സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നു

Posted on: September 4, 2015 12:56 am | Last updated: September 4, 2015 at 12:56 am

crimeകൊച്ചി: ആഭ്യന്തര മന്ത്രലായത്തിന്റെ അവകാശ വാദം പൊള്ളയാണെന്ന് തെളിയിച്ച് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുത്തനെ കുതിച്ചുയരുന്നതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പ്രതിവര്‍ഷം 20,000 മുതല്‍ 50,000 ത്തിന് മുകളില്‍ വരെയാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത്. 2010 ല്‍ ഐ പി സി (ഇന്ത്യന്‍ പീനല്‍ കോഡ്) പ്രകാരം സംസ്ഥാനത്ത് 1.43 ലക്ഷം കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2014 ല്‍ 2.05 ലക്ഷം കേസുകളാണ് ഈ ഇനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 76829 കേസുകളും രജിസ്റ്റര്‍ ചെയ്തു.
കൊലപാതകങ്ങളും ബലാത്സംഗവും വര്‍ഗീയ സംഘട്ടനളുമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതില്‍ മുന്നില്‍ നില്‍ക്കുന്നതെന്നതാണ് ഏറ്റവും ഗൗരവമേറിയ പ്രശ്‌നം. 2010 ല്‍ 634 ബലാത്സംഗ കേസുകളാണ് സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഇത് 1132 ആയി ഉയര്‍ന്നു.2013 ല്‍ 1221ഉം 2014 ല്‍ 1283 ഉം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2010 ല്‍ 8724 വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ടടുത്ത 2011, 2012, 2013 വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം പതിനായിരത്തിനു മുകളിലെത്തി.
2011 മുതല്‍ 2014 വരെ 1435 പേര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 116 പേര്‍ കൊല്ലപ്പെട്ടു. സമീപ കാലത്തുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഈ വര്‍ഷത്തെ കൊലപാതകങ്ങളുടെ കണക്കുകള്‍ ഇനിയും പുറത്ത് വരാനിരിക്കുകയാണ്. കൊലപാതകങ്ങളും ലൈംഗീകാതിക്രമങ്ങളുള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ഇക്കാലയളവില്‍ വര്‍ധിച്ചു. 709 കുട്ടികളാണ് 2014 ല്‍ ബലാത്സംഗത്തിനിരയായത്. ഈ വര്‍ഷം ഏപ്രില്‍ വരെ 238 പേരും. 39 കുട്ടികള്‍ കൊല ചെയ്യപ്പെട്ടു.116 കുട്ടികളെ തട്ടിക്കൊണ്ടു പോയി. 2010 ല്‍ 596 കേസുകളാണ് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2014 ല്‍ 2286 ആയി ഉയര്‍ന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 2010 ല്‍ 10781 ആയിരുന്നെങ്കില്‍ 2011 മുതല്‍ 13000ത്തിനു മുകളിലെത്തി. 13880 കേസുകളാണ് 2014 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കുകളില്‍ 391 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്.1380 പേര്‍ വിവിധ പീഡനങ്ങള്‍ക്കുമിരയായി. അബ്കാരി ആക്ട്, എന്‍ ഡി പി എസ് ആക്റ്റ് തുടങ്ങിയ മറ്റു വിഭാഗങ്ങളിലും കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. 2010 ല്‍ 37896 കേസുകളാണ് അബ്കാരി ആക്ടില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2014 ല്‍ 52051 കേസുകളാണ് ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്‍ ഡി പി എസ് ആക്ടില്‍ 769 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2014 ല്‍ ഇത് 2233 ആയും ഉയര്‍ന്നു. ഇന്റര്‍നെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗം വര്‍ധിച്ചതും കഞ്ചാവ്, മദ്യം മയക്കു മരുന്നു പോലുള്ളവക്ക് പുതുതലമുറ കൂടുതല്‍ അടിമകളാകുന്നതും കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിക്കാനിടയായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് പുറമെ പുതിയ സിനിമകള്‍ വിദ്യാര്‍ഥികളെയും യുവാക്കളുമുള്‍പ്പെടെയുള്ള യുവ തലമുറയെ വഴിതെറ്റിക്കുന്നതായി സംസ്ഥാന പോലീസ് മേധാവി പറയുന്നു. അതേ സമയം ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും അനാസ്ഥയും കുറ്റകൃത്യങ്ങള്‍ ഇത്രയധികം വര്‍ധിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

ALSO READ  ഭാര്യയെ കൊന്നു; കൊൽക്കത്തയിലെത്തി ഭാര്യാമാതാവിനെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു