ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ് പരിശീലനം തുടങ്ങി

Posted on: September 2, 2015 7:46 pm | Last updated: September 2, 2015 at 7:46 pm
ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ് പരിശീലനം തുടങ്ങിയപ്പോള്‍
ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ് പരിശീലനം തുടങ്ങിയപ്പോള്‍

ഷാര്‍ജ: ജനസംഖ്യാ കണക്കെടുപ്പിന്റെ പരീക്ഷണ ഘട്ടം തുടങ്ങി. മജാസ്, റഹ്മാനിയ, ഷാര്‍ജ വ്യാസായ മേഖല, റോള എന്നിവിടങ്ങളിലാണ് ഡിപാര്‍ട്‌മെന്റ് ഓഫ് സ്ട്രാറ്റജിക് ആന്‍ഡ് കമ്യൂണിറ്റി ഡവലപ്‌മെന്റ് പരീക്ഷണാടിസ്ഥാനത്തില്‍ കണക്കെടുപ്പ് തുടങ്ങിയത്. ഔദ്യോഗികമായി ഒക്‌ടോബറിലാണ് കണക്കെടുപ്പ്. സെപ്തംബര്‍ മൂന്ന് മുതല്‍ എല്ലാ കെട്ടിടങ്ങളിലും വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും സെന്‍സസ് സ്റ്റാഫ് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓരോ വീട്ടിലും എത്ര കുടുംബാംഗങ്ങളുണ്ടെന്നും ടെലിഫോണ്‍ നമ്പര്‍ എത്രയാണെന്നും അന്വേഷിച്ചറിയും. എമിറേറ്റ്‌സ് ഐ ഡി കാണിക്കേണ്ടതുണ്ട്. ജനങ്ങളില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്ട്രാറ്റജിക് ഡിപാര്‍ട്‌മെന്റ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അല്‍താനി അറിയിച്ചു. എന്തെക്കെ ബലഹീനതകളാണ് സാങ്കേതികമായി ഉള്ളത് എന്ന് തിരിച്ചറിയാന്‍ പരിശീലന ഘട്ടത്തില്‍ കഴിയും. ഇത് പരിഹരിച്ചുകൊണ്ടാണ് ഒക്‌ടോബറില്‍ ഔദ്യോഗികമായി ജനസംഖ്യാ കണുക്കെടുപ്പ് നടത്തുക. അവരവരുടെ മാതൃഭാഷയില്‍ പ്രതികരിക്കാന്‍ കഴിയുന്ന തരത്തിലാണ് സെന്‍സസ് സ്റ്റാഫിനെ നിയമിച്ചിട്ടുള്ളത്. ജീവനക്കാരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യും. ആറ്, ഏഴ്, പത്ത് തിയ്യതികളിലാണ് ചര്‍ച്ച ചെയ്യുക. ജനസാന്ദ്രത, അടിസ്ഥാന സൗകര്യം, ഭവനം എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാന്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ജനസംഖ്യാ കണക്കെടുപ്പിന് നിര്‍ദേശം നല്‍കിയത്. ഷാര്‍ജയിലെ പദ്ധതി നിര്‍വഹണത്തിന് ഇത് ഗുണം ചെയ്യുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി പറഞ്ഞു.