നാനോ എക്‌സല്‍ തട്ടിപ്പ്: 55 കേസുകളില്‍ കുറ്റപത്രം

Posted on: September 3, 2015 10:40 am | Last updated: September 3, 2015 at 10:40 am

കോഴിക്കോട്: വിവാദമായ നാനോ എക്‌സല്‍ തട്ടിപ്പിലെ 55 കേസുകളില്‍ കുറ്റപത്രം തയ്യാറായി. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അനുമതി ലഭിച്ചാലുടന്‍ ഇത് തൃശൂരിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, കേസുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി അയച്ച നോട്ടിസ് ഹാരിഷ് ബാബു മദനീനി അടക്കമുള്ള എതിര്‍കക്ഷികള്‍ കൈപ്പറ്റിയില്ല. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഹൈദരാബാദില്‍ മദനീനിയെ കാണുന്ന സമയത്തു ലഭിച്ച നോട്ടിസാണ് കൈപറ്റാതെ മടങ്ങി വന്നിരിക്കുന്നതെന്നു പരാതിക്കാര്‍ പറഞ്ഞു.
നാനോ എക്‌സല്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ഹൈദരാബാദ് മോത്തി നഗറില്‍ ഹാരിഷ് ബാബു മദനീനി, കമ്പനി ഡയറക്ടര്‍മാരായ ബെംഗളൂരു എച്ച് എ എല്‍ പോര്‍ട്ട് എല്‍ബി ശാസ്ത്രി നഗറില്‍ പാട്രിക് തോമസ്, ഹൈദരാബാദ് യൂസഫ്ഗുഡയില്‍ ചിന്നറാവു സ്വയംവരപ്പൂ, യൂസഫ്ഗുഡ രാജീവ് നഗര്‍ ഭവാനി ശക്തിഹോമില്‍ പ്രശാന്ത് സുന്ദരരാജ എന്നിവര്‍ക്കും നാനോ എക്‌സല്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഹൈദരാബാദ് മധാപ്പൂര്‍ അയ്യപ്പ സൊസൈറ്റി എച്ച്ടി അപ്പാര്‍ട്‌മെന്റിലെ റജിസ്‌റ്റേര്‍ഡ് ഓഫിസ്, ന്യൂഡല്‍ഹി ജനക്പൂരിലെ കോര്‍പറേറ്റ് ഓഫിസ്, ഹൈദരാബാദ് വെങ്കലോര നഗറില്‍ സായി ബാബ ടെംപിളിന് എതിര്‍വശം നാനോ എക്‌സല്‍ എന്റര്‍പ്രൈസസിന്റെ റജിസ്‌റ്റേര്‍ഡ് ഓഫിസ്, ഹൈദരാബാദ് മധാപ്പൂര്‍ ജയ്ഹിന്ദ് സൊസൈറ്റി നാരായണ ബില്‍ഡിങ്ങില്‍ നാനോ എക്‌സല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ റജിസ്‌റ്റേര്‍ഡ് ഓഫിസ് എന്നിവിടങ്ങളിലേക്ക് അയച്ച നോട്ടിസാണ് മടങ്ങിവന്നത്.
മണി ചെയിന്‍ തട്ടിപ്പു വഴി 347 കോടിയാണു നാനോ എക്‌സല്‍ കേരളത്തില്‍ നിന്നു കടത്തിയത്. വിവിധ സ്ഥലങ്ങളിലായി 673 കേസുകളാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മൊത്തം 643 കേസുകളാണു നിലവിലുണ്ട്. കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റജിസ്റ്റര്‍ ചെയ്ത 176ല്‍ 30 കേസുകളും ഒത്തുതീര്‍പ്പായതാണ് കാരണം. നാനോ എക്‌സല്‍ കമ്പനിക്കെതിരെ 2009ലാണ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത്. 643 കേസുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇപ്പോഴാണ് 55 കേസുകളില്‍ കൂടി കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബാക്കി കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.