ബൃഹത് കുടിവെള്ള പദ്ധതി നടപ്പിലായില്ല; വില്ലൂരില്‍ ജല ക്ഷാമം

Posted on: September 2, 2015 12:51 pm | Last updated: September 2, 2015 at 12:51 pm

കോട്ടക്കല്‍: നഗരസഭയുടെ ബൃഹത് കുടിവെള്ള പദ്ധതി ഇനിയും യാഥാര്‍ഥ്യമായില്ല. വില്ലൂരില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. പ്രദേശം ഉള്‍പ്പെടെ കടുത്ത കുടിവെളള ക്ഷാമം നേരിടുന്ന ഭാഗങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇനിയും നടപ്പിലാകാത്തത്.
നടപടികള്‍ വൈകിയതോടെ പ്രദേശം അതിരൂക്ഷമായ ജലക്ഷാമം അനുഭവിക്കുകയാണിപ്പോള്‍. നഗരസഭയിലെ 11,12 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രദേശം. മുനിസിപ്പാലിറ്റിയുടെ ബ്രഹത് കുടിവെള്ള പദ്ധതി നടപ്പിലാക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതിപ്പോഴും നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ പ്രഖ്യാപനം വന്നിട്ട്. സംസ്ഥാന ജല വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലാണെന്നാണ് നഗരസഭ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഉയര്‍ന്ന ഭാഗമായ കല്ലഡപ്പറമ്പ്, ഉദരാണിപ്പറമ്പ്, നരിമട പ്രദേശങ്ങളാണ് കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. പ്രദേശങ്ങളില്‍ കുടിവെള്ള മെത്തിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.