ന്ന് പല അഭയാര്‍ഥികളും തളര്‍ന്നുവീണു. ആസ്ത്രിയയിലെ മ്യൂണിക്കില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ 450 പേരടങ്ങുന്ന ആദ്യ അഭയാര്‍ഥി സംഘം എത്തിച്ചേര്‍ന്നതായി ജര്‍മന്‍ പോലീസ് വ്യക്തമാക്കി. പതിനായിരത്തിലേറെ പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ പോലീസ് പറഞ്ഞു.
ദിവസങ്ങളായി ഹംഗറിയില്‍ അനിശ്ചിതത്വത്തില്‍ കഴിയുകയായിരുന്നു അഭയാര്‍ഥികള്‍. ഇവരെ ബുഡാപെസ്റ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും നിരവധി ബസുകളിലാണ് ആസ്ത്രിയയിലേക്ക് എത്തിച്ചത്. അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളുമായി ഇവരെ സ്വീകരിക്കാന്‍ നിരവധി പേര്‍ ആസ്ത്രിയയില്‍ കാത്തുനിന്നിരുന്നു. അഭയാര്‍ഥികള്‍ക്ക് സ്വാഗതം അറിയിക്കുന്ന ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹംഗറി അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ നേരിടുന്ന അപകടകരമായ സാഹചര്യം മനസ്സിലാക്കി ജര്‍മനിയും ആസ്ത്രിയയും ഇവരെ സ്വീകരിക്കാന്‍ മുന്നോട്ടുവരികയായിരുന്നു.
അതേസമയം, അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ ലക്‌സംബര്‍ഗില്‍ യോഗം കൂടുകയാണ്.