ഷാര്‍ജ, ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ പുതിയ ട്രാം പദ്ധതി

Posted on: September 4, 2015 6:07 pm | Last updated: September 4, 2015 at 6:07 pm

metro abudhabiഷാര്‍ജ: ഷാര്‍ജയില്‍ ട്രാം പദ്ധതിക്ക് തീരുമാനമായി. രണ്ടായിരം കോടി ചെലവ് ചെയ്ത് നിര്‍മിക്കുന്ന ഷാര്‍ജ വാട്ടര്‍ ഫ്രണ്ട് സിറ്റിയിലാണ് നടപ്പാക്കുക. ഇവിടുത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപകാരപ്പെടും. ഷാര്‍ജ ഒയാസിസ് റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനിയാണ് നിര്‍മാതാക്കള്‍. ഇവിടെ ട്രാം പാത നിര്‍മിക്കാന്‍ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാട്ടര്‍ ഫ്രണ്ട് സിറ്റിയില്‍ നിരവധി ടവറുകളും താമസ കേന്ദ്രങ്ങളും വില്ലകളും വിഭാവനം ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം ആളുകളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഷാര്‍ജയിലെ ആദ്യത്തെ ട്രാം പാതയും ഇവിടെത്തന്നെയായിരിക്കും. ഇത്തിഹാദ് റെയില്‍വേയുമായി ട്രാം പാതയെ ബന്ധിപ്പിക്കുമെന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി സി ഇ ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കാല്‍ അറിയിച്ചു. ദുബൈയില്‍ 2014 നവംബറിലാണ് ട്രാം പദ്ധതി നിലവില്‍ വന്നത്. 10.6 കിലോമീറ്ററിലാണിത്. ഇവിടെ ഒരു വര്‍ഷം 27,000 ആളുകള്‍ യാത്ര ചെയ്യുന്നുണ്ട്. അബുദാബിയില്‍ ട്രാം പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അല്‍ റീമിലാണിത്. അല്‍ റീമില്‍ 2.1 ലക്ഷം ആളുകള്‍ക്ക് ഇത് ഗുണകരമാകും. അല്‍ റീമിനെയും മരിയ സെന്‍ട്രലിനെയും ബന്ധിപ്പിക്കുന്ന ട്രാം പദ്ധതിയായിരിക്കും ഇത്. അല്‍ മരിയ സെന്‍ട്രല്‍ എന്ന പേരില്‍ 23 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കൂറ്റന്‍മാള്‍ വരുന്നുണ്ട്. ഇവിടേക്കെത്താന്‍ ട്രാം പദ്ധതിയാണ് ഏര്‍പ്പെടുത്തുന്നത്. അബുദാബിയില്‍ മെട്രോ പദ്ധതിക്ക് നേരത്തെ തന്നെ തീരുമാനമായിരുന്നു.
ദുബൈയില്‍ എമിറേറ്റ്‌സ് റോഡിന്റെ സമീപം അല്‍ റുവയ്യ, അല്‍ അവീര്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ട്രാം പദ്ധതി ദുബൈ നഗരസഭയുടെ പരിഗണനയിലുണ്ട്. ഇതിനെ മെട്രോ പച്ചപ്പാതയുമായി ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.