Connect with us

Kerala

വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയെന്ന് എസ് സി ഇ ആര്‍ ടി റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം താഴുന്നതായി എസ് സി ഇ ആര്‍ ടിയുടെ പഠന റിപ്പോര്‍ട്ട്. മാതൃഭാഷയായ മലയാളമുള്‍പ്പെടെ എഴുതാനും വായിക്കാനുമറിയാത്ത വിദ്യാര്‍ഥികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്. ഏജീസ് ഓഫീസിന് വേണ്ടി എസ് സി ഇ ആര്‍ ടി സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഇത് ഏജീസിന് സമര്‍പ്പിച്ചത്.
നാലാം തരത്തിലെ 47 ശതമാനം കുട്ടികള്‍ക്കും മലയാളം എഴുതാന്‍ അറിയില്ല. 47.52 ശതമാനം വിദ്യാര്‍ഥികള്‍ക്കും ലളിതമായ മലയാളം ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം എഴുതാനാകുന്നില്ല.
ഇംഗ്ലീഷറിയാത്ത കുട്ടികളുടെ എണ്ണം 25 ശതമാനത്തിലേറെ വരും. നാലാം ക്ലാസിലെ 25 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് ലളിതമായ ഇംഗ്ലീഷ് പോലും വശമില്ലാത്തത്. ഏഴാം തരത്തില്‍ ഇവരുടെ ശതമാനം മുപ്പത് ആയി ഉയരും. കണക്കിലും ശാസ്ത്രപഠനത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. 10.88 ശതമാനത്തിന് അടിസ്ഥാന ഗണിതബോധമില്ല. പ്രൈമറി വിദ്യാഭ്യാസം അവസാനിക്കുന്ന ഏഴാം തരത്തില്‍ മലയാളം, ഇംഗ്ലീഷ് അക്ഷരങ്ങള്‍ അറിയാത്ത അഞ്ച് ശതമാനം വിദ്യാര്‍ഥികളുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്താകെ 4800ലധികം കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയാണ് പഠന, ബോധന നിലവാരത്തകര്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുന്നത്.
ഗണിതത്തിലെയും പരിസ്ഥിതി ശാസ്ത്രത്തിലെയും വിദ്യാര്‍ഥികളുടെ അടിസ്ഥാന വിവരം ഏറെ പരിതാപകരമാണ്. 63 ശതമാനം വിദ്യാര്‍ഥികള്‍ കണക്ക് പഠിത്തത്തില്‍ പിറകിലാണ്. പരിസ്ഥിതി പഠനത്തിലാകട്ടെ നൂറില്‍ 73 പേര്‍ക്കും അടിസ്ഥാന വിവരങ്ങളില്ല. ഏഴാം തരത്തിലെത്തിയിട്ടും മാതൃഭാഷ ശരിക്ക് വഴങ്ങാത്തവരുടെ എണ്ണം 35 ശതമാന ശതമാനത്തിലേറെ വരും. ഇതില്‍ അഞ്ച് ശതമാനം കുട്ടികള്‍ക്ക് അങ്കണ്‍വാടിയില്‍ ലഭിക്കുന്ന വിവരങ്ങള്‍ പോലും സ്വായത്തമാക്കിയിട്ടില്ല. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മലയാളം തെറ്റുകൂടാതെ എഴുതാനറിയുന്നവര്‍ 62 ശതമാനം മാത്രമാണ്. സ്വന്തം പേര് ഉള്‍പ്പെടെ എഴുതാന്‍ അറിയാത്തവര്‍ ഇപ്പോഴും ഏഴാം തരത്തിലുണ്ട്.
ഏഴാം തരത്തിലെ 85 ശതമാനവും അടിസ്ഥാന ശാസ്ത്രപഠനത്തില്‍ പിറകിലാണ്. ഗണിതത്തിലും 85 ശതമാനം പേര്‍ക്ക് മികവില്ല. 15.47 ശതമാനം വളരെ മോശമാണ്. തിരുവനന്തപുരം ജില്ലയില്‍ ജ്യോമട്രിയില്‍ 19 ശതമാനം സംപൂജ്യരാണ്. ഇംഗ്ലീഷില്‍ എഴുത്തും വായനയും വേണ്ടപോലെ ഗ്രഹിക്കാത്തവരുടെ എണ്ണം 55 ശതമാനത്തിലേറെ വരും.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട്, ജില്ലകളിലെ നാല്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കിടയിലാണ് എസ് സി ഇ ആര്‍ ടി പഠനം നടത്തിയത്. ഭാഷ, ഗണിതം, ശാസ്ത്രം, പരിസ്ഥിതി പഠനം എന്നീ വിഷയങ്ങളിലെ പഠന, ബോധന നിലവാരമാണ് പരിശോധിച്ചത്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ എസ് സി ഇ ആര്‍ ടി മുന്നോട്ടുവെക്കുന്നുണ്ട്. ഭാഷാ പഠനത്തിനു കൂടുതല്‍ മുന്‍തൂക്കം നല്‍കണം, അധ്യാപര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം നല്‍കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

Latest