സംഘ്പരിവാര്‍ വധഭീഷണി; കെ എസ് ഭഗവാന് കനത്ത സുരക്ഷ

Posted on: September 3, 2015 6:00 am | Last updated: September 2, 2015 at 11:48 pm

K S Bhagwan-ksdമൈസൂരു: സംഘപരിവാര്‍ സംഘടനകളുടെ ഹിറ്റ്‌ലിസ്റ്റിലുള്ള കര്‍ണാടകയിലെ പുരോഗമനവാദിയും യുക്തിവാദി നേതാവുമായ പ്രൊഫ. കെ എസ് ഭഗവാന് കര്‍ണാടക സര്‍ക്കാര്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തി. ഡോ. എം എം കാല്‍ബര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഭഗവാനെതിരെയും ബജ്‌റംഗ്ദള്‍ നേതാവ് ട്വിറ്ററില്‍ വധഭീഷണി പുറപ്പെടുവിച്ചിരുന്നു.
മൈസൂരു കുവെമ്പു നഗറിലെ ഉദയരവി റോഡിലുള്ള ഭഗവാന്റെ വീടിന് നേരത്തെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നതിന് പുറമെയാണ് കാല്‍ബര്‍ഗി വധത്തിന് ശേഷം കനത്ത സുരക്ഷയൊരുക്കിയത്. ഭഗവത്ഗീതയെ കുറിച്ച് പ്രൊഫ. ഭഗവാന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് സംഘ്പരിവാറിനെ ഇദ്ദേഹത്തിനെതിരെ തിരിച്ചത്. ആഗസ്റ്റില്‍ മംഗളൂരുവില്‍ പ്രസ്‌ക്ലബ്ബിലും ഇദ്ദേഹം ബജംറംഗ്ദളിന്റെ കൈയേറ്റത്തിനിരയായിരുന്നു. ദളിത് യുവാവിന്റെ വിരല്‍ ജന്മി അറുത്തെടുത്തതിനെതിരെ ഭഗവാന്‍ ശക്തമായി പ്രതികരിച്ചതും സംഘ്പരിവാര്‍ സംഘടനകള്‍ ഇദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണമായി.