മാറ്റം മുഖ്യമന്ത്രി അറിയാതെ; തച്ചങ്കരിയെച്ചൊല്ലി തര്‍ക്കം തുടരുന്നു

Posted on: September 3, 2015 11:47 am | Last updated: September 4, 2015 at 12:37 am

Tomin-Thachankari-Malayalam-News

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് മുഖ്യമന്ത്രി അറിയാതെ. മന്ത്രിസഭാ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തുപോയ സമയത്ത് എടുത്ത തീരുമാനത്തില്‍ ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിച്ചതോടെ തീരുമാനം മരവിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം വരെ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്ത് തന്നെ തുടരും. ഐ ഗ്രൂപ്പ് മന്ത്രിമാര്‍ മുന്‍കൈയെടുത്ത് തച്ചങ്കരിയെ മാറ്റാന്‍ തീരുമാനിച്ചത് മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സായി വന്നതില്‍ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായെടുത്ത തീരുമാനം മരവിപ്പിച്ചെങ്കിലും ഏതുവിധേനയും തച്ചങ്കരിയെ മാറ്റിയേ മതിയാകൂയെന്ന നിലപാടിലാണ് ഐ ഗ്രൂപ്പും സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനും. തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ വ്യവസായ വകുപ്പിലെ ഏതെങ്കിലും സ്ഥാപനങ്ങളിലേക്ക് തച്ചങ്കരിയെ മാറ്റുമെന്നാണ് സൂചന.
മന്ത്രിസഭാ യോഗം പൂര്‍ത്തിയായ ശേഷമാണ് സാധാരണ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താറുള്ളതെങ്കിലും കൊച്ചിയില്‍ പോകേണ്ടിയിരുന്നതിനാല്‍ ഇടക്ക് ഇറങ്ങി വന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു. എന്നാല്‍, ഈസമയത്ത് ടോമിന്‍ തച്ചങ്കരിയെ മാറ്റാനുള്ള ചര്‍ച്ചയും തീരുമാനവും മന്ത്രിസഭാ യോഗത്തിലെടുത്തു. മന്ത്രി കെ ബാബുവും ഈ സമയത്ത് പുറത്തായിരുന്നു. യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഐ ഗ്രൂപ്പ് ഒരു ശ്രമം നടത്തിയെങ്കിലും മുഖ്യമന്ത്രി അത് അനുവദിച്ചില്ല. മുഖ്യമന്ത്രി പുറത്തു പോയപ്പോള്‍ വീണ്ടും ഇക്കാര്യം ഉന്നയിച്ച സഹകരണ മന്ത്രി, ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് മാറ്റണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് മന്ത്രിമാര്‍ ഇതിനെ പിന്തുണക്കുകയും ചെയ്തു. ആദ്യം പരിഗണിച്ചപ്പോള്‍ മാറ്റിവെച്ച തീരുമാനം പിന്നീട് അംഗീകരിച്ചുവെന്ന നിലവന്നതോടെ ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തിന്റെ മിനുട്‌സായി രേഖപ്പെടുത്തി.
മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഭവം വിവാദമായത്. ഇക്കാര്യം മന്ത്രിസഭാ മിനുട്‌സായി വന്നതില്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു. അതേസമയം, ഇത് ഒരു സ്വാഭാവിക നടപടി മാത്രമാണെന്നും തച്ചങ്കരിയെ മാറ്റാന്‍ മന്ത്രിസഭയുടെ അനുമതി വേണ്ടെന്നും സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചു. നടപടിയെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിലപാട്.
കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി എം ഡി യുടെ അധിക ചുമതല നല്‍കിയാണ് തച്ചങ്കരിയെ മാറ്റിയിരുന്നത്. ഇതിന് പകരം റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എസ് രത്‌നകുമാറിന് കണ്‍സ്യൂമര്‍ഫെഡ് എം ഡി യുടെ അധിക ചുമതല നല്‍കുകയും ചെയ്തു. ഈ നടപടിയിലുള്ള നീരസം തച്ചങ്കരി കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
മാനേജിംഗ് ഡയറക്ടറായ തച്ചങ്കരിയും കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നമായി വളര്‍ന്ന ഈ തര്‍ക്കംമൂലം ഓണച്ചന്തകളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലായിരുന്നു. വകുപ്പുതല അന്വേഷണത്തിലൂടെ കണ്‍സ്യൂമര്‍ഫെഡിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടും ധൂര്‍ത്തുമാണ് തച്ചങ്കരി പുറത്തുകൊണ്ടുവന്നത്. ക്രമക്കേടില്‍ ഐ ഗ്രൂപ്പുകാരനായ പ്രസിഡന്റ് ജോയി തോമസിനും പങ്കുള്ളതായി തെളിഞ്ഞതോടെ ജോയി തോമസിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് സര്‍ക്കാറിനോട് തച്ചങ്കരി ആവശ്യപ്പെട്ടു. ഇതാണ് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനെയും ഐ ഗ്രൂപ്പിനെയും ചൊടിപ്പിക്കാന്‍ കാരണം. തച്ചങ്കരിയെ മാറ്റാന്‍ സഹകരണ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും മുഖ്യമന്ത്രി വഴങ്ങിയിരുന്നില്ല.