സാമ്പത്തിക സാഹചര്യങ്ങള്‍ മറികടക്കാന്‍ ഗള്‍ഫ് ഏകോപനം വേണമെന്ന് ഖത്തര്‍

Posted on: September 3, 2015 11:26 am | Last updated: September 3, 2015 at 11:26 am

ദോഹ: നിലവിലെ സാമ്പത്തക സാഹചര്യങ്ങള്‍ മറി കടക്കുന്നതിനും സുരക്ഷിതമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോജിച്ച പ്രവര്‍ത്തനം നടത്തണമെന്നും ഖത്തര്‍ സെന്‍്ട്രല്‍ ബേങ്ക് ഗവര്‍ണര്‍. മോണിറ്ററി പോളിസി ഉള്‍പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനി പറഞ്ഞു. ഗള്‍ഫ് സെന്‍ട്രല്‍ ബേങ്ക് ഗവര്‍മാരുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക മേഖലയിലെ മികവുകള്‍ വികസനത്തെ സ്വാധീനിക്കുന്നതായി യൂറോ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. യൂറോപ്യന്‍ യൂനിയന്റെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചാണ് അവിടെ വികനസവും സാമ്പത്തിക മേഖലയും പുരോഗമിക്കുന്നത്. രാജ്യാന്തര പെട്രോളിയം വിപണയിലുണ്ടായ നേരിയ വിലയിടിവും അറബ് മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങളും വാണിജ്യ സാമ്പത്തിക രംഗത്തെ വളര്‍ച്ചയുടെ വേഗം കുറച്ചിട്ടുണ്ട്. ഇത് മേഖലയി്ല്‍ പല രാജ്യങ്ങളിലും ചെറിയ രീതീയില്‍ സാമ്പത്തിക മാന്ദ്യത്തിനു ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യം മറി കടക്കാന്‍ സുരക്ഷിതമായ വഴികള്‍ ഉണ്ടാകേണ്ടതുണ്ട്. മോണിറ്ററി പോളിസിയും സാമ്പത്തിക മേഖലയുടെ സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.