കാഞ്ഞങ്ങാട്ട് സംഘര്‍ഷത്തിന് അയവ്; പ്രതികള്‍ക്ക് വേണ്ടി പരക്കെ റെയ്ഡ്

Posted on: September 2, 2015 3:54 am | Last updated: September 1, 2015 at 7:55 pm

കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം കായക്കുന്നില്‍ സി പി എം പ്രവര്‍ത്തകന്‍ സി നാരായണന്റെ കൊലപാതകത്തെ തുടര്‍ന്ന് അമ്പലത്തറ- ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് അയവ് വന്നു.
കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗം അക്രമങ്ങളെ അപലപിക്കുകയും സമാധാനാന്തരീക്ഷം കൈവരിക്കാനായി രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഇതോടെ വിവിധ പ്രദേശങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ മാറി സാധാരണ നിലയിലേക്കെത്തുകയും ചെയ്തിരുന്നു.
അതിനിടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അമ്പലത്തറ-ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനുകളിലായി 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സി പി എം പ്രവര്‍ത്തകന്‍ കാലിച്ചാനടുക്കം കായക്കുന്നിലെ നാരായണനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരന്‍ അരവിന്ദാക്ഷനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം ഉള്‍പ്പെടെ ഏഴ് കേസുകള്‍ അമ്പലത്തറ പോലീസ്‌സ്റ്റേഷനിലാണ്. ബി ജെ പി പ്രവര്‍ത്തകന്‍ പുഷ്പരാജിനെ കുത്തിപ്പരുക്കേല്‍പ്പിച്ചതിന് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് ഒരു കേസ്.
ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ എട്ട് കേസുകളാണ് ഉള്ളത്. ബി ജെ പി നേതാവ് വിജയകുമാര്‍ നെല്ലിക്കാടിന്റെ സഹോദരന്‍ അശോകന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. രാവണേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നിയമോപദേശം ലഭിച്ചതിന് ശേഷം കേസെടുക്കും.
കൊളവയലിലെ ഗിരിജ ടീച്ചറുടെ വീട് അക്രമിക്കുകയും രണ്ടരപവന്‍ സ്വര്‍ണ്ണാഭരണം നഷ്ടപ്പെടുകയും വീട്ടുസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ സുര്‍ജിത്, വിപിന്‍, സുധീര്‍ ബാബു, സുകേഷ് തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അക്രമ കേസുകളിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിച്ചതായി അറിയുന്നു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാരായണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് കേസിലെ രണ്ടാംപ്രതി ബി ജെപി പ്രവര്‍ത്തകന്‍ പുഷ്പാകരന്‍ പൊലീസ് കാവലില്‍ മംഗളൂരുവില്‍ ചികിത്സയിലാണ്.