കേന്ദ്ര സര്‍വകലാശാലയില്‍ ഭൂമിപൂജ; പ്രതിഷേധം ശക്തം

Posted on: September 4, 2015 12:46 am | Last updated: September 4, 2015 at 12:46 am

central universityകാസര്‍കോട്: പൊതുവിദ്യാഭ്യാസ സ്ഥാപനമായ കേരള കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ ഭൂമിപൂജ നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ട വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരമായ ഭൂമിപൂജ നടത്തുന്നത് മതനിരപേക്ഷതക്കെതിരായ വെല്ലുവിളിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ന് സര്‍വകലാശാലയിലെ എട്ട് പുതിയ അക്കാദമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ഭൂമിപൂജ നടത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ സാമുദായിക സംഘടനകളും വിദ്യാര്‍ഥി സമൂഹവും പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു.
എന്നാല്‍ ഭൂമിപൂജ രഹസ്യമാക്കി വെക്കാനുള്ള നീക്കവും വിവാദമാവുകയാണ്. പുതിയ കെട്ടിടങ്ങളുടെ കരാര്‍ ഏറ്റെടുത്തവര്‍ അവരുടെ എന്തോ പരിപാടി നടത്തുന്നുവെന്നും അത് സര്‍വകലാശാലയുമായി ബന്ധപ്പെട്ടതല്ല എന്നുമാണ് വൈസ് ചാന്‍സലറുടെ വാദം. നോട്ടീസില്‍ ശിലാസ്ഥാപനത്തെക്കുറിച്ച് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂവെന്നും ഭൂമിപൂജയുടെ കാര്യം വിദ്യാര്‍ഥികളുടെ എതിര്‍പ്പ് ഭയന്നാണ് നോട്ടീസില്‍ നിന്ന് ഒഴിവാക്കിയതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. സര്‍വകലാശാല ഔദ്യാഗികമായി ഭൂമിപൂജ നടത്തുന്നത് വിദ്യാര്‍ഥികളില്‍ നിന്നും മറച്ചുവെക്കുന്നത് നിഗൂഢമാണെന്നാണ് ആരോപണം. സര്‍വകലാശാല നടത്തിയ ഒരു ഔദ്യോഗിക പരിപാടിയില്‍ വിദ്യാര്‍ഥി കൗണ്‍സില്‍ ചെയര്‍മാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് മുന്നില്‍ ഭൂമിപൂജക്കെതിരെ നിലപാട് വ്യക്തമാക്കിരുന്നു. കേന്ദ്ര സര്‍വകലാശാല ഭരണം കാവിവത്കരിക്കപ്പെട്ടുവെന്നും ഇപ്പോള്‍ ഭൂരിഭാഗം ജീവനക്കാരും സംഘ് പരിവാര്‍ പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നുമുള്ള ആരോപണം ശക്തമായിരുന്നു. ഏകാധിപത്യപരമായ നിലപാടുകളിലൂടെ കാവിവത്കരണം ശക്തമാവുകണെന്നാണ് വിമര്‍ശം.
ഉദ്ഘാടന പരിപാടിയില്‍ എം എല്‍ എമാരെയും മറ്റും ക്ഷണിക്കാത്തതിന്റെ പേരിലും ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. വി മുരളീധരനെ മാത്രം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെയും കോണ്‍ഗ്രസ്, ലീഗ്, സി പി എം കക്ഷികളും പ്രതിഷേധവുമായി രംഗത്തുണ്ട്.