Connect with us

Gulf

വരവറിഞ്ഞ് ചെലവു ചെയ്താല്‍ മനഃസമാധാനം

Published

|

Last Updated

സാമ്പ്രദായിക ബേങ്കുകളുടെ പ്രവര്‍ത്തന രീതി പുനഃപരിശോധനക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ആളുകളെ കടക്കെണിയില്‍പ്പെടുത്തുക എന്നതായിരിക്കുന്നു മിക്ക ബേങ്കുകളുടെയും അടിസ്ഥാന തത്വം. ആവശ്യമില്ലാത്തവരെക്കൊണ്ടും വായ്പ വാങ്ങിപ്പിച്ച് കൊള്ളപ്പലിശ ഈടാക്കി, വഞ്ചിക്കുക എന്നതാണ് സമീപനം. മിക്ക ആളുകളും ചതിക്കുഴിയില്‍ വീണുപോകുന്നു.
കുമിഞ്ഞുകൂടിയിരിക്കുന്ന പണം വെച്ച് ചൂതുകളിക്കുന്ന സാമ്പത്തിക നയം ബേങ്കുകള്‍ നടപ്പാക്കിത്തുടങ്ങിയത് അടുത്തകാലത്താണ്. പണ്ട്, ഇങ്ങനെ ആയിരുന്നില്ല. വായ്പ ലഭിക്കാന്‍ അനേകം നടപടിക്രമങ്ങളുണ്ടായിരുന്നു. ബേങ്കിനും ഇടപാടുകാര്‍ക്കും ഒരേ പോലെ മൂല്യബോധമുണ്ടായിരുന്നു. തിരിച്ചടക്കാന്‍ പ്രാപ്തിയുണ്ടെന്ന് തോന്നുന്നവര്‍ക്കു മാത്രമെ വായ്പ നല്‍കിയിരുന്നുള്ളു. അനിവാര്യ ഘട്ടത്തില്‍ മാത്രമെ ആളുകള്‍ വായ്പ വാങ്ങിയിരുന്നുള്ളു.
ഇന്ന്, വായ്പയും ക്രെഡിറ്റ് കാര്‍ഡ് ശേഖരവുമായി ബേങ്കുകള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ആര്‍ക്കും വായ്പ തരപ്പെടും. ബേങ്കുകളുടെ ഉന്നം കമ്പോളത്തില്‍ പണം യഥേഷ്ടം എത്തിച്ച്, പലിശ വഴി ലാഭമുണ്ടാക്കുക എന്നതാണ്. ഉപഭോക്തൃ സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഇതൊരു പ്രലോഭനം. വരവറിയാതെ ചെലവു ചെയ്യുക, കൂറ്റന്‍ വീടുവെക്കുക, ആഡംബര ഉല്‍പന്നങ്ങള്‍ വാങ്ങുക എന്നിങ്ങനെ പലതരത്തില്‍ പണം വിനിമയം ചെയ്യാം. ഒടുവില്‍ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ വൈകിപ്പോകും. വ്യത്യസ്ത ബേങ്കുകളില്‍ നിന്ന് വായ്പയും ക്രെഡിറ്റ് കാര്‍ഡും തരപ്പെടുത്തി മൂക്കറ്റം കടത്തില്‍ മുങ്ങിയവര്‍ ധാരാളം. ചിലര്‍ നാട്ടിലേക്ക് മടങ്ങി ഒളിച്ചുകഴിയുന്നു. മറ്റു ചിലര്‍ അടുപ്പു പുകക്കാന്‍ വഴി കാണാതെ സങ്കടക്കടലില്‍ നീന്തുന്നു. ഇന്ത്യയില്‍ കടക്കെണിയില്‍ അകപ്പെടുന്ന കര്‍ഷകരുടെ ആത്മഹത്യ ഇന്ന് വാര്‍ത്തപോലുമല്ല. വട്ടിപ്പലിശക്കാരുടെയും ബേങ്കുകളുടെയും സമ്മര്‍ദം താങ്ങാനാവാതെ ജീവിതം ഹോമിച്ചവര്‍ സാമൂഹിക യാഥാര്‍ഥ്യമാണ്. അവര്‍ക്കിടയില്‍ നേരത്തെ തന്നെ ബോധവത്കരണം നടത്തിയിരുന്നെങ്കില്‍ കുറേപേര്‍ രക്ഷപ്പെടുമായിരുന്നു.
ദുരഭിമാനമാണ് ആഡംബര ജീവിതത്തിലേക്ക് നയിക്കുന്നത്. ആവശ്യമില്ലാത്ത പലതും ആളുകള്‍ വാങ്ങിക്കൂട്ടുന്നു. ഒരാള്‍ക്ക് ഒരു മൊബൈല്‍ മതിയെന്നിരിക്കെ, ഇക്കാലത്ത് ഒന്നിലധികം മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ ചുരുങ്ങും. കമ്പോളത്തില്‍ ഓരോ മാസം ഓരോ പുതിയ മൊബൈല്‍ ഫോണ്‍ ഇറങ്ങുന്നു. അതെല്ലാം വാങ്ങിക്കൂട്ടുന്ന ആളുകളില്‍ സമ്പന്നര്‍ മാത്രമല്ല, ഉള്ളത്. ഉപഭോഗ ജ്വരം ബാധിച്ച സാധാരണക്കാരുമുണ്ട്. ഈയിടെ കമ്പോളത്തില്‍ ഇറങ്ങിയ നൂതന ടെലിവിഷന്‍ സെറ്റിന്റെ വില കൊണ്ട് നാട്ടില്‍ ഒരു മണിമാളിക പണിയാന്‍ കഴിയും. സ്വന്തമായി വീടില്ലാത്തവര്‍ പോലും വായ്പ വാങ്ങി, ആ ടെലിവിഷന്‍ സെറ്റിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത്തരം ഉല്‍പന്നങ്ങള്‍ക്കും ബേങ്കില്‍ നിന്ന് വായ്പ ലഭിക്കും.
ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് പണയം വെച്ച് വായ്പ വാങ്ങി, കുടുങ്ങിപ്പോയവരുടെ അനുഭവങ്ങള്‍ ധാരാളം കേട്ടതാണ്. പലരും ജയിലിലകപ്പെട്ടു. യു എ ഇയില്‍ ജയിലില്‍ എത്തിപ്പെടുന്നവരില്‍ ഏറെയും സാമ്പത്തിക ഇടപാടുകളില്‍ “വഞ്ചിച്ച”വരാണ്.
ഇക്കാലത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ വര്‍ഷത്തില്‍ 24 ശതമാനം വരെ പലിശ ഈടാക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് “മോശം” വായ്പാ ഗണത്തില്‍പ്പെടുന്നവയാണ്. ഭവന നിര്‍മാണത്തിനും വാഹനം വാങ്ങുന്നതിനും മറ്റും വായ്പ സ്വീകരിച്ചാല്‍, യഥാവിധി ഉപയോഗപ്പെടുത്തിയാല്‍ ആസ്തിയെങ്കിലും ഉണ്ടെന്ന് പറയാനൊക്കും. എന്നിരുന്നാലും വരവറിഞ്ഞ് ചെലവു ചെയ്യുന്നതാണ് എപ്പോഴും ഉചിതം.

Latest